Sunday December 04, 2016
Latest Updates

ആട് ആന്റണി ഒളിവിളിരിക്കവേ നടത്തിയത് അഞ്ഞൂറോളം മോഷണങ്ങള്‍,തൊണ്ടി മുതലുകള്‍ പിടിച്ചെടുത്തു 

ആട് ആന്റണി ഒളിവിളിരിക്കവേ നടത്തിയത് അഞ്ഞൂറോളം മോഷണങ്ങള്‍,തൊണ്ടി മുതലുകള്‍ പിടിച്ചെടുത്തു 

ചിറ്റൂര്‍ (പാലക്കാട്): ഒളിവില്‍ കഴിഞ്ഞിരുന്ന കാലയളവില്‍ അഞ്ഞൂറോളം കവര്‍ച്ചകള്‍ നടത്തിയതായി പൊലീസ് പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടെ കുറ്റസമ്മതം.തൊണ്ടിമുതലുകള്‍ ഗോപാലപുരത്തെയും പൊള്ളാച്ചിയ്ക്കടുത്ത ധാരാപുരെത്തയും വീടുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മൂന്നുവീതം വീഡിയോ ക്യാമറകള്‍, സ്റ്റില്‍ക്യാമറകള്‍, ലാപ്‌ടോപ്പുകള്‍, മെമ്മറി കാര്‍ഡുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വ്യാജ ലൈസന്‍സ്, ആധാരങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. വ്യാജ രേഖയുണ്ടാക്കി ഇയാള്‍ രണ്ടു ബാങ്ക് അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ട്. ഇതിലൊന്നില്‍ 90000 രൂപ നിക്ഷേപമുണ്ട്.

കഴിഞ്ഞദിവസം ഗോപാലപുരം കരുമാണ്ടകൗണ്ടനൂരിലെ ഭാര്യ വീട്ടില്‍ നിന്ന് നാടകീയമായി പിടിയിലായ പിടികിട്ടാപ്പുള്ളി കൊല്ലം കുണ്ടറ സ്വദേശി ആട് ആന്റണിയുടെ ഗോപാലപുരത്തെ വീട്ടില്‍ നിന്ന് പൊലീസ് ലക്ഷക്കണക്കിന് രൂപയുടെ മോഷണവസ്തുക്കള്‍ പിടിച്ചെടുത്തു. ഒളിവില്‍ കഴിയുമ്പോഴും തമിഴ്‌നാട്ടിലും മറ്റും ഇയാള്‍ മോഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ ആന്റണിയുടെ ഭാര്യ ബിന്ദു താമസിച്ചിരുന്ന വീട്ടില്‍ കൊല്ലം പൊലീസെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. കരുമാണ്ടി കൗണ്ടറിലുള്ള ബിന്ദുവിന്റെ ഒറ്റുമുറിയുള്ള വീടിനകത്ത് സൂക്ഷിച്ചിരുന്ന കാറും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും പൊലീസ് പിടിച്ചെടുത്തു. പൊലീസ് തെളിവെടുപ്പിന് ആന്റണിയുടെ ഭാര്യ പൂര്‍ണ സഹകരണവും നല്‍കി. ബിന്ദുവിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറും പിടിച്ചെടുത്തു.

ചിറ്റൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ തൊണ്ടി മുതല്‍ ഹാജരാക്കി പിന്നീട് കൊല്ലത്തേക്ക് കൊണ്ടുപോയി. ഇയാളുടെ തിരുപ്പൂര്‍ ധാരാപുരത്തെ സ്ഥലത്തിന്റെ ആധാരവും കണ്ടെടുത്തു. കണ്ണൂര്‍ സ്വദേശിയാണെന്നും മാതാപിതാക്കള്‍ മരണപ്പെട്ടെന്നും പറഞ്ഞാണ് ശെല്‍വരാജ് എന്ന പേരില്‍ തന്നെ വിവാഹാലോചന നടത്തിയതെന്ന് ബിന്ദു പറഞ്ഞു. തിരുപ്പൂരില്‍ തുണി വ്യാപാരമാണ് ജോലിയെന്നാണ് ഇവരോട് പറഞ്ഞിട്ടുള്ളത്. ആഴ്ചയിലൊരിക്കലേ വീട്ടില്‍ വന്നിരുന്നുള്ളൂ. മോഷണവസ്തുക്കളും ഇവരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

കുറഞ്ഞ വിലയ്ക്ക് ഇവ വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുന്ന ബിസിനസും തനിയ്ക്കുണ്ടെന്നാണ് ഇയാള്‍ ഭാര്യയോട് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ പതിനാലിനായിരുന്നു ഇവരുടെ വിവാഹം. ബിന്ദുവിന്റെ ആദ്യവിവാഹത്തിലെ രണ്ടുമക്കളെ സംരക്ഷിക്കാം എന്ന് വാക്കും നല്‍കിയിരുന്നു. യാതൊരു സംശയവും ഇയാളെപ്പറ്റി തോന്നിയിരുന്നില്ലെന്നും ബിന്ദു പോലീസിനോട് പറഞ്ഞു. 2012 ല്‍ കൊല്ലം പാരിപ്പള്ളിയില്‍ പോലീസുകാരനെ കുത്തിക്കൊന്നതിനു ശേഷം ഇയാള്‍ തിരുപ്പൂരിലാണ് ഒളിവില്‍ താമസിച്ചത്. കടയില്‍ സെയില്‍സ്മാനായിട്ടായിരുന്നു ജീവിതം. തുടര്‍ന്ന് സേലത്തേയ്ക്ക് പോയി. അവിടെ നിന്ന് ഏഴു ലക്ഷം രൂപയോളം മോഷ്ടിച്ചു. ഈ പണം ഉപയോഗിച്ച് ധാരാപുരത്ത് അഞ്ചുസെന്റ് സ്ഥലവും ഒരു കാറും വാങ്ങി. ഈ സ്ഥലവും കാറും കണ്ടുകെട്ടാനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് പോലീസിന്റെ കൂടി സഹകരണത്തോടെയായിരിക്കും ഈ നടപടികള്‍. പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്നും മെമ്മറി കാര്‍ഡുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Scroll To Top