Friday December 02, 2016
Latest Updates

അറബി കല്യാണം: പെണ്‍കുട്ടി നീതി തേടുന്നു

അറബി കല്യാണം: പെണ്‍കുട്ടി നീതി തേടുന്നു

പണ്ടുകാലത്ത് ഇന്ത്യയുടെ പല പ്രദേശങ്ങളിലും നടത്തപ്പെട്ടിരുന്നതാണ് അറബി കല്യാണങ്ങള്‍. കേരളത്തില്‍ ഇത് മൈസൂര്‍ കല്യാണം എന്ന പേരിലും അറിയപ്പെട്ടിരുന്നു. സാക്ഷര കേരളത്തില്‍ കുറേകാലങ്ങളായി അറബി കല്യാണം എന്ന പേരില്‍ ആരും ചൂഷണം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ജൂണില്‍ കോഴിക്കോട് ഉള്ള സിയസ്കോ അനാഥാലയത്തിലെ 17കാരിക്ക് വീണ്ടും ബലിയാകേണ്ടി വന്നിരിക്കുകയാണ്.

ചെറുപ്പത്തിലെ വാപ്പ മരിച്ച പെണ്‍കുട്ടിയെ ഉമ്മയാണ് ഇവിടെ ഏല്‍പ്പിച്ചത്. പട്ടിണിയും പരിവട്ടവുമായി തന്റെ മക്കള്‍ കൂടി വളരരുതെന്നാവും ആ പാവം ആഗ്രഹിച്ചിട്ടുണ്ടാവുക. അവള്‍ക്കു താഴെയുള്ള രണ്ടു സഹോദരങ്ങളെ മറ്റ് അനാഥാലയങ്ങളിലും ഏല്‍പ്പിച്ചു. പെണ്‍കുട്ടിയുടെ പഠനകാര്യങ്ങള്‍ നോക്കിയത് അനാഥാലയമായിരുന്നു. പ്ലസ്ടു നല്ല മാര്‍ക്കോടെ പാസായപ്പോള്‍ അവളും തുടര്‍ പഠനത്തിന് ആഗ്രഹിച്ചു. എന്നാല്‍ ഇത്തരം ഒരു കല്യാണാലോചന ജീവിതം തകര്‍ത്തെറിയാന്‍ തലപൊക്കിയത് അപ്പോഴാണ്‌.

വിവാഹം ചെയ്യേണ്ട ആളുടെ നാടോ വിവരങ്ങളോ അറിയാതെ അവള്‍ക്ക് കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു. എന്നാല്‍ ചതി മനസിലായത് കല്യാണ ശേഷം. അറബിനാട്ടിലേക്കു പോയ വരന്റെ വിവരങ്ങളൊന്നും കിട്ടാതായപ്പോള്‍. തിരികെ അനാഥാലയത്തില്‍ ചെന്നെങ്കിലും ഭര്‍ത്താവ് വന്നാല്‍ വിവരം അറിയിക്കാം എന്ന് പറഞ്ഞു അവര്‍ കയ്യൊഴിഞ്ഞു.

പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ പരാതി നല്‍കിയതോടെയാണ് അറബികല്യാണം പുറം ലോകം അറിഞ്ഞത്. ഇതേ തുടര്‍ന്നു അറബിയുടെ മാതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അറബിക്ക് എതിരെയും കേസ് എടുത്തു. സിയസ്കോ അനാഥാലയത്തിനു ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതും യത്തീംഖാനയിലെ പെണ്‍കുട്ടിയെ കല്യാണം കഴിപ്പിക്കുന്നതിനു മുൻപ് ബോര്‍ഡിനോട് അനുവാദം ചോദിച്ചില്ല എന്നിവയുമാണ്‌ സിയസ്കൊയ്ക്കെതിരെ ബോര്‍ഡ് ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ .

അന്വേഷണം പുരോഗമിക്കുകയാണ്. ജാസിം മുഹമ്മദ് അല്‍ കരീം എന്ന യു എ ഇ പൌരന്‍ ആണ് പെണ്‍കുട്ടിയെ വഞ്ചിച്ച് കടന്നിരിക്കുന്നത്. അറബികല്ല്യാണവും മൈസൂര്‍ കല്യാണവും ഇനിയും പാവപ്പെട്ട കുട്ടികളുടെ ജീവിതം തകര്‍ക്കാന്‍ ഇടയാക്കരുതെന്നു പ്രശ്നത്തിൽ ഇടപെട്ട സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു

Scroll To Top