Sunday December 04, 2016
Latest Updates

അറബി വേഷം ധരിച്ച കൊള്ളക്കാര്‍ ഡബ്ലിന്‍ ജ്വല്ലറിയില്‍ നിന്നും ലക്ഷങ്ങളുടെ ഡയമണ്ട് തട്ടിയെടുത്തു

അറബി വേഷം ധരിച്ച കൊള്ളക്കാര്‍ ഡബ്ലിന്‍ ജ്വല്ലറിയില്‍ നിന്നും ലക്ഷങ്ങളുടെ ഡയമണ്ട് തട്ടിയെടുത്തു

ഡബ്ലിന്‍:ഡബ്ലിന്‍ ജ്വല്ലറിയില്‍ നിന്നും കൊള്ളക്കാര്‍ ഡയമണ്ട് മോതിരങ്ങള്‍ തട്ടിയെടുത്തു. 135,000 യൂറോ വിലയുള്ള രണ്ട് മോതിരങ്ങളാണ് കള്ളന്‍മാര്‍ തട്ടിയിരിക്കുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലണ്ടനിലെ ഹാറോഡ്‌സില്‍ വച്ചും 48,000 യൂറോ മോഷ്ടിച്ച രണ്ടുപേരാണ് ഇവരെന്ന് ഗാര്‍ഡ സംശയിക്കുന്നു. ദമ്പതികളായി എത്തുന്ന ഇവര്‍ പല സ്ഥലങ്ങളില്‍ വച്ചും വര്‍ഷങ്ങളായി മോഷണങ്ങള്‍ നടത്തിയവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്പിലങ്ങോളമിങ്ങോളം സഞ്ചരിച്ച് മോഷണം നടത്തുന്നവരാണ് രണ്ടുപേരും എന്നും സൂചനകള്‍ ലഭ്യമായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ വയേര്‍സ് ജ്വല്ലറിയില്‍ നിന്നും 40,000 യൂറോ വിലവരുന്ന പിലിപ്പി പാറ്റക് വാച്ച് മോഷ്ടിച്ചതിന്റെ ദൃശ്യങ്ങള്‍ വയേര്‍സ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നതും ഇവരുടേതാണെന്ന് സംശയമുണ്ട്. സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നതും ദമ്പതികളുടെ വേഷത്തില്‍ എത്തിയവരുടെ ദൃശ്യങ്ങളായിരുന്നു.

ഇത്തവണ ഫെബ്രുവരി 10നാണ് ഡബ്ലിനിലെ ഒരു ജ്വല്ലറിയില്‍ വച്ച് രണ്ട് ഡയമണ്ട് മോതിരങ്ങള്‍ കളവ് നടത്തിയത്. ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ ബൂഡില്‍സ് ജ്വല്ലറിയില്‍ അറബികളുടെ രീതിയിലുള്ള വസ്ത്ര ധാരണത്തോടെ എത്തിയവരാണ് മോതിരങ്ങള്‍ എടുത്തതെന്നാണ് ഗാര്‍ഡ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഷ്ടിക്കപ്പെട്ടവയില്‍ ഒരു മോതിരത്തിന് 100,000 യൂറോയും രണ്ടാമത്തേതിന് 35,000 യൂറോയും വിലവരും.
അറബി ദമ്പതികളായി എത്തിയതില്‍ ഭര്‍ത്താവ് രണ്ട് മോതിരങ്ങള്‍ കാണിക്കാന്‍ പറയുകയും മോതിരങ്ങള്‍ കൊണ്ടുവന്നപ്പോള്‍ എടുത്തുനോക്കി അതിന്റെ സ്ഥാനത്ത് കള്ളമോതിരങ്ങള്‍ വയ്ക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് മോതിരങ്ങള്‍ യഥാര്‍ത്ഥ വജ്രമോതിരങ്ങളല്ലെന്ന് മനസിലായത്.

