Thursday December 08, 2016
Latest Updates

ആം ആദ്മി സ്ഥാപക നേതാവ് ഷാസിയ ഇല്‍മി പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചതായി റിപ്പോര്‍ട്ട്

ആം ആദ്മി സ്ഥാപക നേതാവ് ഷാസിയ ഇല്‍മി പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പൊട്ടിത്തെറി രൂക്ഷമാകുന്നു. എഎപിയുടെ മുതിര്‍ന്ന നേതാവ് ഷാസിയ ഇല്‍മി പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചതായി സൂചന. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിക്ക് ഇല്‍മി രാജിക്കത്ത് അയച്ച് കൊടുത്തതായും റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഡല്‍ഹിയില്‍ സീറ്റ് നിഷേധിക്കപ്പെട്ടത് മുതല്‍ ഷാസിയ ഇല്‍മി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.

കൂടാതെ സമീപകാലത്ത് പാര്‍ട്ടി സ്വീകരിച്ചു പോരുന്ന നയങ്ങളില്‍ അവര്‍ അതൃപ്തയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇതാണ് രാജിയിലേക്ക് നയിച്ചത്. ലോകസഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ സീറ്റ് ആവശ്യപ്പെട്ട ഷാസിയ ഇല്മിയോട് പാര്‍ട്ടി റായ്ബറേലിയില്‍ സോണിയ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റായ്ബറേലിയില്‍ മത്സരിക്കാന്‍ താല്പ്പര്യമില്ലെന്നു പ്രഖ്യാപിച്ച ഇല്‍മിക്ക് അവസാനം ഗാസിയബാദ് സീറ്റ് അനുവദിച്ചു.

ഗാസിയാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ കരസേന മേധാവിയുമായ ജനറല്‍ വികെ സിങ്ങിനോട് കനത്ത പരാജയമാണ് ഷാസിയ ഇല്‍മി ഏറ്റുവാങ്ങിയത്. ഈ സാഹചര്യത്തില്‍ ഇനി എഎപിയില്‍ തുടരാന്‍ താല്പ്പര്യമില്ലെന്നാണ് അവരോടു അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. അതേസമയം രാജി വാര്‍ത്ത സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. ഇന്ന് പത്രസമ്മേളനം വിളിച്ച് രാജിവാര്‍ത്ത പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഷാസിയ ഇല്‍മി.

Scroll To Top