Sunday December 11, 2016
Latest Updates

ഇന്ത്യന്‍ മുന്നേറ്റത്തിന് നേതൃത്വമൊരുക്കി അജിത് ഡോവല്‍,പിന്തുണയുമായി മോഡി

ഇന്ത്യന്‍ മുന്നേറ്റത്തിന് നേതൃത്വമൊരുക്കി അജിത് ഡോവല്‍,പിന്തുണയുമായി മോഡി

ന്യൂഡല്‍ഹി: പാകിസ്ഥാനും അവര്‍ വളര്‍ത്തുന്ന ഭീകരര്‍ക്കും ഇന്ത്യ നല്കിയ അപ്രതീക്ഷിത പ്രഹരത്തിന്റെ സൂത്രധാരന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ്. ഉറി ഭീകരാക്രമണത്തിനു ശേഷമുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ചുമതലപ്പെടുത്തിയിരുന്നത് തന്റെ ഏറ്റവും വലിയ വിശ്വസ്തനായ അജിത് ഡോവലിനെയാണ്.

ഉറി ഭീകരാക്രമണം കേന്ദ്ര സര്‍ക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷം മാറ്റിയിരുന്നു. സര്‍ക്കാരിന്റെ കഴിവുകേടിനെ മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി കണക്കറ്റു കളിയാക്കിയിരുന്നു. ഇന്നു പക്ഷേ, അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തെ അതേ ആന്റണിക്കും അദ്ദേഹത്തിന്റെ നേതാവ് സോണിയാ ഗാന്ധിക്കും അഭിനന്ദിക്കേണ്ടി വന്നതും അജിത് ഡോവലിന്റെ മിടുക്കു കൊണ്ടു കൂടിയാണ്.

പാകിസ്ഥാനെതിരേ നയതന്ത്ര തലത്തില്‍ നടപടി എടുക്കുന്നതിനൊപ്പം തന്നെ അവര്‍ക്കൊരു നല്ല ശിക്ഷ നല്കിയേ തീരൂ എന്ന് അജിത് ഡോവല്‍ നിലപാടെടുത്തിരുന്നു. എത്ര കൊണ്ടാലും ക്ഷമിക്കുക എന്ന ഇന്ത്യയുടെ പരമ്പരാഗത നിലപാടില്‍ ഇനി അര്‍ത്ഥമില്ലെന്നും അടിക്ക് തിരിച്ച് അടി കിട്ടുമെന്നു വന്നാലേ പാകിസ്ഥാന്‍ നിലയ്ക്കു നില്‍ക്കൂ എന്നുമായിരുന്നു അജിത് ഡോവലിന്റെ വാദം.

പക്ഷേ, പാകിസ്ഥാന്റെ കൈയില്‍ ആണവായുധമുണ്ടെന്നും അവര്‍ അത് ആദ്യം പ്രയോഗിക്കുമെന്നു പറഞ്ഞിട്ടുണ്ടെന്നും അതു മറക്കരുതെന്നും വിദേശ മന്ത്രാലയത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഒരു വിഭാഗം ഉന്നതര്‍ നിലപാടെടുത്തു. ഇതിനെയും ഡോവല്‍ ഖണ്ഡിച്ചു. പാകിസ്ഥാന് ഉള്ളതിലും എത്രയോ ഇരട്ടി ആണവായുധം ഇന്ത്യയുടെ കൈയിലുണ്ട്. പാകിസ്ഥാനെ ചാമ്പലാക്കാന്‍ ശേഷി ഇന്ത്യയ്ക്കുണ്ടെന്നിരിക്കെ അത്തരമൊരു സാഹസത്തിന് അവര്‍ മുതിരില്ലെന്നും ഇപ്പോള്‍ തിരിച്ചടി കൊടുക്കാന്‍ പറ്റിയ സമയമാണെന്നും ഡോവല്‍ വാദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ വാദം അംഗീകരിച്ചു. അതിര്‍ത്തി കടന്ന് ആക്രമിക്കുക തന്നെ വേണമെന്ന നിലപാടിലായിരുന്നു മൂന്നു സേനാ മേധാവികളും. തിരിച്ചടിക്കാന്‍ ശേഷിയുണ്ടായിട്ടും രാഷ്ട്രീയ അനുമതി കിട്ടാത്തതിനാല്‍ എന്നും ഇന്ത്യന്‍ സൈനികര്‍ക്കു പത്തി മടക്കേണ്ടി വന്നിട്ടുണ്ടെന്നു ഇതു സേനയും വീര്യവും അന്തസ്സും കെടുത്തുന്നുണ്ടെന്നും സേനാ മേധാവികളും നിലപാടെടുത്തു. സര്‍വസൈന്യാധിപനായ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പാകിസ്ഥാന് ഒരു ശിക്ഷ കൊടുക്കാന്‍ സമയം അതിക്രമിച്ചു എന്ന നിലപാടായിരുന്നു. ഇതോടെ, അജിത് ഡോവലിനു മുന്നില്‍ പച്ച സിഗ്‌നല്‍ തെളിയുകയായിരുന്നു. ്ഒരു പിഴവു പോലും വരുത്താതെ അദ്ദേഹം ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു.

ദൗത്യം വിജയമായിരുന്നുവെന്നും ഇനി പാകിസ്ഥാനില്‍ കടന്ന് ആക്രമിക്കില്ലെന്നും സൈന്യം പറയുക കൂടി ചെയ്തതോടെ സംഘര്‍ഷം മൂര്‍ഛിക്കാതെ നോക്കാനുമായി.

Scroll To Top