Saturday December 10, 2016
Latest Updates

ഇന്ത്യന്‍, ചൈനീസ് ഭാഷകള്‍ക്കെതിരെയും ,മുസ്ലീമുകള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ പ്രചരണം :ഐറിഷ് വോയിസിനെതിരെ ഇമിഗ്രന്റ് കൗണ്‍സില്‍

ഇന്ത്യന്‍, ചൈനീസ് ഭാഷകള്‍ക്കെതിരെയും ,മുസ്ലീമുകള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ പ്രചരണം :ഐറിഷ് വോയിസിനെതിരെ ഇമിഗ്രന്റ് കൗണ്‍സില്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഭാവിയില്‍ ബുര്‍ഖ യൂണിഫോം ആയി സ്‌കൂള്‍ കുട്ടികള്‍ ധരിക്കേണ്ടി വരുമോ ?അങ്ങനെ പേടിക്കുന്ന ഒരുപാട് പേര്‍ അയര്‍ലണ്ടില്‍ ഉണ്ടെന്നാണ് ചില സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഗള്‍ഫ് ,ആഫ്രിക്കന്‍ മേഖലകളില്‍ നിന്നുള്ള മുസ്ലീം കുടിയേറ്റം ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നതിന് അനുസരിച്ചു തന്നെ മുസ്ലീം വിരുദ്ധ മനോഭാവവും അയര്‍ലണ്ടില്‍ വര്‍ദ്ധിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി സോഷ്യല്‍ മീഡിയകളിലൂടെയുള്ള വംശീയ അക്രമങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നിറഞ്ഞത് ഐറിഷ് വോയ്‌സ് എന്ന ഫേസ്ബുക്ക് പേജാണ്. ഐറിഷ് വോയ്‌സില്‍ മുസ്ലീം കമ്മ്യൂണിറ്റികളെ അടച്ചാക്ഷേപിച്ചുകൊണ്ടുള്ള തരത്തില്‍ പോസ്റ്റുകളും കമന്റുകളും വരുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് (ഐസിഐ) ഗാര്‍ഡയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ നവംബറില്‍ ഉണ്ടാക്കപ്പെട്ട പേജിന് ഇതിനകം തന്നെ ആയിരത്തില്‍പ്പരം ലൈകുകള്‍ കിട്ടിക്കഴിഞ്ഞു. മാധ്യമങ്ങളില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പേജില്‍ വന്ന ഫോട്ടോകളില്‍ അധികവും ബുര്‍ക്ക അണിഞ്ഞിരിക്കുന്ന സ്ത്രീകളുടേതാണെന്നാണ്. അതിനു താഴെ തങ്ങളുടെ ഭാവി യൂനിഫോം എന്ന രീതിയിലുള്ള കമന്റുകളും ഉണ്ടായിരുന്നു.

ഒട്ടേറെ വിവാദ പരാമര്‍ശങ്ങളും ഫോട്ടോകളും പേജില്‍ പോസ്റ്റുചെയ്തിട്ടുണ്ടെന്നതായിരുന്നു ഐസിഐ കണ്ടെത്തിയത്.

പേജ് അഡ്മിനിസ്‌ട്രേറ്റര്‍ മറ്റൊരു നിര്‍ദ്ദേശം കൂടി പേജില്‍ കമന്റിടുന്നവര്‍ക്കു മുന്നിലേക്ക് വച്ചിട്ടുണ്ട്. പേജില്‍ കമന്റിടുന്നത് ഇംഗ്ലീഷ്, ഐറിഷ് തുടങ്ങി രണ്ടു ഭാഷകളിലാവണം. അതിന് കാരണമായി പറയുന്നത് അയര്‍ലണ്ടില്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന രണ്ട് ഭാഷകളാണ് അവ, ‘ഐറിഷ് വോയ്‌സ്’ എന്നാല്‍ അയര്‍ലണ്ടിന്റെ ശബ്ദമാണെന്നും അതിനാല്‍ ഇവിടെ ഉപയോഗിക്കുന്ന ഭാഷകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നു.

ഇത്തരത്തില്‍ നിര്‍ദ്ദേശം വച്ചതിനാല്‍ തന്റെ പേജ് ചില ‘വിഡ്ഢിപ്പരിഷകള്‍’ ആക്രമിക്കുന്നുണ്ടെന്നും, മറ്റൊരു ഭാഷയും തനിക്കറിയില്ല, അതിനാല്‍ തന്നെ തനിക്ക് കമന്റുകള്‍ക്ക് മറുപടി നല്‍കണമെങ്കില്‍ ഈ രണ്ട് ഭാഷ തന്നെ കമന്റില്‍ വരണമെന്നും അല്ലാത്ത പക്ഷം കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെടുമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ വിശദമാക്കുന്നു.

ഫേസ്ബുക്ക് അഡ്വര്‍ടൈസ്‌മെന്റുകള്‍ക്കായി താന്‍ പണം ചിലവാക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ തന്റെ പേജില്‍ ഏതൊക്കെ ഭാഷകള്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കാനും തനിക്കവകാശമുണ്ടെന്നും അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി. തങ്ങളുടെ ഭാവി തലമുറ ഇന്ത്യന്‍ ഭാഷയും,ചൈനിസ് ഭാഷയും സംസാരിച്ച് ശീലിക്കുന്നത് കാണാതിരിക്കണമെങ്കില്‍ ഈ രണ്ട് ഭാഷകള്‍ തന്നെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പേജില്‍ ഇട്ടിരിക്കുന്ന ഒരു പോസ്റ്റില്‍ പറഞ്ഞിട്ടിണ്ട്.

വംശീയ ആക്രമണങ്ങള്‍ പല തരത്തിലും നടക്കുന്നുണ്ടെങ്കിലും ഈയിടെയായി ആക്രമങ്ങളില്‍ 12ശതമാനത്തോളം നടക്കുന്നത് ഇത്തരം സോഷ്യല്‍ മീഡിയകള്‍ വഴിയാണ്.

ഈ പ്രശ്‌നങ്ങള്‍ ഐസിഐ വളരെ ഗൗരവകരമായി എടുത്തിട്ടുണ്ടെന്ന് വക്താവ് ജെറി ഒ’കോണര്‍ പറഞ്ഞു.
പേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാനും ഐ സി ഐ ഗാര്‍ഡയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന വാര്‍ത്തകളെക്കുറിച്ചും ഫേസ്ബുക്ക് പേജില്‍ ഇതിനകം തന്നെ പ്രതികരണങ്ങളും വന്നു കഴിഞ്ഞു. വാര്‍ത്തകളില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങളെ പൂര്‍ണ്ണമായും എതിര്‍ത്തുകൊണ്ടാണ് അഡ്മിനിസ്‌ട്രേറ്റര്‍ വാര്‍ത്തകള്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാര്‍ത്തകളില്‍ പറഞ്ഞത് പോലുള്ള പോസ്റ്റുകള്‍ തന്റെ പേജില്‍ ഉണ്ടായിട്ടില്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ വാദിക്കുന്നു.

Scroll To Top