Monday December 05, 2016
Latest Updates

അയര്‍ലണ്ട് വീണ്ടും ‘യൂറോപ്പിന്റെ രോഗി’യാവുന്നു ?കണക്കുകള്‍ കഥ പറയുന്നു

അയര്‍ലണ്ട് വീണ്ടും ‘യൂറോപ്പിന്റെ രോഗി’യാവുന്നു ?കണക്കുകള്‍ കഥ പറയുന്നു

ഡബ്ലിന്‍ :യൂറോപ്പിന്റെ രോഗി എന്നാണ് അയര്‍ലണ്ടിനെ 1990 വരെ ലോകം വിളിച്ചത്.ദയനീയമായ സാമ്പത്തിക സ്ഥിതി ആയിരുന്നു അതിനു കാരണം.അതിനു ശേഷം മറ്റുചില രാജ്യങ്ങള്‍ക്കായി ആ പേര് മാറ്റി ക്കൊടുക്കാന്‍ ആയെങ്കിലും ഇപ്പോള്‍ ