Thursday December 08, 2016
Latest Updates

ഇടയ സ്വാന്തനം 

ഇടയ സ്വാന്തനം 

കൊല്ലപ്പെട്ട അമേരിക്കന്‍ ജേര്‍ണലിസ്റ്റിന്റെ കുടുംബത്തെ സ്വാന്തനിപ്പിക്കാനും ഫ്രാന്‍സീസ് മാര്‍പാപ്പ. ഇറാഖില്‍ ഐസിസ് ഭീകരര്‍ തലയറുത്ത് കൊന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജയിംസ് ഫോളിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ചാണ് മാര്‍പാപ്പ ആശ്വാസവചസുകള്‍ ചൊരിഞ്ഞത്. വത്തിക്കാനില്‍ നിന്നും വ്യാഴാഴ്ച ജയിംസ് ഫോളിയുടെ പിതാവിന്റെ ഫോണിലേയ്ക്ക് മാര്‍പാപ്പയുടെ വിളി എത്തുകയായിരുന്നു. 20 മിനിറ്റോളം ജയിംസിന്റെ പിതാവ് ജോണും അമ്മ ഡയാനയുമായി മാര്‍പാപ്പ ഫോണില്‍ സംസാരിച്ചു.

ജയിംസിനെ തലയറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ ഭീകരര്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടതോടെ അസ്വസ്ഥരായിരുന്ന ജെയിംസിന്റെ മാതാപിതാക്കള്‍ക്ക് പോപ്പിന്റെ ഫോണ്‍ വിളി ആശ്വാസമാകുകയായിരുന്നു. മാര്‍പാപ്പയുടെ വാക്കുകള്‍ നീറിക്കൊണ്ടിരുന്ന തങ്ങളുടെ ഹൃദയത്തിന് ആശ്വാസം പകര്‍ന്നതായും മാര്‍പാപ്പയുടെ സന്ദേശം തങ്ങളുടെ ജീവിതത്തില്‍ വലിയ ആശ്വാസം നല്‍കിയതായും ജോണും ഡയാനയും പറഞ്ഞു. ഡയാനയുടെ സഹോദരി ഭര്‍ത്താവാണ് കുടുംബത്തിനു വേണ്ടി മാര്‍പാപ്പയുമായി സ്പാനീഷ് ഭാഷയില്‍ സംസാരിച്ചത്. തന്റെ പ്രാര്‍ത്ഥനയില്‍ ദുഖിതരായിരിക്കുന്ന കുടുംബത്തിന് ഇടം നല്‍കുമെന്ന് പറഞ്ഞതായും ജോണ്‍ വെളിപ്പെടുത്തി.

ന്യൂ ഹാംഷയറിലെ വീട്ടിലേയ്ക്കാണ് വത്തിക്കാനില്‍ നിന്ന് മാര്‍പാപ്പയുടെ ഫോണ്‍ വിളി വന്നത്. 
അര്‍ജന്റീനയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാറപകടത്തില്‍ മൂന്ന് ഉറ്റബന്ധുക്കള്‍ മാര്‍പാപ്പയ്ക്ക് നഷ്ടമായിരുന്നു. ഈ ദു:ഖത്തിനിടയിലാണ് ജയിംസിന്റെ കുടുംബത്തെ ഫോണിലൂടെ ആശ്വസിപ്പിക്കാന്‍ മാര്‍പാപ്പ സമയം കണ്ടെത്തിയത്. സിറിയയില്‍ ജോലി ചെയ്യുന്ന അവസരത്തിലാണ് 2 വര്‍ഷം മുന്‍പ് അമേരിക്കന്‍ പത്ര പ്രവര്‍ത്തകനായ ജയിംസ് ഫോളിയെ ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. അദേഹത്തെ തലയറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ ഭീകരര്‍ ചൊവ്വാഴ്ച ഉന്റര്‍നെറ്റിലൂടെ പുറത്തുവിടുകയായിരുന്നു.

Scroll To Top