Tuesday December 06, 2016
Latest Updates

ഇടുക്കിയില്‍ വീണ്ടും മണി മുഴങ്ങും; എം.എം. മണിക്ക് ജില്ലാ സെക്രട്ടറി പദം പാര്‍ട്ടി തിരികെ നല്‍കി

ഇടുക്കിയില്‍ വീണ്ടും മണി മുഴങ്ങും;  എം.എം. മണിക്ക് ജില്ലാ സെക്രട്ടറി പദം പാര്‍ട്ടി തിരികെ നല്‍കി

ഇടുക്കി  : മണക്കാട്ടെ വിവാദപ്രസംഗത്തിലൂടെ കേരളത്തില്‍ കുപ്രസിദ്ധനായി മാറിയ എം.എം.മണിക്ക് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം തിരികെകിട്ടി. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് മണിയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്.

മണിക്കു പകരം ചുമതല വഹിച്ചിരുന്ന കെ. കെ. ജയചന്ദ്രന്‍ എംഎല്‍എയാണ് മണിയുടെ പേരു നിര്‍ദേശിച്ചത്. ഒന്‍പതാം തവണയാണു മണി പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാകുന്നത്. ഇപ്പോഴത്തെ സെക്രട്ടറിമാരില്‍ ഏറ്റവും കൂടുതല്‍ തവണ ഈ സ്ഥാനം വഹിച്ച ആളും മണിയാണ്.
രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയെന്നായിരുന്നു മണിയുടെ വിവാദപ്രസംഗം. ഇതേതുടര്‍ന്ന് അഞ്ചേരി ബേബി വധം ഉള്‍പ്പെടെ പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. ഇതിന്റെ കുറ്റപത്രം അടുത്ത ഫെബ്രുവരിയില്‍ കോടതിയില്‍ വായിച്ചു കേള്‍പ്പിക്കും.
കേസില്‍ അറസ്റ്റിലായ മണിക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്നു. എങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ യോഗങ്ങളില്‍ മണിയെ പ്രസംഗകനായി ക്ഷണിക്കുക പതിവായിരുന്നു. ജ്യാമവ്യവസ്ഥയില്‍ ഇളവു കിട്ടി ഇടുക്കിയിലെത്തിയ മണിക്ക് പാര്‍ട്ടി ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. മണിയുടെ പ്രസംഗം കേള്‍ക്കാന്‍ മുന്‍പത്തേക്കാള്‍ ആളുകള്‍ യോഗങ്ങളില്‍ തടിച്ചുകൂടുന്ന സ്ഥിതിയായി. ഇതോടെ സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തോടെയാണ് മണിയാശാന്‍ ഇടുക്കിയില്‍ പാര്‍ട്ടി സെക്രട്ടറിയായി തിരികെയെത്തുന്നത്.
ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിര്‍വഹിക്കുമെന്നും മണി പറഞ്ഞു.

Scroll To Top