Thursday December 08, 2016
Latest Updates

ഇത്തിഹാദ് എയര്‍വേസില്‍ ഇനി സ്വകാര്യ കിടപ്പുമുറിയും,കുളിമുറിയും,പിന്നെ ബാര്‍ എരിയായും …

ഇത്തിഹാദ് എയര്‍വേസില്‍  ഇനി സ്വകാര്യ കിടപ്പുമുറിയും,കുളിമുറിയും,പിന്നെ ബാര്‍ എരിയായും …

ഡബ്ലിന്‍:ഒന്‍പത് മണിക്കൂര്‍ വിമാനയാത്ര കഴിഞ്ഞ് ക്ഷീണിച്ച്,കൊച്ചി അടുക്കാറാകുമ്പോള്‍,ഒന്ന് കുളിച്ചു ഫ്രഷാകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് വിമാനത്തിലിരുന്ന് ഒരിക്കല്‍ എങ്കിലും ചിന്തിച്ചിട്ടുണ്ടോ?എങ്കില്‍ ഇതാ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോകുന്നു.

കുളി മാത്രമല്ല , ഇനി വിമാനയാത്രയിലും വീടിന്റെ സുരക്ഷിതത്വം അനുഭവിക്കാം എന്നാണ് ഇത്തിഹാദ് എയര്‍വേയ്‌സ്  ഉറപ്പു തരുന്നത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ വിമാന സര്‍വീസായ ഇത്തിഹാദ് എയര്‍വേസില്‍ യാത്രക്കാര്‍ക്കായി കിടപ്പുമുറിയും കുളിമുറിയും ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ഒരുക്കാനുള്ള തയാറെടുപ്പിലാണ്. ഫാസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കാണ് ഈ ആഡംബര സൌകര്യങ്ങള്‍ ലഭിക്കുക. വ്യോമയാന ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാകും ഒരു വിമാനത്തില്‍ യാത്രക്കാര്‍ക്ക് സ്വകാര്യ മുറി എന്ന ആശയം നടപ്പിലാക്കുന്നത്. ഫാസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് പ്രത്യേക ഷെഫും പരിചാരകരും ഉള്‍പ്പെടെ മികച്ച സൌകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വിമാന സര്‍വീസാവുകയാണ്ഇത്തിഹാദ് എയര്‍വേയ്‌സ് . ethihad

സ്വകാര്യ മുറി ഉള്‍പ്പെടെ കൂടുതല്‍ ആഡംബര സൌകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോടെ ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ ജനപ്രിയത വര്‍ദ്ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സ്വകാര്യ മുറിയില്‍ ടെലിവിഷന്‍, ഫാസ്റ്റ് ക്ലാസ് ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കായി ബാര്‍ ഏരിയ, ആഡംബര കിടക്കകള്‍ തുടങ്ങിയവയും മുസ്ലീം യാത്രക്കാര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ മുറികളും ലഭ്യമാക്കും. 2003 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇത്തിഹാദ് എയര്‍ലൈന്‍സിന് 96 വിമാനങ്ങളുണ്ട്. പത്ത് വര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും പ്രമുഖ വിമാന സര്‍വീസായി മാറിയ ഇത്തിഹാദ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 62 മില്യന്‍ ഡോളര്‍ ലാഭം നേടിയിരുന്നു. 

11.5 മില്യനിലധികം യാത്രക്കാര്‍ക്ക് സേവനം നല്കിയ ഇത്തിഹാദ് കൂടുതല്‍ ആഡംബര സൌകര്യങ്ങളോടെ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്വകാര്യ മുറി ഉള്‍പ്പെടെയുള്ള ആഡംബരങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള വിമാനങ്ങള്‍ കൂടാതെ 220 അധിക വിമാനങ്ങള്‍ കൂടി ഇത്തിഹാദില്‍ ഉടന്‍ എത്തുന്നതാണ്. അത്യാധുനിക സൌകര്യങ്ങളുള്ള പത്ത് എ380 വിമാനങ്ങള്‍, 71 ബോയിംഗ് 787 വിമാനങ്ങള്‍ തുടങ്ങിയവയാണ് ഇത്തിഹാദിലേക്ക് ഉടന്‍ എത്തുന്നത്. 

അബുദാബി ലണ്ടന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എ 380 വിമാനത്തിലാകും ഈ സൌകര്യങ്ങള്‍ ആദ്യം ലഭ്യമാകുക. തുടര്‍ന്ന് ന്യുയോര്‍ക്ക്, സിഡ്‌നി എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളിലും ഈ സൗകര്യം ലഭ്യമാകും. സാധാരണ യാത്രാ നിരക്കിന്റെ മൂന്നിരട്ടി മുതല്‍ നാലിരട്ടി വരെയാകും ഈ സൌകര്യങ്ങളുള്ള വിമാനത്തിലെ യാത്ര നിരക്ക്. അതായത് അബുദാബി, ലണ്ടന്‍ റൂട്ടില്‍ യാത്ര ചെയ്യാന്‍ 21,000 ഡോളര്‍ എങ്കിലും ചെലവഴിക്കേണ്ടി വരുമെന്ന് സാരം. 

Scroll To Top