Thursday December 08, 2016
Latest Updates

അലന്‍ ഷാറ്റര്‍ക്ക് കുമ്മായവും നാസി പടയാളികളുടെ ചിത്രവും അടങ്ങിയ ഭീഷണിക്കത്ത്

അലന്‍ ഷാറ്റര്‍ക്ക് കുമ്മായവും നാസി പടയാളികളുടെ ചിത്രവും അടങ്ങിയ ഭീഷണിക്കത്ത്

ഡബ്ലിന്‍: അലന്‍ ഷാറ്റര്‍ക്ക് കുമ്മായവും നാസി ഫോട്ടോഗ്രാഫും സ്വസ്തിക ചിഹ്നവും അടങ്ങിയ കവര്‍ ലഭിച്ചു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് ഷാറ്റര്‍ക്ക് ഈ കവര്‍ ലഭിച്ചത്. ഇതോടെ ഷാറ്ററുടെ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഗാര്‍ഡ മേധാവിയുടെ രാജിയുമായി ബന്ധപ്പെട്ടു വിവാദത്തിലായിരിക്കുന്ന ഷാറ്ററെ ഭീഷണിപ്പെടുത്താന്‍ ഏതോ വിരുതന്‍മാര്‍ ഒപ്പിച്ച പണിയാണിതു. എന്തായാലും ഗാര്‍ഡ അധികൃതര്‍ക്ക് വീണ്ടും പണിയായി. കുമ്മായം നിറച്ച കവര്‍ ലഭിച്ച വിവരമറിഞ്ഞ് ഗാര്‍ഡ ഷാറ്ററുടെ വസതിയില്‍ പരിശോധന നടത്തി. കവറില്‍ ഉണ്ടായിരുന്നത് ബേക്കിംഗ് പൌഡറാണെന്ന് അധികൃതര്‍ കണ്ടെത്തി.

ഹിറ്റ്‌ലറുടെ ഭരണകാലത്തെ നാസി പടയാളികളുടെ ചിത്രവും അതില്‍ പതിച്ച സ്വാസ്തിക ചിഹ്നവുമാണ് കവറില്‍ ഉണ്ടായിരുന്ന മറ്റൊരു വസ്തു. ഈ ചിത്രം കവറില്‍ അടക്കം ചെയ്തതിലൂടെ കവര്‍ അയച്ചവര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടു സമീപകാലത്ത് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഷാറ്റര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഡയല്‍ തള്ളിയിരുന്നു . ഈ സാഹചര്യത്തില്‍ ലോകം കണ്ട ഏറ്റവും വലിയ ഏകാധിപത്യ ഭരണാധികാരിയായ ഹിറ്റ്‌ലറെ ഓര്മ്മിപ്പിക്കുന്ന ചിത്രം അടങ്ങിയ കവര്‍ ഷാറ്റര്‍ക്ക് ലഭിച്ചത് ഗാര്‍ഡ അതീവ ഗൌരവത്തോടെയാണ് കാണുന്നത്.

കത്ത് അയച്ചത് ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡാന്‍ഡ്രം ഗാര്‍ഡ സ്റ്റേഷന്‍ അധികൃതര്‍. കവര്‍ ലഭിച്ചതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ജസ്റ്റിസ് മന്ത്രാലയം വ്യക്തമാക്കി. മന്ത്രി അലന്‍ ഷാറ്ററും ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇന്നലെ രാവിലെ 10.45 ഓടെ അദ്ദേഹം ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. അതീസമയം ഷാറ്റര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ച സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി എന്‍ഡ കെന്നിയും ആരോഗ്യമന്ത്രി ജെയിംസ് റീലിയും രംഗത്ത് വന്നു. ഇത്തരമൊരു കത്ത് ലഭിച്ചത് ഭയാനകമായ സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് ജെയിംസ് റീലി പ്രതികരിച്ചു.

Scroll To Top