Sunday December 04, 2016
Latest Updates

ഇടുക്കി, പത്തനംതിട്ട, ചാലക്കുടി; പിഴവുകളെച്ചൊല്ലി യുഡിഎഫില്‍ അടിപൊട്ടി തുടങ്ങി

ഇടുക്കി, പത്തനംതിട്ട, ചാലക്കുടി; പിഴവുകളെച്ചൊല്ലി യുഡിഎഫില്‍ അടിപൊട്ടി തുടങ്ങി

ഇടുക്കി/പത്തനംതിട്ട/തൃശൂര്‍: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്ത് വന്നുതുടങ്ങി. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് പരാജയപ്പെട്ടതാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയായതു. കസ്തൂരി രംഗന്‍ വിഷയത്തില്‍ സഭയുമായി ഏറ്റുമുട്ടലിന് തയ്യാറായ പിടി തോമസിനോടുള്ള എല്ലാ വിരോധവും വോട്ടിങ്ങില്‍ പ്രതിഫലിച്ചപ്പോള്‍ ബലിയാടായത് പാവം ഡീന്‍ കുര്യാക്കോസായിരുന്നു. ഡീന്‍ കുര്യാക്കോസിന്റെ പരാജയത്തെച്ചൊല്ലി ഇന്നലെ തന്നെ യുഡിഎഫില്‍ അസ്വാരസ്യങ്ങള്‍ തല പൊക്കിയിരുന്നു.

ഇന്നലെ തൊടുപുഴയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഇ എം അഗസ്തിക്കെതിരെ പ്രകടനം നടത്തിയത് പൊട്ടിത്തെറിയുടെ തുടക്കമാണ്. ഇതിന് പിന്നാലെ ഇടുക്കിയില്‍ യുഡിഎഫ് വോട്ടുകള്‍ മറിഞ്ഞിട്ടുണ്ടെന്ന പ്രസ്താവനയുമായി ഫ്രാന്‍സിസ്  ജോര്‍ജ് രംഗത്ത് വന്നു. എന്നാല്‍ വോട്ട് മറിച്ചതിന്റെ ഉത്തരവാദിത്വം കേരള കോണ്‍ഗ്രസിനില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. അതിനിടെ  വിടി ബല്‍റാമിനെതിരെ ഒളിയമ്പ് എയ്ത് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് തന്നെ രംഗത്ത് വന്നു. നേതാക്കളുടെ പ്രസ്താവനകള്‍ തിരിച്ചടി ആയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപപെട്ടു.

പത്തനംതിട്ടയാണ് യുഡിഎഫില്‍ അടി പൊട്ടിയ മറ്റൊരു മണ്ഡലം. ആറന്മുള വിഷയത്തില്‍ ആന്റോ ആന്റണിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നിട്ടും ആറന്മുളയില്‍ ആന്റോയ്ക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുകയും എന്നാല്‍ പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ വോട്ട് കുറയുകയും ചെയ്തു. പിസി ജോര്‍ജ് വോട്ട് മറിച്ചു എന്ന ആരോപണം ശരിവയ്ക്കുന്നതാണ് പൂഞ്ഞാറില്‍ നിന്ന് ആന്റോയ്ക്ക് ലഭിച്ച വോട്ടുകള്‍. ഇന്നലെ നടന്ന ആഹ്‌ളാദ പ്രകടനത്തില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിസി ജോര്‍ജിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിന് കാരണം.

ചാലക്കുടിയിലെയും തൃശൂരിലെയും തോല്‍വിയെച്ചൊല്ലിയാണ് യുഡിഎഫില്‍ പുകയുന്ന മറ്റൊരു അസ്വാരസ്യം. ഇരു മണ്ഡലങ്ങളിലെയും പരാജയം കോണ്‍ഗ്രസ് ചോദിച്ചു വാങ്ങിയതാണ് എന്നാണു ഇപ്പോള്‍ ആരോപണം ഉയരുന്നത്. തൃശൂരില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് താന്‍ കരഞ്ഞു പറഞ്ഞിട്ടും തന്നെ തൃശൂരിലേക്ക് അയയ്ക്കുകയായിരുന്നെന്ന് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി കെപി ധനപാലന്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചിരുന്നു. മണ്ഡലം വച്ച് മാറിയത് അബദ്ധമായെന്ന് പിസി ചാക്കോയും ഇന്ന് തുറന്നു സമ്മതിച്ചു. കൂടാതെ ഇന്നസെന്റിനെ നിസാരക്കാരനായി കണക്കിലെടുത്ത് തള്ളിക്കളഞ്ഞതിനാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഗൌരവമായിരുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

Scroll To Top