Sunday December 11, 2016
Latest Updates

അയർലണ്ടിൽ ഇന്ത്യൻ ഗ്രാമം ഒരുക്കി വിക്റ്റർ സഞ്ചാരികളെ കാത്തിരിക്കുന്നു

അയർലണ്ടിൽ ഇന്ത്യൻ ഗ്രാമം ഒരുക്കി വിക്റ്റർ സഞ്ചാരികളെ കാത്തിരിക്കുന്നു

ഡബ്ലിൻ :നാം ഇന്ത്യാക്കാരെക്കാൾ അധികമായി ഇന്ത്യയെ സ്നേഹിക്കുന്ന ഒരു ഐറിഷ്കാരനുണ്ടോ ? ഡബ്ലിനടുത്ത് ബ്രേയിൽ നിന്നും 20 കിലോ മീറ്റർ യാത്രചെയ്ത് റൌണ്ട്സ് വുഡിലെ ഇന്ത്യൻ സ്കൾപ്ച്ചർ ഗ്രാമത്തിൽ എത്തിയാൽ അങ്ങനെ കരുതാതിരിക്കാൻ ആവില്ല.ഇരുപത്തി രണ്ടേക്കർ സ്ഥലം മുഴുവൻ ഇന്ത്യയോടുള്ള സ്നേഹത്താൽ നിറച്ചു നമ്മെ കാത്തിരിക്കുന്ന എഴുപത്തിയഞ്ച് വയസുകാരൻ വിക്റ്റർ ഏതൊരു ഇന്ത്യാക്കാരനെയും അതിശയിപ്പിക്കുക തന്നെ ചെയ്യും .

വിക്ലോ മലനിരകളിലേയ്ക്കുള്ള വഴികൾ നിറയെ മഞ്ഞയും ചുമപ്പും നിറഞ്ഞ പൂക്കൾ സൂര്യവെളിച്ചത്തിൽ തിളങ്ങി നിന്ന ഒരു പ്രഭാതത്തിലാണ് കേരള ഹൗസ് കോ ഓർഡിനേറ്റർകൂടിയായ വിപിൻ ചന്ദിനോടൊപ്പംവിക്റ്ററിന്റെ ‘വിക്റ്റോറിയ വേസ് ‘എന്ന ഇന്ത്യൻ ശിൽപ്പകലാ ഗ്രാമത്തിൽ എത്തിയത് …

മനോഹരമായ പ്രവേശന കവാടം കടന്ന് അകത്തെത്തുമ്പോൾ വിശാലമായ പച്ച പുതപ്പിച്ച മൈതാനമാണ് .ഇന്ത്യാക്കാരും ,മറ്റുള്ളവരുമായി രണ്ട് ഡസനോളമാൾക്കാർ മൈതാനത്തിന്റെ ഓരോ ഭാഗങ്ങളിലായി കാഴ്ചകൾ കണ്ടു നടക്കുന്നുണ്ട് .ഇതൊന്നും ശ്രദ്ധിക്കാതെ മൈതാനത്തെ പുല്ല് വെട്ടിനീക്കുന്ന തിരക്കിൽ ഗ്രാസ് കട്ടിംഗ് യന്ത്രവുമായി ഒരു മനുഷ്യൻ പ്രവർത്തന നിരതനായി അവിടെയുണ്ട് .സന്ദർശകരിൽ ആരെങ്കിലും അടുത്തെത്തിയാൽ യന്ത്രം ഓഫാക്കി അവരോട് വിവരങ്ങൾ പറഞ്ഞു കൊടുക്കുന്നുമുണ്ട്

victorബ്രേയിൽ ജനിച്ച് വളർന്ന വിക്റ്റർ ലങ്ങ്ഹെൽട്‌ എന്ന ഈ മനുഷ്യന്റെ കഥ വിചിത്രമായി തോന്നാം .പക്ഷേ ഒരുകാര്യം ഉറപ്പാണ് .ഭാരതീയ സംസ്കാരത്തെയും ,ഗാന്ധിസത്തെയും ഇത്രധികം ആദരിക്കുന്ന ഒരു മനുഷ്യനെ കണ്ടു മുട്ടുക അപൂർവ്വമായിരിക്കും .

