Sunday December 11, 2016
Latest Updates

ആശുപത്രികളിലെ മോശം സാഹചര്യം തുടരാന്‍ സാധ്യതയെന്ന് മന്ത്രി വരേദ്കര്‍ 

ആശുപത്രികളിലെ മോശം സാഹചര്യം തുടരാന്‍ സാധ്യതയെന്ന് മന്ത്രി വരേദ്കര്‍ 

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആശുപത്രികളിലെ മോശം സാഹചര്യങ്ങള്‍ തുടരുവാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍. ആശുപത്രിയിലെത്തുന്ന രോഗികളില്‍ ട്രോളികളിലും മറ്റും കഴിച്ചു കൂട്ടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. അടുത്ത ആഴ്ചയും സ്ഥിതി തുടരുമെന്ന് മന്ത്രി പറഞ്ഞു. അയര്‍ലണ്ടില്‍ ആശുപത്രിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തെക്കുറിച്ച് മന്ത്രി ആദ്യമായാണ് പ്രതികരിച്ചത്. ഇതു വരെ അയര്‍ലണ്ടില്‍ ഇത്തരം ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സാധാരണ എല്ലാ വര്‍ഷങ്ങളിലും ജനുവരി രണ്ടാം വാരത്തില്‍ ഐറിഷ് ആശുപത്രികളില്‍ ജനത്തിരക്ക് വര്‍ധിക്കാറുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമായിരുന്നെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. പ്രതിസന്ധി മുന്നില്‍ കണ്ടു നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ അപര്യാപ്തമായിരുന്നു.

നിലവിലെ പ്രതിസന്ധി തുടങ്ങിയതിനു ശേഷം അറുനൂറിലധികം രോഗികളാണ് ചികിത്സയ്ക്കായി ട്രോളിയില്‍ കാത്തിരിക്കേണ്ടി വന്നത്. അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര ധനസഹായമായി 3 മില്യന്‍ യൂറോ കൂടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. നേരത്തെ അനുവദിച്ച 25 മില്യന് പുറമെയാണ് ഈ ധനസഹായം. കൂടുതല്‍ ഫണ്ട് ലഭ്യമായി തുടങ്ങിയതോടെ
ഡിസ്ചാര്‍ജ് വേഗത്തിലാകുകയും പുറത്ത് പ്രവേശനം കാത്തിരിക്കുന്ന രോഗികള്‍ക്ക് വേഗത്തില്‍ കിടക്കകള്‍ ലഭ്യമാകുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

സെന്റ് വിന്‍സെന്റ് സ് ആശുപത്രി, ബ്യൂമോണ്ട്, കില്‍ക്കെനി സെന്റ് ലൂക്ക്‌സ് എന്നീ ആശുപത്രികളിലെ ക്ലോസ് ചെയ്ത ബെഡുകള്‍ വീണ്ടും തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. നോണ്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ഒന്നോ രണ്ടോ ബെഡുകള്‍
കൂടി ഇടുന്നതിന് നഴ്‌സിംഗ് യൂണിയനുകള്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഈ ആഴ്ച തന്നെ എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സിന്റെ യോഗം വിളിച്ചു ചേര്‍ക്കും. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചിരിക്കുന്നത്. ജനുവരി മാസത്തില്‍ രണ്ടും മൂന്നും ആഴ്ചകളില്‍ സ്ഥിതി കൂടുതല്‍ വഷളാകും. ട്രോളിയില്‍ രോഗികള്‍ തള്ളി നീക്കുന്ന സംഭവത്തില്‍ ആശുപത്രി അധികൃതരും അതൃപ്തരാണ് .

ഡ്രോഗേഡയിലെ ലേഡി ഓഫ് ലൂര്‍ദ് ആശുപത്രിയിലെ സ്ഥിതിയാണ് വളരെ മോശം. 45ഓളം രോഗികളാണ് കിടക്ക ലഭിക്കാതെ കാത്തു കിടക്കുന്നത്. വരാന്തയിലും മറ്റും 39 ഓളം പേരാണ് ട്രാളിയിലും മറ്റും കാത്തു കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ആറു മാസത്തിനുള്ള താഴേയുള്ള രണ്ടു കുട്ടികളും വേണ്ടത്ര ചികിത്സ കിട്ടാതെ നരകിക്കുന്നതായി സിന്‍ ഫെയിന്‍ പ്രസിഡന്റ് ജെറി ആദംസ് പറഞ്ഞു.

നിരവധി പേരാണ് ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ മരണത്തെ മുന്നില്‍ക്കണ്ട് ആശുപത്രിയുടെ വരാന്തയില്‍ തള്ളി നീക്കുന്നത്. നോര്‍ത്ത് ഡബ്ലിനിലെ ബ്യൂമൗണ്ട് ആശുപത്രിയില്‍ 41 രോഗികളാണ് ബെഡില്ലാതെ വരാന്തയിലും ട്രോളിയിലുമായി കിടക്കുന്നത്. ഇതില്‍ ക്യാന്‍സര്‍ രോഗികളും ഉള്‍പ്പെടുന്നു.സെന്റ് വിന്‍സന്റ്‌സ്,ലിമറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി എന്നിവ അടക്കം മിക്ക ആശുപത്രികളും ആവശ്യത്തിനുള്ള .സ്റ്റാഫ് ഇല്ലാതെ തന്നെ രോഗികളെ സ്വീകരിച്ചിട്ടുണ്ട്.

Scroll To Top