മുപ്പതുവയസ്സു പ്രായം തോന്നിക്കുന്ന യുവാവും ഇരുപതുവയസ്സു പ്രായം തോന്നിക്കുന്ന യുവതിയും ആണ് മോഷണങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ഗാര്‍ഡ അറിയിക്കുന്നത്. മോഷ്ടാക്കള്‍ രണ്ടുപേരും ഇപ്പോള്‍ അയര്‍ലണ്ടില്‍ തന്നെ ഒരുമിച്ചു താമസിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഇവര്‍ നടത്തിയ വാച്ച് മോഷണത്തില്‍ യഥാര്‍ത്ഥ വാച്ച് കീശയിലാക്കിയതിനു ശേഷം അതിനു പകരമായി ഡ്യൂപ്ലിക്കേറ്റ് വയ്ക്കുകയായിരുന്നു. ഈ രണ്ട് മോഷണങ്ങളും മോഷ്ടാക്കള്‍ ഷോപ്പില്‍ നിന്നും ഇറങ്ങിയതിനു ശേഷം മാത്രമാണ് ഷോപ്പ് അധികൃതര്‍ക്ക് മനസിലാക്കാന്‍ സാധിച്ചുള്ളൂ.

ഈ രണ്ട് മോഷണങ്ങളോടും സാമ്യമുള്ള മോഷണങ്ങള്‍ യൂറോപ്പിലെയും നോര്‍ത്ത് അമേരിക്കയിലെയും പല ഷോപ്പുകളിലും അരങ്ങേറിയിട്ടുണ്ടെന്നും അപ്പോഴൊക്കെയും മോഷ്ടാക്കള്‍ ദമ്പതിമാരുടെ വേഷത്തിലാണ് എത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2012 ആഗസ്തില്‍ ഹാറോഡ്‌സിലുള്ള ഷോപ്പില്‍ അറബി ദമ്പതികളുടെ രൂപത്തിലെത്തി 40,000 യൂറോയുടെ വാച്ച് മോഷ്ടിക്കാന്‍ ശ്രമിച്ചതും ഇവര്‍ തന്നെയാണെന്ന സംശയത്തിലാണ് ഗാര്‍ഡ. ഹാറോഡ്‌സില്‍ വച്ചും ഇവര്‍ യഥാര്‍ത്ഥ വാച്ചിനു പകരം അതുപോലെ തോന്നിക്കുന്ന കള്ള വാച്ചാണ് കൊണ്ട് വച്ചത്.

ഈ കേസില്‍ കള്ളന്‍മാരെ വലയിലാക്കാന്‍ ബ്രിട്ടീഷ് പോലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ഗാര്‍ഡ തീരുമാനിച്ചിരിക്കുന്നത്. കള്ളന്‍മാരില്‍ പുരുഷന്‍ റോമ ഫാമിലി അംഗമാണെന്നും 2012ല്‍ ജര്‍മനിയില്‍ വച്ച് ഒരു മോഷണ ശ്രമത്തിനിടെ ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഗാര്‍ഡ അറിയിച്ചു. ഇംഗ്ലണ്ടില്‍ വച്ചു തന്നെ പല സ്ഥലങ്ങളിലായി ഇതേ സംഘം തന്നെ മോഷണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
സംഘത്തിലെ സ്ത്രീയും ഇംഗ്ലണ്ടിലെ ഒട്ടേറെ കൊള്ളകളില്‍ പങ്കാളിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നുണ്ട്.

ചെഷെയറിലുള്ള ജ്വല്ലറിയില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി ഉണ്ടായ മോഷണത്തെത്തുടര്‍ന്ന് യൂറോപ്യന്‍, ഈസ്റ്റേണ്‍ ആളുകള്‍ക്ക് പ്രവേശനമില്ലെന്ന തരത്തിലുള്ള ബോര്‍ഡ് ഷോപ്പുടമ സ്ഥാപിക്കേണ്ടി വന്നിട്ടുണ്ട്.

മോഷ്ടാക്കളുടെ കുടുംബം ട്രാന്‍സില്‍വാനിയയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈയിടെയായി ഈ കുടുംബത്തിന്റെ വരുമാനം ഇരട്ടിയിലധികമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും എന്നാല്‍ അതെവിടെ നിന്നാണ് ഇവര്‍ക്ക് ലഭിച്ചതെന്ന് യാതൊരു അറിവുമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Scroll To Top