ദൈവത്തിന്റെ കൂടെ നടക്കാനായിരുന്നു കുഞ്ഞുനാളിൽ വിക്റ്ററിന്റെ മോഹം .ബ്രേയിലെ കടലോരങ്ങളിൽ നടക്കുമ്പോൾ തേടിയത് മുഴുവൻ ദൈവമുഖമായിരുന്നു .ആ മോഹവുമായാണ് ഡബ്ലിനിലെ സെമിനാരിയിൽ വൈദിക പഠനത്തിനായി ചേർന്നതും .അതിനിടയിലാണ് തന്റെ വഴി മറ്റെവിടെയോ ആണെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യയിലേക്ക്‌ യാത്രയായത് .
‘അതൊരു വിളിയായിരുന്നു …ഞാൻ പോലും അറിയാതെ എന്റെ ആത്മാവിന്റെ അസ്തിത്വം തേടി ഒരു യാത്ര .ചെന്നെത്തിയത് മനസ്സിൽ സൂക്ഷിച്ച സങ്കൽപ്പസന്യസ്ഥത്തിലേക്കായിരുന്നു എന്ന് തിരിച്ചറിയാൻ വൈകിയില്ല ‘വിക്റ്റർ പറയുന്നു ..

മുപ്പതു വർഷത്തോളം പിന്നെ ഭാരതമായിരുന്നു ജീവിതം .ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേയ്ക്ക് ..കന്യാകുമാരി മുതൽ കാശ്മീർ വരെ .ആസേതുഹിമാചലം കാൽനടയായും സൈക്കിളിലുമായി യാത്ര ചെയ്തു. അക്ഷരാർഥത്തിൽ ഭാരതത്തെ പഠിച്ചു . ഇതിഹാസങ്ങളും വേദങ്ങളും പൊരുളറിഞ്ഞു പഠിച്ചു . ചരിത്രത്തിൽ ദൈവാംശം തേടി .

ഒരു പഴന്തുണി കൊണ്ട് നഗ്നത മറയ്ക്കുന്ന ,വയറൊട്ടിയ ,പച്ച മനുഷ്യരിൽ ദൈവ പ്രസാദം തിളങ്ങുന്ന മുഖം കണ്ടു …ഗംഗയിൽ കുളിച്ചാലും ,ഗംഗോത്രിയിൽ തൊഴുതാലും തീരാത്തത്ര സങ്കടം വളർന്ന് , ഇന്ത്യൻ പാവങ്ങളുടെ ക്ഷേമത്തിനായി ഗാന്ധിജി കണ്ട സ്വപ്‌നങ്ങൾ വിഫലം ആകുന്നത് ഏറെ നാൾ സഹിക്കാനായില്ല .പട്ടിണിയും പരിവട്ടവും ,കുറഞ്ഞ കൂലി വാങ്ങുന്ന തൊഴിലാളികളും ഇന്ത്യയെ തന്റെ സ്വപ്നത്തിൽ കണ്ട ക്ഷേമരാഷ്ട്ര സങ്കൽപത്തിൽ നിന്ന് അകറ്റുന്നെന്ന തിരിച്ചറിവ് ഒരു നീറ്റലായി ഉള്ളിൽ നിറഞ്ഞപ്പോൾ ഒന്നും കൂടുതൽ നഷ്ട്ടപ്പെടുത്താതെ തിരിച്ച് ജന്മനാട്ടിലേയ്ക്ക് ..

ഒപ്പം സ്നേഹിച്ച് തീരാത്ത ദേവരൂപങ്ങളും ,തത്വശാസ്ത്രങ്ങളും . അങ്ങനെയാണ് റോഡ്സ് ടൌണിൽ എത്തിയത് .ഭാരതീയ സങ്കൽപ്പങ്ങൾക്ക് അനുയോജ്യമായ ഒരിടം. ഇന്ത്യൻ ശിൽപ്പഗ്രാമമായി അത് മാറാൻ പതിനഞ്ച് വർഷമെടുത്തു .

 

groupganapathiആശ്രമം എന്ന് ഇവിടം വിളിക്കപ്പെടാനാണ് വിക്റ്ററിനിഷ്ട്ടം ..ഉപവാസം ഇരിക്കുന്ന ബുദ്ധൻ മുതൽ ദുർഗയും ,
നിദ്രാനിമന്ഗ്നനായ ശിവൻ വരെ നിറയെ ദേവരൂപങ്ങൾ …ഇഷ്ട്ട ദേവനായ ഗണപതിയുടെ അപൂർവ ഭാവങ്ങൾ .ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്ത രൂപങ്ങൾ . സംഗീത സാന്ദ്രമായ ഗണപതി മഹോത്സവമാണിവിടെന്നും . .വീണയും ,തബലയും ,ഓടക്കുഴലും ആലപിച്ചിരിക്കുന്ന ഗണപതി . ശ്രുംഗാരരൂപനായി നൃത്തം വയ്ക്കുന്ന ഗണപതി .പുസ്തക പ്രിയനായ ഗണപതി .ഏതോ ഉൾനാടൻ ഇന്ത്യൻ ഗ്രാമത്തിലാണോ നാം എന്നൊരു സംശയം ഒരു വേളയുണ്ടായാൽ അതിശയിക്കേണ്ട .അത്ര മനോഹരമാണ് ഈ കാൽപ്പനികോദ്യാനം .

