Monday December 05, 2016
Latest Updates

അള്‍സ്റ്റര്‍ ബാങ്ക് വീണ്ടും കുഴപ്പത്തില്‍ :ഉപഭോക്താക്കള്‍ വലഞ്ഞു

അള്‍സ്റ്റര്‍ ബാങ്ക് വീണ്ടും കുഴപ്പത്തില്‍ :ഉപഭോക്താക്കള്‍ വലഞ്ഞു

ഡബ്ലിന്‍ :ആയിരക്കണക്കിന് ഉപഭോക്താക്കളെ ആശങ്കയിലാക്കിക്കൊണ്ട് അള്‍സ്റ്റര്‍ ബാങ്ക് വീണ്ടും ടെക്‌നിക്കല്‍ പ്രശ്‌നത്തില്‍. കഴിഞ്ഞ ദിവസമാണ് അള്‍സ്റ്റര്‍ ബാങ്കിന്റെ എടിഎം കാര്‍ഡുകളും ക്രഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ ഞെട്ടിയത്. പണം പിന്‍വലിക്കാന്‍ സാധിക്കാതെ പകച്ചു നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇവര്‍ക്കു മുന്നില്‍ ഇല്ലായിരുന്നു.

2012ലും ഇതുപോലെ ഐടി മേഖലയില്‍ വന്ന പിഴവു നിമിത്തം ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കാതെ വിഷമിച്ചിരുന്നു. അതേ അവസ്ഥയാണ് കഴിഞ്ഞ ദിവസവും സംഭവിച്ചത്. ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ മരവിച്ച അവസ്ഥയായിരുന്നു. 12 മില്ല്യന്‍ ആള്‍ക്കാര്‍ക്ക് അവരുടെ പണം ഉപയോഗിക്കുന്നതില്‍ തടസം നേരിട്ടതായാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ഉപഭോക്താക്കള്‍ തങ്ങളുടെ ഭയവും ആശങ്കയും ട്വിറ്റര്‍ വഴി രേഖപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ കംപ്യൂട്ടര്‍ തെറ്റുകള്‍ പരിഹരിക്കപ്പെട്ടതായാണ് ബാങ്ക് അറിയിക്കുന്നത്. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് പണമെടുക്കുന്നതിനുള്ള സംവിധാനം പുനരാരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ബാങ്ക് അധികൃതര്‍ ക്ഷമ ചോദിക്കുകയും ചെയ്തു. സിസ്റ്റം പഴയ രീതിയില്‍ തന്നെ പ്രവര്‍ത്തനത്തില്‍ വന്നതായി ഉപഭോക്താക്കള്‍ തന്നെ വിവരം നല്‍കിയതായും ബാങ്ക് വക്താവ് അറിയിച്ചിട്ടുണ്ട്.

എത്രമാത്രം ഉപഭോക്താക്കള്‍ പ്രശ്‌നത്തിലായി എന്നുള്ളതിന് വ്യക്തമായ കണക്കുകള്‍ നല്‍കാന്‍ ബാങ്കിന് സാധിക്കുന്നില്ല. യുകെയിലെയും അയര്‍ലണ്ടിലെയും ഭൂരിഭാഗം ഉപഭോക്താക്കളെയും പ്രശ്‌നം അലട്ടിയതായാണ് സൂചന.

ക്രിസ്തുമസ് സീസണിലെ വ്യാപാര മേഖലകളിലെ ഏറ്റവും തിരക്കു പിടിച്ച തിങ്കളാഴ്ച്ച ദിവസം തന്നെ പ്രശ്‌നം സംഭവിക്കുകയും ചെയ്തു. അള്‍സ്റ്റര്‍ ബാങ്ക് സിസ്റ്റം തകരാറിലായിരിക്കുകയാണെന്ന് ഒട്ടേറെ ഉപഭോക്താക്കള്‍ ട്വിറ്ററിലൂടെ രേഖപ്പെടുത്തിയിരുന്നു.

2012ല്‍ സംഭവിച്ച തകരാറുകള്‍ നിമിത്തം ഉപഭോക്താവിന് ഒരു മാസത്തോളമാണ് പണമെടുക്കുന്നതില്‍ തടസം നേരിട്ടത്. 2012 ജൂണ്‍ 19 മുതല്‍ ജൂലായ് 18 വരെയുള്ള സമയങ്ങളിലായിരുന്നു അള്‍സ്റ്റര്‍ ബാങ്കിന്റെ ആദ്യത്തെ തകരാറ് സംഭവിച്ചത്.
ഇത്തവണ വളരെ പെട്ടെന്നു തന്നെ ഐടി തകരാറ് കണ്ടെത്തി പരിഹരിക്കാന്‍ സാധിച്ചിട്ടുമുണ്ട്.
എഐബിയുടെയും ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെയും ഉപഭോക്താക്കള്‍ക്ക് പക്ഷേ കഴിഞ്ഞ ദിവസം പണമിടപാടുകള്‍ നടത്തുന്നതില്‍ യാതൊരു തടസവും അനുഭവപ്പെട്ടില്ല.

Scroll To Top