Saturday December 03, 2016
Latest Updates

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് നൂറിലധികം ഐറിഷ് കമ്പനികള്‍,ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടിലുംനിക്ഷേപമിറക്കും 

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് നൂറിലധികം ഐറിഷ് കമ്പനികള്‍,ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടിലുംനിക്ഷേപമിറക്കും 

ഡബ്ലിന്‍: ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് നൂറിലധികം ഐറിഷ് കമ്പനികള്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഭൂരിപക്ഷം യൂറോപ്യന്‍ കമ്പനികളും ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ തന്നെ ഐറിഷ് കമ്പനികളാണ് ഇന്ത്യയിലേക്ക് കടക്കാന്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇന്ത്യയില്‍ പുതിയ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതും ഇന്ത്യയിലെ നിക്ഷേപ സൌഹൃദ അന്തരീക്ഷവും യൂറോപ്യന്‍ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഡബ്ലിനില്‍ നടന്ന ഏഷ്യ ബിസിനസ് വീക്കിലാണ് യൂറോപ്യന്‍ കമ്പനികളുടെ ഇന്ത്യന്‍ ആഭിമുഖ്യം സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നത്.ഡബ്ലിന്‍ സിറ്റി കൌണ്‍സിലും,ഡി ഐ റ്റിയും ചേര്‍ന്നാണ് മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടികള്‍ സംഘടിപ്പിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള ഐടി കമ്പനിയായ ഇന്‍ഫോസിസ് ഉള്‍പ്പെടെ പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍ ഏഷ്യാ ബിസിനസ് വീക്കില്‍ പങ്കെടുത്തു.പുതിയ സര്‍ക്കാരിന്റെ അടുത്ത അഞ്ച് വര്‍ഷത്തെ ഭരണകാലം യൂറോപ്യന്‍ കമ്പനികള്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാലയളവില്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കാനാണ് യൂറോപ്യന്‍ കമ്പനികളുടെ തീരുമാനം. 

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം പണം നിക്ഷേപിച്ചിരിക്കുന്നത് യൂറോപ്യന്‍ കമ്പനികളാണ്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് യൂറോപ്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ 198 ബില്യന്‍ യുഎസ് ഡോളറിന്റെ നിക്ഷേപമിറക്കി. ജപ്പാനില്‍ നിന്നും യുഎസില്‍ നിന്നുമുള്ള കമ്പനികള്‍ യഥാക്രമം 138, 50.7 ബില്യന്‍ യുഎസ് ഡോളറിന്റെ നിക്ഷേപവും ഇന്ത്യയില്‍ ഇറക്കി. നിലവില്‍ 30 ഐറിഷ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഉടനടി നൂറ് ഐറിഷ് കമ്പനികള്‍ കൂടി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇതില്‍ ഐടി കമ്പനികള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനികളും ഉള്‍പ്പെടുന്നു. ഐറിഷ് കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടിലെ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.

2013 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട ഉഭയകക്ഷി കരാര്‍ പ്രകാരം ഐ.ടി ,വിദ്യാഭ്യാസം ,ഹെല്‍ത്ത് കെയര്‍,ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നി മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും അയര്‍ലണ്ടും തീരുമാനിച്ചിട്ടുണ്ട്.

റാന്‍ബാക്‌സി ,വാക്ക്ഹാര്‍ഡ്,റിലയന്‍സ് എന്നി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ,എന്നീ ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു.ക്രോംപ്ട്ടന്‍ ഗ്രീവ്‌സും രണ്ട് വ്യത്യസ്ത യൂണിറ്റുകള്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.നൂറു കണക്കിന് ഇന്ത്യന്‍ കമ്പനികളാണ് അയര്‍ലണ്ടില്‍ നിക്ഷേപത്തിനായി പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം കാത്തിരിക്കുന്നതെന്ന് ഡബ്ലിനില്‍ നടന്ന സെമിനാറില്‍ വിഷയമവതരിപ്പിച്ച ഇന്‍ഫോസിസിന്റെ ക്ലൈന്റ് സര്‍വീസ് (ഫിനാന്‍ഷ്യല്‍)മേധാവി ഡെന്നിസ് ഗാഡ വെളിപ്പെടുത്തി.

ഡബ്ലിന്‍ ട്രിനിറ്റിയില്‍ നിന്നും ,ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള എം ബി എക്കാരെ ഇന്‍ഫോസിസ് റിക്രൂട്ട് ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു.

Scroll To Top