Thursday December 08, 2016
Latest Updates

ഇത്തവണ ക്രിസ്തുമസിന് നാട്ടിലേയ്ക്ക് പോകുമ്പോള്‍ പരിധിയില്‍ കൂടുതല്‍ സ്വര്‍ണ്ണം കൊണ്ട് പോയാല്‍ കുടുങ്ങും ?

ഇത്തവണ ക്രിസ്തുമസിന് നാട്ടിലേയ്ക്ക് പോകുമ്പോള്‍ പരിധിയില്‍ കൂടുതല്‍ സ്വര്‍ണ്ണം കൊണ്ട് പോയാല്‍ കുടുങ്ങും ?

ഡബ്ലിന്‍ :ഇത്തവണ ക്രിസ്തുമസിനു നാട്ടില്‍ പോകുമ്പോള്‍ കൈയ്യിലുള്ളത്ര സ്വര്‍ണ്ണവും കൂടെ കൊണ്ട് പോയാല്‍ പണി കിട്ടിയേക്കും.നെടുംബാശ്ശേരിയില്‍ അടക്കം മിക്ക എയര്‍പോര്‍ട്ടുകളിലും ചെക്കിംഗ് ഊര്‍ജിതപ്പെടുത്തിയ സാഹചര്യത്തിലാണിത്.

കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നിന്നും നാട്ടിലേയ്ക്ക് തിരിച്ച മലയാളി കൈവശം കരുതിയ അമ്പതു പവന്‍ സ്വര്‍ണ്ണത്തിനും പിടി വീണു.പരിശോധനയില്‍ സ്വര്‍ണ്ണം കണ്ടെത്തിയ അധികൃതരോട് നാട്ടില്‍ നിന്നും പോയപ്പോള്‍ കൊണ്ട് പോയ സ്വര്‍ണ്ണമാണ് തിരിച്ചു കൊണ്ടുവന്നിരിക്കുന്നതെന്ന് പറഞ്ഞിട്ടും വിലപ്പോയില്ല.

കോട്ടയം ജില്ലക്കാരനായ യുവാവും ഭാര്യയും അയര്‍ലണ്ടിലേയ്ക്ക് പോന്നപ്പോള്‍ സ്വര്‍ണ്ണം പതിപ്പിച്ചിരുന്നില്ല.ഇതാണ് തിരിച്ചു ചെന്നപ്പോള്‍ വിനയായത്.പേഴ്‌സണല്‍ ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്നും മതപരമായ ചടങ്ങുകള്‍ ഉള്ളതിനാല്‍ സ്വര്‍ണ്ണം ധരിക്കേണ്ട ആവശ്യം ഉള്ളതിനാലാണ് സ്വര്‍ണ്ണം കൈയ്യില്‍ കരുതിയെന്നതുമായ ഇയാളുടെ വാദം കേട്ട ഉദ്ദ്യോഗസ്ഥര്‍ മുതിര്‍ന്ന അധികാരികളെ കാണാന്‍ വേണ്ടി ഇയാളെ അയച്ചു.
പ്രായപൂര്‍ത്തിയായ പുരുഷന്‍മാര്‍ക്ക് പരമാവധി അന്‍പതിനായിരം രൂപയുടെയും,സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണ്ണം മാത്രമാണ് അനുവദിനീയം .സാധാരണയായി ഇത് യഥാക്രമം രണ്ടര പവനും അഞ്ചു പവനുമായിയാണ് ഇപ്പോള്‍ കണക്കാക്കുന്നത് അത് പ്രകാരം ആറിരട്ടിയിലധികം സ്വര്‍ണ്ണമാണ് ഇവര്‍ കൈവശം വെച്ചിരുന്നത്.

ഏറെ യാചിച്ചു നോക്കിയെങ്കിലും ,നിയമത്തില്‍ ഇളവ് വരുത്താനാവില്ലെന്ന കസ്റ്റംസ് അധികൃതരുടെ കടും പിടുത്തത്തിനു മുന്‍പില്‍ യുവാവിനു രക്ഷയുണ്ടായില്ല.35 ശതമാനം ഡ്യൂട്ടിയും എഡ്യൂക്കേഷന്‍ സര്‍ചാര്‍ജും അടക്കം 36.05 ശതമാനം ഡ്യൂട്ടിയടയ്ക്കാനുള്ള ഉത്തരവാണ് ഉന്നത ഉദ്യോഗസ്ഥന്‍ എഴുതി നല്‍കിയത് .എന്നാല്‍ ഡ്യൂട്ടി അടയ്ക്കുന്നില്ലെന്നു തീരുമാനിച്ച ദമ്പതികള്‍ സ്വര്‍ണ്ണം കസ്റ്റംസില്‍ ഡിപ്പോസിറ്റ് ചെയ്തു രസീത് വാങ്ങി കോട്ടയത്തേക്ക് പോയി.ഇനി അയര്‍ലണ്ടിലേയ്ക്ക് മടങ്ങുമ്പോള്‍ രസീത് മടക്കി നല്‍കി സ്വര്‍ണ്ണം തിരിച്ചു വാങ്ങാനേ ഇവര്‍ക്ക് സാധിക്കുകയുള്ളൂ.

കേരളത്തില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് വന്നപ്പോള്‍ കൊണ്ടുവന്ന ഒരു ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി തിരികെ കൊണ്ടുപോയ മറ്റൊരാളെയും കഴിഞ്ഞയാഴ്ച്ച കസ്റ്റംസ് കൊച്ചിയില്‍ ചോദ്യം ചെയ്തിരുന്നു.ഇയാളുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്തിട്ടുള്ളതായാണ് അറിയുന്നത്.7500 രൂപയാണ് വിദേശത്തു നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുവദനീയമായ കറന്‍സിയുടെ പരിധി

2013 ഏപ്രില്‍ മാസം മുതല്‍ നടപ്പിലായ ഇത് സംബന്ധിച്ച നിയമം അറിയാത്തവരായി ഇനിയും ഒട്ടേറെപ്പേര്‍ ഉണ്ടെന്നതാണ് ഇത്തരം സംഭവങ്ങള്‍ വെളിവാക്കുന്നത്.

Scroll To Top