Thursday December 08, 2016
Latest Updates

ആര്‍എസ്പി സൌഹൃദ മത്സരത്തിന്; വീരന് പാലക്കാട് കൊടുത്തേക്കും ; ഇടുക്കിയില്‍ ഒറ്റയ്ക്ക് മല്‍സരിക്കില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

ആര്‍എസ്പി സൌഹൃദ മത്സരത്തിന്; വീരന് പാലക്കാട് കൊടുത്തേക്കും ; ഇടുക്കിയില്‍ ഒറ്റയ്ക്ക് മല്‍സരിക്കില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

തിരുവനന്തപുരം: ഏറെക്കുറെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മുന്നേറുന്ന ഇടതുമുന്നണിക്ക് തലവേദനയായി ആര്‍എസ്പിയും യുഡിഎഫിന് തലവേദനയായി എസ്‌ജെഡിയും രംഗത്ത്. കൊല്ലം സീറ്റില്‍ സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആര്‍എസ്പി കൊല്ലത്ത് സൌഹൃദ മത്സരത്തിനു ആലോചിക്കുന്നു. ഇന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് കൊല്ലം വിട്ടു നല്‍കില്ലെന്ന് സിപിഎം നേതൃത്വം ആര്‍എസ്പി നേതാക്കളെ അറിയിച്ചത്.

രണ്ട് ദിവസം മുന്നേ എംഎ ബേബിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സിപിഎം പ്രചരണം തുടങ്ങിയിരുന്നു. അതേസമയം സിപിഎം കൊല്ലം സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ മുന്‍ മന്ത്രി എന്‍കെ പ്രേമചന്ദ്രനെ കൊല്ലത്ത് മത്സരിപ്പിക്കാനാണ് ആര്‍എസ്പിയുടെ നീക്കം. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ മല്‍സരിക്കുമെന്ന് ആര്‍എസ്പി കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ്പ് കെ തോമസ് പറഞ്ഞു. സൌഹൃദ മത്സര സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആര്‍എസ്പി നേതാവ് എഎ അസീസും വ്യക്തമാക്കി.

ആര്‍എസ്പിയെച്ചൊല്ലി ഇടതു മുന്നണിയില്‍ ഭിന്നത ഉടലെടുത്തപ്പോള്‍ വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയായ എസ്‌ജെഡിക്ക് ഇത് സീറ്റ് നല്‍കുമെന്ന് യുഡിഎഫില്‍ ധാരണ ആയില്ല. കഴിഞ്ഞ തവണ എസ്‌ജെഡി ഇടതു മുന്നണി വിട്ട് വന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം വടകര സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാല്‍ സിറ്റിംഗ് സീറ്റ് നല്കാനാകില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം.

വടകരയ്ക്ക് പകരം പാലക്കാട് നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചെങ്കിലും എസ്‌ജെഡി വഴങ്ങിയിട്ടില്ല. കോണ്‍ഗ്രസ് കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലമാണ് പാലക്കാട്. പാലക്കാട് വിട്ടു നല്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡിസിസി നേതൃത്വവുമായി ചര്‍ച്ച നടത്തി. ഇനി ഈ മാസം പത്തിനാണ് എസ്‌ജെഡി, കോണ്‍ഗ്രസ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നതു. വടകര നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും സിറ്റിംഗ് എംപിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ സീറ്റ് വിട്ടു നല്കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് യുഡിഎഫില്‍ പ്രതിസന്ധി ഉടലെടുത്തത്.

അതേസമയം ഇടുക്കിയില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഇടതു മുന്നണി ഇടുക്കി സീറ്റ് ഒഴിച്ചിട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഫ്രാന്‍സിസ് ജോര്‍ജിനെ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്. ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ മുന്നില്‍ നിരത്തിയാണ് നീക്കം. ഇടുക്കി ബിഷപ്പുമായി കണ്ണന്താനം ഇക്കാര്യം നേരത്തെ ചര്‍ച്ച ചെയ്തിരുന്നു.

Scroll To Top