Thursday December 08, 2016
Latest Updates

ഇടുക്കി ബിഷപ്പിനെതിരെയും വൈദികര്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് മാര്‍ ആലഞ്ചേരിക്ക് പരാതി നല്കി

ഇടുക്കി ബിഷപ്പിനെതിരെയും വൈദികര്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് മാര്‍ ആലഞ്ചേരിക്ക് പരാതി നല്കി

ഇടുക്കി: ഇടുക്കി ബിഷപ്പിനും ഇടുക്കി രൂപതയിലെ ചില വൈദികര്‍ക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്കി. യൂത്ത് കോണ്ഗ്രസ് ഇടുക്കി ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് ബിജോമാണിയുടെ നേതൃത്വത്തിലാണ് പരാതി നല്കിയത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോയിസ് ജോര്‍ജിന് ഇടുക്കി ബിഷപ്പും സഭയിലെ ചില വൈദികരും പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് പരാതി.

ചില വൈദികര്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുകയും  ജോയിസിന്റെ സ്ഥാനാര്‍ത്ഥിത്വം ദൈവഹിതമാണെന്നു പ്രചരിപ്പിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു . ഇടുക്കിയിലെ ചില ദേവാലയങ്ങളില്‍ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും കുദാശകളും നടത്തിയതായും പള്ളി വക സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്കിയതായും പരാതിയില്‍ ആരോപിക്കുന്നു.

ജോയിസ് പരാജയപ്പെട്ടാല്‍ അത് സംഭയുടെ പരാജയമാണെന്ന് പറയുകയും ഭവന സന്ദര്‍ശനങ്ങളും വീട് വെഞ്ചരിപ്പ് ചടങ്ങുകളും ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി ഉപയോഗിച്ചു എന്നതുമാണ് പരാതിയിലെ മറ്റൊരു ആരോപണം. ജോയിസിന് വോട്ട് ചെയ്യാത്തവര്‍ക്ക് നേരെ ദൈവകോപവും ദൈവശാപവും ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് മറ്റൊരു ആരോപണം.

കമ്യൂണിസത്തിനെതിരായി വിശ്വാസികളെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സഭയുടെ നിലപാടിന് എതിരായാണ് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും മറ്റ് ചില വൈദികരും പ്രവര്‍ത്തിച്ചതെന്ന് പരാതിയില്‍ ആരോപിക്കുന്നു. വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച ബിഷപ്പിനും മറ്റ് വൈദികര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

Scroll To Top