Sunday December 04, 2016
Latest Updates

ആറ് മാസത്തിനിടെ മോഷണം പോയത് 10 മില്യന്‍ യൂറോയുടെ പണവും ആഭരണങ്ങളും; ജാഗ്രത നിര്‍ദ്ദേശവുമായി ഗാര്‍ഡ രംഗത്ത്

ആറ് മാസത്തിനിടെ മോഷണം പോയത് 10 മില്യന്‍ യൂറോയുടെ പണവും ആഭരണങ്ങളും; ജാഗ്രത നിര്‍ദ്ദേശവുമായി ഗാര്‍ഡ രംഗത്ത്

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ മോഷണം പെരുകുന്നു. 2013 ല്‍ അവസാന ആറ് മാസങ്ങള്‍ക്കിടെ മോഷണം പോയത് 10 മില്യന്‍ യൂറോയുടെ ആഭരണങ്ങളും പണവും. ഗാര്‍ഡ അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്. അയര്‍ലണ്ടിലെ വീടുകളില്‍ നിന്ന് മാത്രം ആറ് മാസത്തിനിടെ നഷ്ടപ്പെട്ട ആഭരണങ്ങളുടെയും പണത്തിന്റെയും കണക്കാണിത്. ഗാര്‍ഡ പുറത്ത് വിട്ട കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന ആറ് മാസങ്ങള്‍ക്കിടയില്‍ മോഷണം പോയ 75 ശതമാനവും പണവും ആഭരണങ്ങളുമാണ്. മോഷണ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഗാര്‍ഡ അധികൃതര്‍ രാജ്യത്തെ പൌരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

അശ്രദ്ധമായി താക്കോല്‍ സൂക്ഷിക്കുന്നതിന്റെ ഫലമായാണ് മോഷണങ്ങള്‍ പെരുകുന്നതെന്ന് ഗാര്‍ഡ അധികൃതര്‍ പറഞ്ഞു. മോഷ്ടാക്കള്‍ക്ക് എളുപ്പം കണ്ടെത്താനാകുന്ന വിധത്തില്‍ ലെറ്റര്‍ ബോക്‌സുകളിലും മറ്റും താക്കോല്‍ സൂക്ഷിക്കുന്നതിന്റെ ഫലമായി മോഷ്ടാക്കള്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്നു. ഇത്തരത്തില്‍ അശ്രദ്ധമായി താക്കോല്‍ സൂക്ഷിക്കുന്നതിനാല്‍ വാഹന മോഷണവും വര്‍ധിച്ചിട്ടുണ്ട്. കള്ളന്റെ കയ്യില്‍ താക്കോല്‍ കൊടുക്കുന്നു എന്ന പ്രയോഗം ശരിവെക്കുന്ന രീതിയിലാണ് പലരും താക്കോല്‍ അശ്രദ്ധമായി എവിടെയെങ്കിലും വച്ചിട്ട് പോകുന്നത്.

വീട്ടുകാരുടെ അശ്രദ്ധ മൂലം അയര്‍ലണ്ടില്‍ നടക്കുന്ന പകുതി മോഷണങ്ങളിലും കള്ളന്‍മാര്‍ മുന്‍ വാതിലിലൂടെയാണ് അകത്ത് കടക്കുന്നത്. അതുകൊണ്ട് തന്നെ വീട്ടുടമസ്ഥര്‍ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മോഷണങ്ങളില്‍ 28 ശതമാനത്തിലും കള്ളന്‍മാര്‍ പിന്‍ വശത്ത് ജനലിലൂടെയാണ് അകത്ത് കടന്നത്. 27 ശതമാനം മോഷണങ്ങളില്‍ കള്ളന്മാര്‍ മുന്‍ വാതിലൂടെ അകത്ത് കടന്നപ്പോള്‍ മറ്റൊരു 25 ശതമാനം പിന്‍ വാതിലൂടെ അകത്ത് കടക്കുകയായിരുന്നു.

അയര്‍ലണ്ടിലെ കാലാവസ്ഥ വ്യതിയാനം അനുസരിച്ചും മോഷണങ്ങളുടെ നിരക്കില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശൈത്യകാലത്തെ 20 ശതമാനം മോഷണങ്ങളും നടക്കുന്നത് സൂര്യാസ്തമയ സമയത്താണ്. ഈ കാലാവസ്ഥയില്‍ വീടുകളുംഅടച്ചിട്ടിരിക്കുകയോ ആളൊഴിഞ്ഞ സ്ഥിതിയിലോ ആയിരിക്കും. വേനല്‍ക്കാലവും മോഷ്ടാക്കളുടെ കൊയ്ത്ത് കാലമാണ്. ജനലുകളും കതകും ബലം പ്രയോഗിച്ച് തുറന്നാണ് ഈ സമയത്ത് കൂടുതലും മോഷണങ്ങളും നടക്കുന്നത്. 30 ശതമാനം മോഷണങ്ങളും നടക്കുന്നത് വൈകുന്നേരം 5 മണിക്കും 8 മണിക്കും ഇടയ്ക്കാണ്. മറ്റൊരു 15 ശതമാനം മോഷണങ്ങള്‍ അര്‍ദ്ധ രാത്രിക്ക് ശേഷം നടക്കുന്നു

Scroll To Top