Friday December 09, 2016
Latest Updates

ഇടതുസമരം ഇനി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്; ഗതിയെന്തെന്നറിയാതെ അണികള്‍

ഇടതുസമരം ഇനി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്;  ഗതിയെന്തെന്നറിയാതെ അണികള്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിലേക്കു നീട്ടുന്നു. ഡിസംബര്‍ ഒമ്പതു മുതല്‍ അനിശ്ചിതകാല ക്ലിഫ്ഹൗസ് ഉപരോധം സംഘടിപ്പിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരായ പ്രതിഷേധ സമരം മൂന്നര മണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നതിന്റെ ക്ഷീണം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് ക്ലിഫ്ഹൗസ് ഉപരോധത്തിന് ഇടതുപക്ഷം തീരുമാനിച്ചത്. നേരത്തേ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം ഒന്നര ദിവസം കൊണ്ട് അവസാനിപ്പിച്ചത് അണികളില്‍ അമര്‍ഷത്തിനു വഴിതെളിച്ചിരുന്നു. അതിനുപിന്നാലെയാണ് ജനസമ്പര്‍ക്ക പരിപാടി തടയാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് മുന്നണിയിലെ മറ്റ് ഘടകക്ഷികളുടെ വേണ്ടത്ര പിന്തുണ കിട്ടിയില്ല. എങ്കിലും പേരിന് ഉപരോധം നടത്താനായി ഇറങ്ങിത്തിരിച്ചെങ്കിലും സമരം മൂന്നു മണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കേണ്ടിവന്നു. ജനസമ്പര്‍ക്ക പരിപാടി വന്‍വിജയമായി നടക്കുകയും ചെയ്തു. ഇരുനൂറോളം പേര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുക്കാനെത്തിയത്. മറ്റു ജില്ലകളില്‍ വരും ദിവസങ്ങളില്‍ നടക്കുന്ന ഉപരോധവും ദുര്‍ബലമാകുമെന്ന് ഇതോടെ ഉറപ്പായി. ഈ സാഹചര്യത്തിലാണ് ക്ലിഫ് ഹൗസ് ഉപരോധിക്കാന്‍ മുന്നണി തീരുമാനിച്ചത്.
നവംബര്‍ ഒന്നു മുതല്‍ മേഖലാ ജാഥകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരത്ത് കുടപ്പനക്കുന്നില്‍ ദേശീയ കയര്‍ ഗവേഷണ കൈകാര്യ സ്ഥാപനത്തിന്റെ പുതിയ ലബോറട്ടറി ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. കനത്ത പൊലീസ് സന്നാഹം ഉപരോധക്കാരെ തടഞ്ഞതിനാല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുമുണ്ടായി. ആനയറയിലെ ഉപരോധത്തിനുശേഷം മുഖ്യമന്ത്രിക്കു നേരേ നടന്ന ശക്തമായ പ്രതിഷേധമായിരുന്നു കുടപ്പനക്കുന്നിലേത്. ഉപരോധക്കാരെ പേടിച്ച് വളഞ്ഞ വഴിയിലൂടെയാണ് പൊലീസ് മുഖ്യമന്ത്രിയെ കുടപ്പനക്കുന്ന് ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപമുള്ള ഉദ്ഘാടന സ്ഥലത്തെത്തിച്ചത്.
ചില മേഖലകളിലെങ്കിലും മുഖ്യമന്ത്രിയെ ഉപരോധിക്കുന്ന പ്രവര്‍ത്തകരുടെ സമരവീര്യം കെടാതിരിക്കാനാണ് ക്ലിഫ് ഹൗസ് ഉപരോധവുമായി രംഗത്തിറങ്ങാന്‍ ഇടതുമുന്നണി തീരുമാനിച്ചത്. മുന്‍ സമരങ്ങളൊക്കെ പാതിവഴിയിലുപേക്ഷിക്കേണ്ടിവന്നതിനാല്‍ ഈ സമരത്തിന്റെയും ഗതിയെന്താകുമെന്ന ആശങ്കയിലാണ് അണികള്‍.

Scroll To Top