Saturday December 03, 2016
Latest Updates

അലന്‍ ഷാറ്ററുടെ മന്ത്രി സ്ഥാനം തെറിപ്പിച്ച വിവാദത്തില്‍ പ്രധാനമന്ത്രി മോറി മകബെയോട് മാപ്പ് പറഞ്ഞു

അലന്‍ ഷാറ്ററുടെ മന്ത്രി സ്ഥാനം തെറിപ്പിച്ച വിവാദത്തില്‍ പ്രധാനമന്ത്രി മോറി മകബെയോട് മാപ്പ് പറഞ്ഞു

ഡബ്ലിന്‍: ജസ്റ്റിസ് മന്ത്രി അലന്‍ ഷാറ്ററുടെ മന്ത്രിസ്ഥാനം തെറിപ്പിച്ച ഗാര്‍ഡ വിവാദത്തില്‍ പ്രധാനമന്ത്രി എന്‍ഡ കെന്നി വിസില്‍ബ്ലോവര്‍ മോറി മകബെയോട് മാപ്പ് പറഞ്ഞു. ഗാര്‍ഡയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിസില്‍ബ്ലോവര്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളില്‍ നടപടി എടുക്കുന്നതില്‍ അലംഭാവം കാണിച്ചതിനാണ് പ്രധാനമന്ത്രി ഖേദപ്രകടനം നടത്തിയത്.

വിസില്‍ബ്ലോവര്‍ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നു ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കഴിഞ്ഞയാഴ്ച അലന്‍ ഷാറ്റര്‍ രാജി വച്ചത്. 

ബാരിസ്റ്റര്‍ സീന്‍ ഗേരിനാണ് അന്വേഷണം നടത്തിയത്. വീഴ്ച സംഭവിച്ചതില്‍ ഖേദ പ്രകടനം നടത്താന്‍ വൈമനസ്യമില്ലെന്ന് എന്‍ഡ കെന്നി പറഞ്ഞു. ജസ്റ്റിസ് മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നലെ പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗേരിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ ഗുരുതരമായ കണ്ടെത്തലുകളെക്കുറിച്ച് ഗാര്‍ഡ ഇന്‍സ്‌പെക്ടറേറ്റും അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഗാര്‍ഡയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ ഗാര്‍ഡ ഓംബുഡ്‌സ്മാന്‍ കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഒരു സ്വതന്ത്ര ഗാര്‍ഡ അതോറിറ്റിയെ നിയമിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ ഗാര്‍ഡ കമ്മീഷണറുടെ നിയമനം സുതാര്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാര്‍ഡയുടെ കാവന്‍, മോണാഗന്‍ ഡിവിഷനുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ചാണ് വിസില്‍ബ്ലോവര്‍ മുന്നറിയിപ്പ് നല്കിയത്. 

എന്നാല്‍ ജസ്റ്റിസ് മന്ത്രാലയം അത് അവഗണിച്ചു എന്നാണ് ആരോപണം. ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ജസ്റ്റിസ് മന്ത്രാലയത്തിന്റെ സെക്രട്ടറി ജനറല്‍ ബ്രിയാന്‍ പര്‍സീല്‍ ഈ ആഴ്ച ടിഡിമാരുടെയും സെനറ്റര്‍മാരുടെയും കമ്മറ്റിക്ക് മുന്‍പാകെ ഹാജരാകും. വ്യാഴാഴ്ചയാണ് ബ്രിയാന്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്കാന്‍ പാര്‍ലമെന്ററി കമ്മറ്റിക്ക് മുന്‍പാകെ ഹാജരാകുക.

Scroll To Top