Monday December 05, 2016
Latest Updates

ഇനി ശമ്പളത്തില്‍ നിന്നും നേരിട്ട് നികുതി പിടിയ്ക്കുമെന്ന് കേരള സര്‍ക്കാര്‍ 

ഇനി ശമ്പളത്തില്‍ നിന്നും നേരിട്ട് നികുതി പിടിയ്ക്കുമെന്ന് കേരള സര്‍ക്കാര്‍ 

കൊച്ചി :കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നേരിട്ട് ആദായ നികുതി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.സര്‍ക്കാര്‍ ജീവനക്കാര്‍ യഥാര്‍ഥത്തിലുള്ള ആദായ നികുതി അടയ്ക്കുന്നില്ലെന്നുള്ള ആക്ഷേപത്തെ തുടര്‍ന്നാണിത് .ഇതനുസരിച്ച് മാര്‍ച്ചിലെ ശമ്പള ബില്ലിനോടൊപ്പം പ്രതീക്ഷിത വരുമാനത്തിന്റെ സ്‌റ്റേറ്റ്‌മെന്റ് എല്ലാ എസ്.ഡി.ഒമാരും അവര്‍ ശമ്പളം മാറുന്ന ട്രഷറിയില്‍ ഏല്‍പ്പിക്കണം.വലിയൊരു വിഭാഗത്തിന്റെ എതിര്‍പ്പ് നേരിടേണ്ടി വരുമെങ്കിലും പദ്ധതി ഉടനടി നടപ്പാക്കാനാണ് ധനവകുപ്പിന്റെ തീരുമാനം 

ഗസറ്റഡ് ഓഫീസര്‍മാരല്ലാത്ത ജീവനക്കാര്‍ അതത് ഓഫീസിലെ ഡി.ഡി.ഒ. മാരുടെ പക്കല്‍ മേല്‍പ്പറഞ്ഞ സ്‌റ്റേറ്റ്‌മെന്റ് നല്‍കണം. സാമ്പത്തിക വര്‍ഷം ലഭ്യമാകുന്ന അടിസ്ഥാന ശമ്പളം, അലവന്‍സ്, പെര്‍ക്വസൈറ്റ്‌സ് ഉള്‍പ്പെടെയുള്ള മൊത്ത ശമ്പളം കണക്കാക്കണം. ഇതില്‍ നിന്നു സെക്ഷന്‍ 80 സി മുതല്‍ യു വരെയുള്ള കിഴിവുകള്‍, ഭവന വായ്പയുടെ പലിശ എന്നിവയും തൊഴില്‍ നികുതിയും കുറച്ചുള്ള വരുമാനത്തിനാണു നികുതി കണക്കാക്കേണ്ടത്.

പ്രതീക്ഷിത വരുമാനത്തിന്റെ സ്‌റ്റേറ്റ്‌മെന്റ് അനുസരിച്ച് സാമ്പത്തിക വര്‍ഷം ഒടുക്കേണ്ട ആദായ നികുതിയുടെ പന്ത്രണ്ടിലൊന്നു ഭാഗം വീതം ഓരോ മാസത്തെയും ശമ്പള ബില്ലില്‍ കുറവു ചെയ്യേണ്ടതാണ്. സ്രോതസില്‍ നിന്ന് ആദായ നികുതി പിടിക്കാതിരുന്നാല്‍ മാസം തോറും ഒരു ശതമാനവും പിടിച്ച നികുതി അടയ്ക്കാതിരുന്നാല്‍ ഒന്നര ശതമാനവും പലിശ നല്‍കണം. 

നികുതി പിടിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയോ പിടിച്ച തുകയില്‍ കുറവു വരുത്തുകയോ ചെയ്താല്‍ പിഴ ചുമത്താം. എസ്.ഡി.ഒ.യുടെ ശമ്പളത്തില്‍ നിന്നു ടി.ഡി.എസ് പിടിക്കേണ്ട ചുമതല ട്രഷറി ഓഫീസറും മറ്റുള്ള ജീവനക്കാരുടെ കാര്യത്തില്‍ അതത് ഓഫീസിലെ ഡി.ഡി.ഒ. മാരുമാണു നിര്‍വഹിക്കേണ്ടത്. ജീവനക്കാരന്റെ ശമ്പളമോ കുടിശികയോ മറ്റ് അലവന്‍സുകളോ മൂലം മൊത്ത വരുമാനത്തില്‍ വര്‍ധനയുണ്ടാകുമ്പോള്‍, പ്രതീക്ഷിത വരുമാനത്തിന്റെ സ്‌റ്റേറ്റ്‌മെന്റ് ജീവനക്കാരന്‍ പുതുക്കി നല്‍കണം. പുതുക്കിയ തോതിലുള്ള ആദായ നികുതി ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നും തുടര്‍ന്നുള്ള മാസങ്ങളിലായി ബന്ധപ്പെട്ട ഡി.ഡി.ഓ. അല്ലെങ്കില്‍ ട്രഷറി ഓഫീസര്‍ ഈടാക്കേണ്ടതുമാണ്. 

നികുതി കൃത്യമായി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ ആദായ നികുതി വകുപ്പ് ചുമത്തുന്ന പിഴ പലിശ അടയ്ക്കണം. ടി.ഡി.എസ്. യഥാസമയം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും റിക്കവറി ഇല്ലാതെ ശമ്പളം വിതരണം ചെയ്യുന്ന ട്രഷറി ഓഫീസര്‍ക്കെതിരേയും കര്‍ശനമായ അച്ചടക്ക നടപടി കൈക്കൊള്ളുന്നതാണെന്നും ധനവകുപ്പിന്റെ ഉത്തരവിലുണ്ട്.

Scroll To Top