Tuesday December 06, 2016
Latest Updates

ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ കാറുകളുടെ വില കുറയും

ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ കാറുകളുടെ വില കുറയും

ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ കാറുകളുടെ വില കുറയും. കഴിഞ്ഞ ബഡ്ജറ്റില്‍ കേന്ദ്രധനമന്ത്രി എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ കാറിന് വില കുറഞ്ഞിരുന്നു. എന്നാല്‍ ഈ മാസം ഒന്ന് മുതല്‍ വീണ്ടും വില വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ വില വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കാറുകളുടെ വില്പ്പന കുറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കാറുകളുടെ വില കുറയ്ക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്.

മാരുതി സുസുക്കി, ടൊയോട്ട കിര്‍ലോസ്‌കര്‍, ഹ്യൂണ്ടായ്, ടാറ്റാ മോട്ടോഴ്‌സ്, ഫോര്‍ഡ് മോട്ടോഴ്‌സ് തുടങ്ങി ഇന്ത്യന്‍ വിപണിയിലെ പ്രമുഖ കമ്പനികള്‍ എല്ലാം പഴയ വിലയില്‍ വില്പ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹോണ്ട കാര്‍ ഇന്ത്യ എന്നീ കമ്പനികളുടെ കാറുകള്‍ കൂടിയ വിലയില്‍ തന്നെയാകും വില്‍ക്കുക. ആഭ്യന്തര വിപണിയില്‍ കാര്‍ വില്പന കഴിഞ്ഞമാസം ഏഴ് ശതമാനം കുറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണു കമ്പനികള്‍ വീണ്ടും വില കുറച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമം ആരംഭിച്ചത്.

ആകെ 2.38 ലക്ഷം കാറുകളാണ് കഴിഞ്ഞമാസം വിറ്റുപോയത്. അതേസമയം നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച കമ്പനികള്‍ പറയുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹോണ്ട എന്നീ കമ്പനികളാണ് വില വര്‍ദ്ധനവിനെ അനുകൂലിക്കുന്നത്. ഹോണ്ട സിറ്റിയുടെ സെഡാന്‍ മോഡലിന്റെ പെട്രോള്‍ പതിപ്പിന് 10,000 രൂപയും ഡീസല്‍ പതിപ്പിന് 11,000 രൂപയുമാണ് ഹോണ്ട വര്‍ദ്ധിപ്പിച്ചത്. മഹീന്ദ്ര വാഹനങ്ങള്‍ക്ക് ഒന്ന് മുതല്‍ ഒന്നര ശതമാനം വരെയാണ് വില വര്‍ദ്ധന.

Scroll To Top