Friday December 09, 2016
Latest Updates

ഇനി നമുക്ക് ചരിത്രം സൃഷ്ട്ടിക്കാം …

ഇനി നമുക്ക് ചരിത്രം സൃഷ്ട്ടിക്കാം …

അയര്‍ലണ്ടിന്റെ അഭിമാനമുയര്‍ത്തി ഒരു സെന്റ് പാട്രിക് ദിനം കൂടി കടന്നു പോയി. തങ്ങളുടെ ഐറിഷ് വേരുകള്‍ തിരയുന്ന അമേരിക്കക്കാരും ഓസ്‌ട്രേലിയക്കാരും ഉള്‍പ്പെടെ നിരവധി രാജ്യക്കാരാണ് ഇത്തവണ സെന്റ് പാട്രിക് ദിനം ആഘോഷിക്കാന്‍ അയര്‍ലണ്ടില്‍ എത്തിയത്. അമേരിക്ക ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്ത്യ ആയിരങ്ങള്‍ക്ക് തങ്ങളുടെ ഐറിഷ് പാരമ്പര്യത്തിലേക്കുള്ള മടങ്ങി വരവ് കൂടി ആയിരുന്നു സെന്റ് പാട്രിക് ദിനം. 2014 ലെ ഗ്രാന്‍ഡ് മാര്‍ഷല്‍ സ്റ്റീഫന്‍ റോഷേ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സെന്റ് പാട്രിക് ദിനവുമായി ബന്ധപ്പെട്ട തങ്ങളുടെ ഓര്‍മ്മകള്‍ ഗൃഹാതുരത്വത്തോടെ പങ്കുവെച്ചു.

താന്‍ കുട്ടിയായിരിക്കുമ്പോള്‍ പിതാവിന്റെ തോളത്ത് ഇരുന്ന് സെന്റ് പാട്രിക് ദിന പരേഡ് കണ്ടതിന്റെ ഓര്‍മകളാണ് സ്റ്റീഫന്‍ പങ്കുവെച്ചത്. സെന്റ് പാട്രിക് ദിനത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പം തന്റെ ജീവിതവുമായും കരിയറുമായും ബന്ധപ്പെട്ട നിരവധി മധുര സ്മരണകള്‍ അയര്‍ലണ്ടുമായി ബന്ധപെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കായികതാരങ്ങള്‍ക്കുള്ള അയര്‍ലണ്ടിലെ പരമോന്നത ബഹുമതിയായ ഹാള്‍ ഓഫ് ഫെയിമില്‍ സ്റ്റീഫന്‍ റോഷേയെ ഉള്‍പ്പെടുത്തിയിരുന്നു. കായിക രംഗത്ത് തനിക്ക് ലഭിച്ച ഇത്തരം നേട്ടങ്ങള്‍ കൂടി വിശദീകരിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.

നമുക്ക് ചരിത്രം സൃഷ്ടിക്കാം എന്ന തീമിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ സെന്റ് പാട്രിക് ദിനാഘോഷ ചടങ്ങുകള്‍ നടത്തിയത്. വാട്ടര്‍ഫോര്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്‌പ്രോയ് എന്ന കമ്പനിയാണ് സെന്റ് പാട്രിക് ദിന പരേഡ് വര്‍ണ്ണാഭമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ക്ലോന്ടാര്‍ഫ് യുദ്ധ രംഗത്ത് നിന്നുള്ള ദൃശ്യങ്ങളും പരേഡിനായി ഒരുക്കിയിരുന്നു. പടയാളികളുടെ വേഷവും പടച്ചട്ടയും അണിഞ്ഞ നിരവധി ആളുകള്‍ പരേഡില്‍ അണിനിരന്നു.

ഡബ്ലിന്‍ നഗരത്തില്‍ 2 കിലോമീറ്ററിലധികം നീളത്തിലാണ് പരേഡ് അണിനിരന്നത്. അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും എത്തിയവരെ കൂടാതെ ലണ്ടനില്‍ നിന്നും വെയില്‍സില്‍ നിന്നും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഒപ്പം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്തു.

കോര്‍ക്കിലും,സ്വോര്‍ട്‌സിലും ,ലിമറിക്കിലും,ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ മലയാളി സമൂഹവും ദേശീയ ധാരയോട് ചേര്‍ന്ന് നിന്നുകൊണ്ട് ആഘോഷങ്ങളില്‍ പങ്കെടുത്തത് ശ്രദ്ധേയമായി ചരിത്രം സൃഷ്ട്ടിക്കാനുള്ള പുതിയ പ്രതിന്ജയെടുക്കാനുള്ള പരസ്യ പ്രഖ്യാപനം കൂടിയായി ഈ വര്‍ഷത്തെ സെന്റ് പാട്രിക്‌സ് ഡേ ആഘോഷങ്ങള്‍.

Scroll To Top