Saturday December 10, 2016
Latest Updates

അറ്റ്‌ലാന്റ്റിക് കാറ്റ് ശക്തമാകുന്നു : പത്ത് ദിവസത്തേയ്ക്ക് കൂടി മോശം കാലാവസ്ഥ തുടരുമെന്ന് മെറ്റ് എറാന്‍

അറ്റ്‌ലാന്റ്റിക് കാറ്റ് ശക്തമാകുന്നു : പത്ത് ദിവസത്തേയ്ക്ക് കൂടി മോശം കാലാവസ്ഥ തുടരുമെന്ന് മെറ്റ് എറാന്‍

കോര്‍ക്ക് :അയര്‍ലണ്ടില്‍ പല ഭാഗങ്ങളിലായി തുടരുന്ന കാറ്റും വേലിയേറ്റവും ഇനിയുള്ള 10 ദിവസങ്ങളില്‍ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചു. ഇതോടെ കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്കുകൂടി വെള്ളം കയറുമെന്നുള്ള സൂചനയും ലഭിക്കുകയാണ്.
വെള്ളപ്പൊക്കം നിമിത്തം ദുരിതമനുഭവിക്കുന്ന തീരദേശനിവാസികളെ ആക്രമിക്കാന്‍ തയ്യാറായി അറ്റ്‌ലാന്റിക് കാറ്റ് ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. പല പ്രദേശങ്ങളും റോഡുകളും ഷോപ്പിംഗ് സെന്ററുകളും ഇപ്പോഴും വെള്ളം കയറിയ അവസ്ഥയില്‍ തന്നെയാണ്.
വളരെ കഠിനമായ രീതിയിലുള്ള കാലാവസ്ഥ തന്നെ പ്രതീക്ഷിക്കണമെന്നാണ് അറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള കൃഷിസ്ഥലങ്ങളും വെള്ളം കയറിയിട്ടുണ്ട്. ഏറ്റവും കൂടുതലായി വെള്ളപ്പൊക്കവും കാറ്റും ബാധിച്ചിരിക്കുന്നത് കോര്‍ക്കിനെയും ലിമറിക്കിനെയുമാണ്. ചില സമയങ്ങളില്‍ കടല്‍ ശാന്തമാണെങ്കിലും പെട്ടെന്നുള്ള ആക്രമണസ്വഭാവമാണ് ഇപ്പോള്‍ കാണിക്കുന്നത്. അതിനാല്‍ തന്നെ തീരപ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ തന്നെയാണ് കാലാവസ്ഥ വകുപ്പും തീരദേശസേനയും മുന്നറിയിപ്പു നല്‍കുന്നത്.

രാജ്യത്തുള്ള ഒട്ടുമിക്ക നദികളും തീരം തകര്‍ത്തുകൊണ്ട് ഒഴുകിത്തുടങ്ങിയിരിക്കുന്നതായാണ് നാഷണല്‍ കോര്‍ഡിനേഷന്‍ ഗ്രൂപ്പ് ഓണ്‍ സിവിയര്‍ വെതര്‍ അറിയിക്കുന്നത്. ഷാനണ്‍, ബാരോ, നോര്‍, സ്ലാനി തുടങ്ങിയ നദികളാണ് ഏറ്റവും അപകടകരമായി ഇപ്പോള്‍ തുടരുന്നത്.
കാലാവസ്ഥ കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് വരും ദിവസങ്ങളില്‍ നീങ്ങുമെന്നാണ് മെറ്റ് എറാന്‍ വക്താവ് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിലാവുമെന്നും ജലനിരപ്പ് ഉയരുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
റോഡുപഭോക്താക്കള്‍ കൂടുതല്‍ ശ്രദ്ധയോടെ മാത്രമേ വാഹനങ്ങള്‍ ഓടിക്കാവു എന്നും റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചിട്ടുണ്ട്. റോഡില്‍ വെള്ളം കയറിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ആ വഴി മാറ്റി മറ്റുവഴികള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കണമെന്നും റോഡ്‌സേഫ്റ്റി അതോറിറ്റി പറയുന്നു.

Scroll To Top