Monday December 05, 2016
Latest Updates

ഇന്ത്യക്കാരില്‍ ജോണ്ടിസ് ബാധ തിരിച്ചറിയാന്‍ പ്രയാസമെന്ന് ഡോക്ടര്‍ പറഞ്ഞതായി ധാര കിവ്‌ലിഹാന്റെ ഭര്‍ത്താവ്

ഇന്ത്യക്കാരില്‍ ജോണ്ടിസ് ബാധ തിരിച്ചറിയാന്‍ പ്രയാസമെന്ന് ഡോക്ടര്‍ പറഞ്ഞതായി ധാര കിവ്‌ലിഹാന്റെ ഭര്‍ത്താവ്

സ്ലൈഗോ : പ്രസവത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി ധാര കിവ്‌ലിഹാന്‍ മരിച്ച സംഭവത്തില്‍ വിചാരണ പുരോഗമിക്കുന്നു. പ്രസവത്തെ തുടര്‍ന്ന് കരളും കിഡ്‌നിയും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് ധാര മരണമടഞ്ഞത്. അതേസമയം ഇന്ത്യക്കാരില്‍ ജോണ്ടിസ് ബാധ(മഞ്ഞപ്പിത്തം) തിരിച്ചറിയാന്‍ പ്രയാസമാണെന്ന് ഡോക്ടര്‍ പറഞ്ഞതായി വിചാരണയില്‍ മൊഴി നല്‍കിയ ധാരയുടെ ഭര്‍ത്താവ് മൈക്കല്‍ കിവ്‌ലിഹാന്‍ പറഞ്ഞു. 2010 സെപ്റ്റംബര്‍ 28 ന് ബെല്‍ഫാസ്റ്റിലെ റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ വച്ചാണ് ധാര മരണമടഞ്ഞത്. 

രക്തപരിശോധനയില്‍ കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം സാധാരണ നിലയിലല്ലെന്ന് തിച്ചറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ വിദഗ്ദ ചികിത്സ നല്‍കിയില്ലെന്ന് കിവ്‌ലിഹാന്‍ ആരോപിച്ചു, ധാരയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ തനിക്കും ഏക മകനും നീതി ലഭിക്കണമെന്നും കിവ്‌ലിഹാന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കാരിക്ക് ഓ ഷനനിലെ കോടതിയിലാണ് വിചാരണ നടക്കുന്നത്. ധാരയെ ആദ്യം പ്രവേശിപ്പിച്ചിരുന്ന സ്ലൈഗോ ആശുപത്രിയിലെ ചികിത്സാ വീഴ്ചകളും അന്വേഷിക്കണമെന്ന് കിവ്‌ലിഹാന്‍ ആവശ്യപ്പെട്ടു. തന്റെ പ്രിയപ്പെട്ട ഭാര്യയുടെ മരണത്തോടെ തന്റെ ജീവിതത്തിലെ വിളക്ക് അണഞ്ഞതായും ദുഖിതനായ കിവ്‌ലിഹാന്‍ കോടതിയില്‍ പറഞ്ഞു. 

ഈ മാസം 28 ന് ധാരയുടെ നാലാം ചരമ വാര്‍ഷികമാണ്. അന്വേഷണം ഇത്രയും നീണ്ടുപോയതില്‍ കിവ്‌ലിഹാന്‍ കോടതിയെ അതൃപ്തി അറിയിച്ചു. പ്രസവത്തിന് മുന്‍പ് തന്നെ ധാരയ്ക്ക് ജോണ്ടിസ് ബാധിച്ചിരുന്നതായി കിവ്‌ലിഹാന്‍ കോടതിയില്‍ പറഞ്ഞു. പ്രസവത്തിന് മുന്‍പ് തന്നെ ധാരയുടെ ശരീരമാസകലം മഞ്ഞ കളറായിരുന്നു. പ്രസവത്തിന് ശേഷം ധാരയെ ഐസിയുവിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും മറ്റേണിറ്റി വാര്‍ഡിലേക്ക് തന്നെയാണ് മാറ്റിയതെന്നും കിവ്‌ലിഹാന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതിന് ശേഷമാണ് ധാരയെ ബെല്‍ഫാസ്റ്റിലെ ആശുപത്രിയിലേക്ക് മാറ്റിയത്. 

Scroll To Top