Monday December 05, 2016
Latest Updates

ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ്; ഞായര്‍ ഡ്രൈഡേ

ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ്; ഞായര്‍ ഡ്രൈഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് ലഭിക്കൂ. ഇന്നലെ തിരുവനന്തപുരത്ത് കൂടിയ യുഡിഎഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. നിലവില്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി അടച്ചു പൂട്ടാന്‍ തീരുമാനമെടുത്തു. നിലവില്‍ അടഞ്ഞു കിടക്കുന്ന 418 ബാറുകള്‍ തുറക്കേണ്ടതില്ലെന്നും യുഡിഎഫ് യോഗം തീരുമാനിച്ചു.

നിലവിലുള്ള ഡ്രൈഡേകള്‍ കൂടാതെ എല്ലാ ഞായറാഴ്ചയും ഡ്രൈഡേ ആയി പ്രഖ്യാപിക്കാനും തീരുമാനിച്ചു. മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരുന്നതിനാണ് ഈ തീരുമാനം. പത്ത് ശതമാനം ബിവറേജസ് ഔട്ട് ലെറ്റുകള്‍ വീതം എല്ലാ വര്‍ഷവും അടച്ചു പൂട്ടാനും തീരുമാനിച്ചു. ബാറുകള്‍ പൂട്ടുന്നതിലൂടെ തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് സ്വയം തൊഴില്‍ തുടങ്ങാന്‍ സര്‍ക്കാര്‍ സഹായം ചെയ്യും. പുതിയ മദ്യനയം ഏപ്രില്‍ 1 നു നിലവില്‍ വരും. മദ്യനയം ഈ മാസം 26 ന് കോടതിയെ അറിയിക്കും.

ഇതോടെ ബാര്‍ വിഷയത്തില്‍ മാസങ്ങളായി ഉണ്ടായിരുന്ന ഭിന്നതകള്‍ക്ക് താല്‍ക്കാലിക പരിഹാരമായി. എല്ലാ ഘടകകക്ഷികളും പങ്കെടുത്ത യോഗത്തില്‍ ബാറുകള്‍ തുറക്കേണ്ടതിലെന്ന അഭിപ്രായത്തെ ഏവരും പിന്തുണച്ചു. നേരത്തെ പ്രായോഗികതയുടെ പേരില്‍ ബാര്‍ തുറക്കണമെന്ന നിലപാടില്‍ നിന്ന് മുഖ്യമന്ത്രിയും എസ്‌ക്‌സൈസ് മന്ത്രിയും പിന്‍വാങ്ങുകയായിരുന്നു.

Scroll To Top