Saturday December 10, 2016
Latest Updates

ഇന്ത്യക്ക് ലോകകപ്പ് നിലനിര്‍ത്താന്‍ കഴിയുമെന്ന് മഥന്‍ ലാല്‍, ബൗളര്‍മാര്‍ അത്ഭുതപ്പെടുത്തിയെന്ന് ഗാംഗുലി

ഇന്ത്യക്ക് ലോകകപ്പ് നിലനിര്‍ത്താന്‍ കഴിയുമെന്ന് മഥന്‍ ലാല്‍, ബൗളര്‍മാര്‍ അത്ഭുതപ്പെടുത്തിയെന്ന് ഗാംഗുലി

ഗ്രേറ്റര്‍ നോയിഡ, പെര്‍ത്ത് : ഇന്ത്യക്ക് 99 ശതമാനവും ലോകകപ്പ് ടൈറ്റില്‍ നിലനിര്‍ത്താനുള്ള സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഥന്‍ ലാല്‍. ഇന്ത്യന്‍ മണ്ണിലേക്ക് ആദ്യമായി ലോകകപ്പ് കൊണ്ടുവന്ന ടീമിലുണ്ടായിരുന്ന കളിക്കാരനാണ് മഥന്‍ ലാല്‍. ഇന്ത്യ നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നത് നിലവാരമുള്ള കളികളാണെന്നും, കഴിഞ്ഞ കുറേക്കാലത്തിനിടയിലെ ഏറ്റവും മികച്ച കളികളാണിവയെന്നും മഥന്‍ ലാല്‍ പറഞ്ഞു.

’99 ശതമാനവും ലോകകപ്പ് പട്ടം നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധ്യതയുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അവര്‍ക്ക് പിഴച്ചാല്‍ അത് അവരുടെ തന്നെ കുറ്റം കൊണ്ടായിരിക്കും. ഇതുവരെയുള്ള അവരുടെ കളികളില്‍ അവരെ അഭിനന്ദിക്കാതിരിക്കാന്‍ സാധിക്കില്ല’ മഥന്‍ പറഞ്ഞു.

ഇന്ത്യ ലോകകപ്പ് ക്യാംപെയിന്‍ ആരംഭിച്ചത് തന്നെ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ചു കൊണ്ടായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ കനത്ത തോല്‍വികള്‍ ഏറ്റുവാങ്ങി പരമ്പരയും നഷ്ടപ്പെട്ട് ആത്മവിശ്വാസം ചോര്‍ന്ന് നിന്നിരുന്ന ടീമിന് ഊര്‍ജം പകരുന്നതായിരുന്നു പാക്കിസ്ഥാനെതിരായിട്ടുള്ള വിജയം. പിന്നീട് ഇങ്ങോട്ടുള്ള മത്സരത്തില്‍ കരുത്തന്മാരായ ദക്ഷിണാഫ്രിക്കയെയും, വെസ്റ്റിന്‍ഡീസിനെയും, യുഎഇയെയും ഇന്ത്യ തോല്‍പ്പിച്ചു.

നിലവില്‍ എട്ട് ലോകകപ്പ് മത്സരങ്ങള്‍ അടുപ്പിച്ച് ജയിച്ചാണ് ഇന്ത്യ നില്‍ക്കുന്നത്. ഇന്ത്യ തന്നെ മുന്‍പ് കുറിച്ച റെക്കോര്‍ഡിനൊപ്പമാണിത്. ഇന്ത്യയുടെ അടുത്ത മത്സരം അയര്‍ലണ്ടിനെതിരെയാണ്. ഈ മത്സരത്തില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ അടുപ്പിച്ച് ഒമ്പത് ലോകകപ്പ് മത്സരങ്ങള്‍ ജയിക്കുന്ന ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്കൊപ്പം ചേരും.

ഇന്ത്യന്‍ ടീം ബൗളിംഗും ബാറ്റിംഗും ഫീല്‍ഡിംഗുമടക്കം എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും മികച്ച പ്രകടനമാണ് കാഴ്ച്ച വെയ്ക്കുന്നതെന്നും മഥന്‍ പറഞ്ഞു.

അതിനിടെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് പര്യടനം തുടങ്ങിയപ്പോള്‍ ഏറ്റവും അധികം വിമര്‍ശനം നേരിട്ട ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു ബൗളിംഗ്. ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമി, മോഹിത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, സ്റ്റുവര്‍ട്ട് ബിന്നി, സ്പിന്നര്‍മാരായ ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെയ്ക്കുന്നത്.

Scroll To Top