Friday December 09, 2016
Latest Updates

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ കാശ്മീര്‍ ഇന്ത്യയില്‍ ഉണ്ടാകില്ലെന്ന് ഒമര്‍ അബ്ദുള്ള; കാശ്മീര്‍ ഒമറിന്റെ കുടുംബ സ്വത്താണോയെന്ന് ആര്‍എസ്എസ്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ കാശ്മീര്‍ ഇന്ത്യയില്‍ ഉണ്ടാകില്ലെന്ന് ഒമര്‍ അബ്ദുള്ള; കാശ്മീര്‍ ഒമറിന്റെ കുടുംബ സ്വത്താണോയെന്ന് ആര്‍എസ്എസ്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ കേന്ദ്രസര്‍ക്കാരിന്റെ ആദ്യ ദിനം തന്നെ വിവാദത്തില്‍ മുങ്ങി. കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ ശ്രമിച്ചാല്‍ കാശ്മീര്‍ ഇന്ത്യയില്‍ ഉണ്ടാകില്ലെന്ന ശക്തമായ മറുപടിയുമായി കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്ത് വന്നതോടെ വിവാദം ചൂട് പിടിച്ചു.

ഒമര്‍ അബ്ദുള്ളയുടെ മറുപടിക്ക് മറുപടിയുമായി ആര്‍എസ്എസ് കൂടി രംഗത്ത് വനന്തോടെ ഇതുസംബന്ധിച്ച വിവാദം ചൂടുപിടിക്കുകയാണ്. കാശ്മീര്‍ ഒമര്‍ അബ്ദുള്ളയുടെ കുടുംബ സ്വത്ത് ആണെന്നാണ് അദ്ദേഹത്തിന്റെ വിചാരമെന്നായിരുന്നു ആര്‍എസ്എസിന്റെ മറുപടി. ആര്‍എസ്എസ് വക്താവ് റാം മാധവ് ട്വിറ്ററിലൂടെയാണ് ഒമര്‍ അബ്ദുള്ളയ്ക്ക് മറുപടി നല്കിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാലും ഇല്ലെങ്കിലും കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ആര്‍എസ്എസ് വക്താവ് ട്വീറ്റ് ചെയ്തു.

ഇതോടെ ഏറെ നാളായി തര്‍ക്ക വിഷയമായി കിടക്കുന്ന കാശ്മീര്‍ വിഷയം വീണ്ടും വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. കാശ്മീര്‍ ഇന്ത്യയുടെതോ പാകിസ്ഥാന്റെതോ എന്ന് പതിറ്റാണ്ടുകള്‍ നീണ്ട അധികാരത്തര്‍ക്കമാണ്. കാശ്മീര്‍ രണ്ട് രാജ്യങ്ങളുടെയും ഭാഗമാകാതെ സ്വതന്ത്ര പദവിയുള്ള രാജ്യമായി നില്ക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ഈ അധികാര തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് കാശ്മീരിന് ഭരണഘടനയിലൂടെ പ്രത്യേക പദവി നല്കിയിരിക്കുന്നത്.

പ്രത്യേക പദവി ഉറപ്പ് നല്‍കുന്നതിനാല്‍ ഇന്ത്യയില്‍ രാജ്യവ്യാപകമായ പല നിയമങ്ങളും കാശ്മീരില്‍ ബാധകമല്ല. എന്നാല്‍ ഈ പ്രത്യേക പദവി റദ്ദാക്കി കാശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമാക്കാണമെന്ന് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യമാണ് അധികാരത്തിലേറി ഒന്നാം ദിവസം തന്നെ പരിഗണന വിഷയമായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അവതരിപ്പിച്ചത്.

കാശ്മീര്‍ വിഷയം ഒരു വൈകാരിക പ്രശ്‌നമായാണ് സംഘപരിവാര്‍ സംഘടനകള്‍ കണക്കാക്കുനത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചത് ഈ വൈകാരികതയുടെ പേരിലായിരുന്നു. ഏതായാലും ആര്‍എസ്എസിന് പൂര്‍ണ്ണ നിയന്ത്രണമുല്ല നരേന്ദ്ര മോഡി സര്‍ക്കാര്‍ കാശ്മീര്‍ വിഷയത്തില്‍ ഇനി എന്ത് നിലപാട് സ്വീകരിക്കണമെന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

 

Scroll To Top