Tuesday December 06, 2016
Latest Updates

അള്‍സ്റ്റര്‍ ബാങ്ക് സാങ്കേതിക തകരാര്‍ :ഇന്ത്യാക്കാരെ പഴി പറഞ്ഞ് ബാങ്ക് അധികൃതര്‍

അള്‍സ്റ്റര്‍ ബാങ്ക് സാങ്കേതിക തകരാര്‍ :ഇന്ത്യാക്കാരെ പഴി പറഞ്ഞ് ബാങ്ക് അധികൃതര്‍

ഡബ്ലിന്‍:അള്‍സ്റ്റര്‍ ബാങ്ക് ഉപഭോക്താക്കളെ കുഴപ്പിക്കുന്ന സാങ്കേതിക തകരാറുകള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം കാണുന്നതിനായി പുതിയ പദ്ധതികള്‍. പുതുവര്‍ഷാരംഭത്തോടെ തന്നെ കംപ്യൂട്ടര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
വര്‍ഷത്തെ ഏറ്റവും തിരക്കേറിയ ആഴ്ച്ചയായ ഡിസംബര്‍ ആദ്യവാരം തന്നെ ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ടാണ് പണമിടപാടുകള്‍ പെട്ടെന്നു നിലച്ചത്. പെട്രോള്‍ പമ്പുകളിലും ഷോപ്പിംഗ് സെന്ററുകളിലും ആളുകള്‍ പകച്ചു നില്‍ക്കേണ്ടിയും വന്നു. എടിഎം മെഷീനുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമിച്ചവരും അന്താളിച്ചു. ആര്‍ക്കും തന്നെ തങ്ങളുടെ പണം എടുക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.
സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും വാര്‍ത്ത കാട്ടുതീ പോലെ പടരുകയും ചെയ്തു. ഉപഭോക്താക്കളില്‍ പലരും തങ്ങളുടെ അവസ്ഥ ട്വിറ്ററില്‍ കൂടി പങ്കുവയ്ക്കുകയായിരുന്നു.
ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ട് ഐടി സിസ്റ്റത്തില്‍ വന്ന തകരാറായിരുന്നുവെന്നാണ് അള്‍സ്റ്റര്‍ ബാങ്കിന്റെ ഉടമസ്ഥരായ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് (ആര്‍ബിഎസ്) അറിയിച്ചത്. അള്‍സ്റ്റര്‍ ബാങ്കിന്റെ ഇലക്ട്രോണിക് സിസ്റ്റം ആര്‍ബിഎസുമായും യുകെയിലെ നെറ്റ് വെസ്റ്റുമായും ബന്ധപ്പെട്ടിരിക്കുന്നതാണ്.

ബാങ്കിന്റെ ശാഖകളില്‍ ചെന്ന ഉപഭോക്താക്കളോട് ഐ ടി സിസ്റ്റം മാനേജ് ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയുടെ ‘ദോഷം പരസ്യമായി പറയാനും ജീവനക്കാര്‍ മടിച്ചില്ല.ഇടപാടുകളുമായി ബാങ്കില്‍ എത്തിയ നിരവധി ഇന്ത്യക്കാരോട് തന്നെ തമാശയായെങ്കിലും ഈ ആശങ്ക ജീവനക്കാര്‍ പങ്കു വയ്ക്കുകയുണ്ടായി.

എന്നാല്‍ ആര്‍ബിഎസ് കംപ്യൂട്ടര്‍ സിസ്റ്റത്തിന് ഇന്‍വെസ്റ്റ് ചെയ്യുന്നതില്‍ പരാജിതരാവുകയായിരുന്നുവെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആര്‍ബിഎസ് ചീഫ് എക്‌സിക്യുട്ടീവ് റോസ് മെക്കീവന്‍ പറയുന്നത്.ഇന്ത്യന്‍ കമ്പനിയ്ക്ക് നവീകരണത്തിനുള്ള ഫണ്ട് കൊടുത്തില്ല എന്നതാണ് യാഥാര്‍ഥ്യം . പുതുവര്‍ഷത്തോടു കൂടി തന്നെ ഐടി തകരാറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ കമ്പനി സ്വീകരിക്കുമെന്ന് മെക്കീവന്‍ അറിയിച്ചു.
പണമിടപാടുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ബുദ്ധിമുട്ട് നേരിട്ട ഉപഭോക്താക്കളോട് മാധ്യമങ്ങളിലൂടെ ക്ഷമചോദിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ അക്കൗണ്ട് ഉപയോഗിക്കുന്നതിനായി പ്രതിമാസം 4യൂറോയാണ് ബാങ്ക് ഉപഭോക്താവില്‍ നിന്നും ഈടാക്കുന്നത്.
ഇത്തരത്തിലുള്ള തകരാറ് 2012ല്‍ സംഭവിച്ചപ്പോള്‍ സിസ്റ്റം റീസ്‌റ്റോര്‍ ചെയ്യപ്പെട്ടതാണ്. അന്ന് 750,000ത്തലിധികം ഉപഭോക്താക്കളെ അത് ബാധിക്കുകയും ചെയ്തിരുന്നു. അതിനുശേഷം കഴിഞ്ഞ മാര്‍ച്ച് മാസമാണ് മറ്റൊരു ഐടി ക്രാഷ് ഉണ്ടായത്.
ബാങ്കുകളുടെ പേമെന്റ് ആക്റ്റിവിറ്റികളെ പ്രശ്‌നരഹിതമാക്കാനുള്ള നടപടികളിലേക്ക് ഐറിഷ് പേമെന്റ് സര്‍വ്വീസ് അസോസിയേഷന്‍ (ഐപിഎസ്ഒ) നീങ്ങുന്നതായാണ് സെന്‍ട്രല്‍ ബാങ്ക് അറിയിക്കുന്നത്.

Scroll To Top