Tuesday December 06, 2016
Latest Updates

ഇടതുപക്ഷം ആം ആദ്മിയെ പിന്തുണയ്ക്കും ? നരേന്ദ്ര മോഡിയ്‌ക്കെതിരെ കേജരിവാള്‍ നേരിട്ട് രംഗത്തിറങ്ങും

ഇടതുപക്ഷം ആം ആദ്മിയെ പിന്തുണയ്ക്കും ? നരേന്ദ്ര മോഡിയ്‌ക്കെതിരെ കേജരിവാള്‍ നേരിട്ട് രംഗത്തിറങ്ങും

ന്യൂഡല്‍ഹി: രാജ്യം തീ പാറുന്ന ഒരു പോരാട്ടത്തിലേയ്ക്കാണ് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് സൂചനകള്‍.മിക്ക സംസ്ഥാനങ്ങളിലും സാന്നിധ്യമുറപ്പിച്ച ആം ആദ്മി, ബി ജെ പിയുടെ നേരിട്ടുള്ള എതിരാളിയായി കഴിഞ്ഞു.കോണ്‍ഗ്രസ് പാര്‍ട്ടി മത്സരരംഗത്ത് പോലും മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടുന്ന സൂചനകളാണ് എങ്ങും.

ഇടതുപക്ഷമാവട്ടെ ആം ആദ്മിയോടുള്ള നയം വ്യക്തമാക്കാതെ നില്‍ക്കുകയാണ്.ബംഗാളില്‍ പോലും ആം ആദ്മി വേരുറപ്പിക്കുന്ന കാഴ്ച്ച അതിശയത്തോടെ നോക്കി കാണുകയാണ് സി പി എം.തൃണമൂലിനെയും ,കോണ്‍ഗ്രസിനെയുമാണ് ഇവിടെ സി പി എമ്മിന് പേടിക്കേണ്ടത്.അവരെ തോല്‍പ്പിക്കാന്‍ അവസരം കിട്ടിയാല്‍ ആം ആദ്മിയുമായി ബാന്ധവം വെയ്ക്കാന്‍ പാര്‍ട്ടി തയ്യാറാകുമെന്നതില്‍ സംശയം വേണ്ട.

കേരളത്തില്‍ യൂ ഡി എഫിന് മുന്‍തൂക്കമുള്ള തിരുവനന്തപുരം കോട്ടയം എറണാകുളം, തൃശൂര്‍ മലപ്പുറം മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആണ് ആം ആദ്മി തീരുമാനിച്ചിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.ബാക്കി മണ്ഡലങ്ങളില്‍ അവരുടെ നിലപാട് നിര്‍ണ്ണായകമാവുമെന്ന് സി പി എമ്മിന് നന്നായറിയാം.

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുണ്ടായ ‘ജനതാ മുന്നേറ്റ’ത്തിനും,വി പി സിംഗിന്റെ നേതൃത്വത്തിലുണ്ടായ ‘മണ്ഡല്‍ മുന്നേറ്റ’ത്തിനും ഉണ്ടായിരുന്ന മൂല്യാധിഷ്ടിത പരിവേഷം കേജരിവാളിലും ,ആം ആദ്മിയിലും സാധാരണക്കാര്‍ ദര്‍ശിക്കുന്നുണ്ടെന്നതു കൊണ്ട് തന്നെ അന്തിമ ഘട്ടത്തില്‍ സി പി എമ്മിന് അവരെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക്കൂട്ടുന്നു.അടിസ്ഥാനവര്‍ഗത്തിനു വേണ്ടി ഇടതു പാര്‍ട്ടികള്‍ ചെയ്യേണ്ടിയിരുന്ന ജോലിയാണ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്നതെന്ന് ഇക്കണോമിക് റ്റൈംസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ മത്സരിക്കുന്നത് പിന്നീട് തീരുമാനിക്കുമെന്ന് ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയതോടെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരെ അദ്ദേഹം മത്സരിക്കാന്‍ സാധ്യതയേറിയിട്ടുണ്ടെന്നും പറയപ്പെടുന്നു.ഷീലാ ദീക്ഷിതിനെതിരെ മത്സരിക്കാന്‍ കാണിച്ച ആര്‍ജവം,കേജരിവാളിന് മോഡിയ്‌ക്കെതിരെയുണ്ടാവുമോ എന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ ഭാരതം.

നരേന്ദ്ര മോഡി എവിടെനിന്ന് മത്സരിക്കും എന്ന് ആദ്യം വ്യക്തമാക്കട്ടെ എന്ന് എഎപി അറിയിച്ചതാണ് മോഡിക്കെതിരെയായിരിക്കും അരവിന്ദ്‌കേജരിവാള്‍ മത്സരിക്കുകയെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാനിടയാക്കിയത്. നേരത്തെ കേജരിവാള്‍ നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കണമെന്ന് എഎപി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ആര്‍ക്കെങ്കിലും എതിരെ മത്സരിച്ച് ഹീറോ ആകാന്‍ താല്‍പര്യമില്ലെന്ന് കേജരിവാള്‍ അന്ന് പറഞ്ഞിരുന്നു .

എങ്കിലും ഗുജറാത്തില്‍ മോഡിയ്ക്ക് പിന്നില്‍ നിന്നിരുന്ന മുസ്ലീം സമുദായവും,പിന്നോക്കക്കാരും കേജരിവാളിന്റെ പാര്‍ട്ടിയോട് ഇപ്പോള്‍ ആഭിമുഖ്യം കാട്ടുന്നുവെന്ന സൂചനകള്‍ ,മോഡിയോട് നേരിട്ടൊരു ഏറ്റുമുട്ടലിന് പോലുമുള്ള സാധ്യതകള്‍ ഉണ്ടാക്കുന്നുവെന്നാണ് കേജരിവാളിന്റെ പാര്‍ട്ടിക്കാരുടെ പക്ഷം.

എന്തായാലും ,നരേന്ദ്ര മോഡിയും ,രാഹുല്‍ ഗാന്ധിയും അല്ല അരവിന്ദ് കേജരിവാളാണ് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ മുഖ്യനായകന്‍ എന്ന് മാധ്യമങ്ങളും ,കേജരിവാളിന്റെ എതിരാളികളുമടക്കം ഈ ഘട്ടത്തില്‍ സമ്മതിച്ചിരിക്കുന്ന കാഴ്ച്ചയാണ് രാഷ്ട്രീയഭാരതം ഇപ്പോള്‍ കാണുന്നത്.

Scroll To Top