പ്രവേശനകവാടം മുതൽ ഇന്ത്യൻ തത്വശാസ്ത്രത്തിന്റെ ആഴവും പരപ്പും വിവരിക്കുന്ന സ്തൂപങ്ങളും ,ബിംബങ്ങളും കാണാം .ആത്മാവിനെ തൊട്ടറിയാനുള്ള ബാലപാഠങ്ങളാണത് .22ഏക്കർ സ്ഥലം മുഴുവൻ ഇന്ത്യയുടെ ആത്മീയ പഠനത്തിനായാണ് നീക്കി വെച്ചിരിക്കുന്നത് .കാട്ടിൽ ,നിശബ്ദമായിരുന്നു ധ്യാനിക്കാം ,മനനം ചെയ്യാം ,ഒരു ക്യാൻവാസുണ്ടെങ്കിൽ ചിത്രങ്ങൾ നിറയ്ക്കാം ..
ganapathiമഹാബലി പുരത്തെ ശിൽപ്പികളാണ് വിക്റ്ററിന് വേണ്ടി ശിൽപ്പങ്ങൾ ഒരുക്കിയത് .അഞ്ചരയടി മുതൽ 15 അടി വരെയുള്ള അസംഖ്യം ശിൽപ്പങ്ങൾ ഗ്രാനെറ്റിലും പിച്ചളയിലുമാണ് ജീവൻ കൊടുത്തത് .ഇവ അയർലണ്ടിലേക്ക് എത്തിക്കാൻ പ്രത്യേക ഷിപ്മെന്റ് തന്നെ വേണ്ടിവന്നു .
ഇന്ത്യൻ ആഭരണങ്ങളും ,കൗതുക വസ്തുക്കളും ലഭിക്കുന്ന ഒരു കേന്ദ്രവും ആശ്രമത്തിനകത്തുണ്ട് .സമ്മർ കാലങ്ങളിൽ 12.30 മുതൽ 6 മണി വരെയാണ് ഇന്ത്യൻ വില്ലേജിൽ പ്രവേശന സമയം .രണ്ടു യൂറോ പ്രവേശന ഫീസ്‌ നിക്ഷേപിക്കാനായി ഒരു പെട്ടി പ്രവേശന കവാടത്തിലുണ്ട്.വിക്റ്റർ അല്ലാതെ മറ്റാരും ജോലിക്കാർ ആയി ഗ്രാമത്തിലില്ല.തെളിഞ്ഞ ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രികർ ഇവിടെ എത്തുന്നത് ഇന്ത്യയെ കുറിച്ചു പഠിക്കാനാണ് . കൗണ്ടി വിക്ലോയിലെ പ്രശസ്ഥമായ ഗ്ലെൻറ്റലോഗടക്കം നിരവധി കാഴ്ച്ചകൾ ഇന്ത്യൻ വില്ലേജിൽ നിന്നും ഏതാനം മിനുട്ടുകൾ കൊണ്ട് യാത്ര ചെയ്‌താൽ അടുത്തായുണ്ട്

യാത്രപറഞ്ഞ് മടങ്ങാൻ ഒരുങ്ങുമ്പോൾ വിക്റ്റർ പറയും .”ഇതാ ഇവിടെ ഒരാൾ കൂടിയുണ്ട് …മഹാത്മാഗാന്ധി ..!മറ്റെല്ലാ ശില്പ്പങ്ങളും തുറന്ന അന്തരീക്ഷത്തിൽ ആണെങ്കിലും ഗാന്ധിജിയെ പ്രതിഷ്ട്ടിച്ചിരിക്കുന്നത് ഒരു വിശേഷാൽ മുറിയിലാണ് …

wicklowgandhiദൈവമല്ല ..പക്ഷെ മനുഷ്യദൈവം എന്ന് ഗാന്ധിയെ ,വിക്റ്റർ വിളിക്കും .ഇന്ത്യയുടെ ഏതു ഫിലോസഫിക്കും അപ്പുറമാണ് ഗാന്ധിയൻ ഫിലോസഫിയെന്ന് വിക്റ്റർ പറയുമ്പോൾ നാം ഇന്ത്യാക്കാർ തല കുനിയ്ക്കണം .
ഇനിയും നാം മനസിലാക്കാത്ത സത്യങ്ങളും ,സത്തകളും ,ഒരുവേള നേരത്തെ മനസ്സിൽ നിറച്ച് അനുഭവിക്കുന്ന ഈ മനുഷ്യന്റെ ഭാരതത്തോടുള്ള സ്നേഹത്തെ പ്രതി !

 

Scroll To Top