Tuesday December 06, 2016
Latest Updates

ഇന്ത്യക്കാരന്‍ പല്ലോന്‍ജി മിസ്ത്രിയുടെ റെക്കോഡ് ഇനി പഴങ്കഥയാകുമോ ?; ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ അയര്‍ലണ്ടിലേക്ക്

ഇന്ത്യക്കാരന്‍ പല്ലോന്‍ജി മിസ്ത്രിയുടെ റെക്കോഡ് ഇനി പഴങ്കഥയാകുമോ ?; ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ അയര്‍ലണ്ടിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍ പല്ലോന്‍ജി മിസ്ത്രിയുടെ റെക്കോഡ് ഇനി പഴങ്കഥയാകുമെന്ന സംശയത്തിലാണ് അദ്ദേഹത്തിന്റെ ഐറിഷ് ആരാധകര്‍.വര്‍ഷങ്ങളായി അയര്‍ലണ്ടിലെ ഏറ്റവും അധികം ആസ്തിയുള്ള പൌരനാണ് ടാറ്റാ ഗ്രൂപ്പിന്റെ അധിപന്‍ സൈറസ് മിസ്ത്രിയുടെ പിതാവ് കൂടിയായ പല്ലൊന്‍ജി.മുംബൈയിലാണ് താമസമെങ്കിലും ഇദ്ദേഹം പൗരന്‍ എന്ന നിലയില്‍ അയര്‍ലണ്ടിന്റെ പട്ടികയിലാണ് പെടുന്നത്. 

പല്ലോന്‍ജിയുടെ സ്ഥാനത്തിനു വെല്ലുവിളി ഉയര്‍ത്തി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ലി കാ ഷിംഗ് അയര്‍ലണ്ടിലേക്ക് വരുന്നു എന്ന് തീര്‍ച്ചയായി കഴിഞ്ഞു.ഹച്ചിസന്‍ ടെലികോം കമ്പനിയുടെ ഉടമയായ ഷിംഗ് ടെലികോം മേഖലയില്‍ നിക്ഷേപമിറക്കാനാണ് അയര്‍ലണ്ടിലേക്ക് വരുന്നത്. അദ്ദേഹം 5 ബില്യന്‍ ഡോളറിന്റെ (3.8 ബില്യന്‍ യൂറോ) നിക്ഷേപം രാജ്യത്ത് ഇറക്കും. അയര്‍ലണ്ടില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി അവാസ് എന്ന എയര്‍ക്രാഫ്റ്റ് കമ്പനിയുമായി ഷിംഗ് കരാരിലേര്‍പ്പെടും.

വിമാനങ്ങള്‍ വാടകയ്ക്ക് നല്കുന്ന കമ്പനിയാണ് അവാസ്. 50 രാജ്യങ്ങളിലാണ് നൂറിലധികം എയര്‍ലൈന്‍ കമ്പനികള്‍ അവാസിന്റെ വിമാനങ്ങള്‍ വാടകക്ക് എടുത്ത് സര്‍വീസ് നടത്തുന്നുണ്ട്. ഇവരുടെ നൂറു വിമാനങ്ങള്‍ വാങ്ങാനാണ് ഷിംഗ് പദ്ധതിയിടുന്നത്. 11 ബില്യന്‍ ഡോളര്‍ വരുമാനമുള്ള വമ്പന്‍ കമ്പനിയാണ് അവാസ്. 2016 ഓടെ കമ്പനിയുടെ വരുമാനം 17 ബില്യന്‍ ഡോളറായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇത് ആദ്യമായല്ല ലി കാ ഷിംഗ് ഐറിഷ് കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഈ വര്‍ഷം തന്നെ ഷിംഗിന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി ഹച്ചിസന്‍ അയര്‍ലണ്ടിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഒ2 അയര്‍ലണ്ടിന്റെ ഓഹരികള്‍ വാങ്ങിയിരുന്നു. 850 മില്യന്‍ യൂറോയുടെതായിരുന്നു ഈ ഇടപാട്. ഐറിഷ് വ്യോമയാന മേഖലയിലെ 5 ബില്യന്‍ ഡോളറിന്റെ നിക്ഷേപം 2010 ന് ശേഷം കമ്പനി ഏര്‍പ്പെടുന്ന ഏറ്റവും വലിയ കരാറാണ്.


Scroll To Top