Saturday December 10, 2016
Latest Updates

അവസാനഘട്ട സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടില്ല: ഡോക്ടര്‍മാരുടെ സമരം ചൊവ്വാഴ്ച്ച

അവസാനഘട്ട സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടില്ല: ഡോക്ടര്‍മാരുടെ സമരം ചൊവ്വാഴ്ച്ച

ഡബ്ലിന്‍ :എച്ച്എസ്ഇയും ഐഎംഒയും നടത്തിയ അവസാനഘട്ട ചര്‍ച്ചകള്‍ ഫലം കണ്ടില്ല. നോണ്‍ കണ്‍സല്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച്ച സമരം നടത്തും. സമരത്തോടനുബന്ധിച്ച് ആശുപത്രികള്‍ അന്നേ ദിവസം പുറമേ നിന്നുള്ള രോഗികള്‍ക്ക് അനുവദിച്ചിരുന്ന അപ്പോയിന്‍മെന്റുകള്‍ റദ്ദുചെയ്തു.
സമരത്തിനെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എച്ച്എസ്ഇ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 15,000ത്തില്‍ പരം രോഗികളെ സമരം പ്രതികൂലമായി ബാധിക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം എച്ച്എസ്ഇയും ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനും (ഐഎംഒ) തമ്മില്‍ നടത്തിയ അവസാനഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരവുമായി മുന്നോട്ടുപോകാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
രോഗികളെ ഉപദ്രപിക്കുകയല്ല ഡോക്ടര്‍മാര്‍ ചെയ്യണ്ടതെന്ന് അവസാനഘട്ട ചര്‍ച്ചയില്‍ പങ്കെടുത്ത ആരോഗ്യ മന്ത്രി ജെയിംസ് റൈലി പറഞ്ഞു.
എച്ച്എസ്ഇയോടുള്ള വിശ്വാസം നഷ്ടമായെന്നും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഐഎംഒ അറിയിച്ചു.
ആശുപത്രി അധികൃതര്‍ തന്നെ രോഗികളോട് നേരിട്ട് വിവരങ്ങള്‍ ധരിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി ഗ്രൂപ്പുകളുടെ എച്ച്എസ്ഇ ഡയറക്ടറായ ഇയാന്‍ കാര്‍ടര്‍ മാനേജ്‌മെന്റിന് കത്ത് നല്‍കി. രോഗികള്‍ക്ക് മറ്റൊരു ദിവസത്തേക്ക് അപ്പോയിന്‍മെന്റ് തീരുമാനിച്ചു നല്‍കണമെന്നും കാര്‍ടര്‍ ആവശ്യപ്പെട്ടു.
ലോക്കല്‍ യൂണിയന്‍ നേതാക്കളുമായി ബന്ധപ്പെട്ട് ആശുപത്രി സേവനങ്ങളില്‍ തടസം വരാതിരിക്കാനും മാനേജ്‌മെന്റ് ശ്രദ്ധിക്കണമെന്നും കാര്‍ടര്‍ കൂട്ടിച്ചേര്‍ത്തു.
അപകടനിലയിലുള്ള രോഗികള്‍ക്കുവേണ്ടി ഞായറാഴ്ച്ചകളില്‍ ആശുപത്രി നല്‍കുന്ന അതേ രീതിയിലുള്ള സര്‍വ്വീസുകള്‍ സമരദിവസം നടപ്പിലാക്കാന്‍ ഐഎംഒ സമ്മതിച്ചിട്ടുണ്ട്. ഓങ്കോളജി വിഭാഗത്തെയും ഡയാലിസിസ് വിഭാഗത്തെയും സമരം ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കും.
എന്‍സിഎച്ച്ഡിമാരുടെമേല്‍ എച്ച്എസ്ഇ അടിച്ചേല്‍പ്പിക്കുന്ന അധിക സമയ ജോലിഭാരത്തിനെതിരെ നടപ്പിലാക്കാമെന്നു പറഞ്ഞ യാതൊരു നടപടികളും എച്ച്എസ്ഇ നടപ്പിലാക്കാത്ത സാഹചര്യത്തില്‍ ഇത്തരം ഒരു സമരനടപടി അത്യാവശ്യമാണെന്ന് ഐഎംഒയുടെ ഇന്റസ്ട്രിയല്‍ റിലേഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ എറിക് യങ് പറഞ്ഞു.
ഡോക്ടര്‍മാരുടെ ജോലിസമയം കൂടിയത് 24 മണിക്കൂര്‍ എന്ന ഷിഫ്റ്റില്‍ മാറ്റം വരുത്താന്‍ ആശുപത്രികള്‍ക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് സമരനടപടി.

Scroll To Top