Sunday December 04, 2016
Latest Updates

ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയ്ക്ക് സ്വന്തം സ്ഥാനാര്‍ഥി :മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് ഫാ.കൊച്ചുപുര

ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയ്ക്ക് സ്വന്തം സ്ഥാനാര്‍ഥി :മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് ഫാ.കൊച്ചുപുര

കട്ടപ്പന :ഇടുക്കിയില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥി യെ നിര്‍ത്തുന്ന കാര്യം ഉറപ്പാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി.ഫ്രാന്‍സിസ് ജോര്‍ജിനെ പിന്തുണയ്ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുര വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കരട് വിജ്ഞാപനം ഉടന്‍ ഇറങ്ങുമെന്നാണ് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും പറയുന്നുവെങ്കിലും അതിനുള്ള സാദ്ധ്യത വളരെ കുറവാണ്.

ഇലക്ഷന്‍ പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തതാണ് പ്രധാന പ്രശ്‌നം.ബി ജെ പി അടക്കം നിരവധി സംഘടനകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി വിജ്ഞാപനം തടയണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചു കഴിഞ്ഞു.
അതിലുപരി മണിക്കൂറുകള്‍ക്കുള്ളില്‍ വിജ്ഞാപനം ഇറക്കാനാവില്ല. അതിനുള്ള സാങ്കേതിക നടപടി ക്രമങ്ങള്‍ മുഴുവന്‍ പാലിക്കാന്‍ കാലതാമസം നേരിടും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കരട് വിജ്ഞാപനം ഇറക്കമെങ്കില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വേണം. വോട്ടര്‍മാരെ സ്വാധീനിക്കാനിടയുള്ള വിഷയമാണെന്ന് കമ്മിഷനു തോന്നിയാല്‍ അനുമതി ലഭിച്ചെന്നു വരില്ല.

കരടു വിജ്ഞാപനം ഇറക്കാന്‍ നിയമമന്ത്രാലയത്തിന്റെ അനുമതിയും ആവശ്യമാണ്. കേന്ദ്ര നിയമമന്ത്രി കപില്‍ സിബലുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം ചര്‍ച്ച ചെയ്തു. നിയമകാര്യ സെക്രട്ടറിയോട് ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കാമെന്നാണ് നിയമമന്ത്രി പറഞ്ഞത്. പക്ഷേ കരട് വിജ്ഞാപനം ഇതുവരെ നിയമമന്ത്രാലയത്തിന് ലഭിച്ചിട്ടു തന്നെയില്ല എന്നാണ് കപില്‍ സിബല്‍ അറിയിച്ചത്.

നിയമമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലും അതാത് സംസ്ഥാനങ്ങളുടെ മാതൃഭാഷയിലേക്ക് കരടു വിജ്ഞാപനം പരിഭാഷപ്പെടുത്തിയേ പ്രസിദ്ധീകരിക്കാനാവൂ.

ഈ നടപടി ക്രമങ്ങളെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ പാലിച്ച് കരടു വിജ്ഞാപനം പുറത്തിറക്കിയാല്‍ അതൊരു അതിശയംതന്നെയായിരിക്കും.അത്തരം ഒരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും അഭ്യന്തര മന്ത്രിയും പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി പറയുന്നത്.

Scroll To Top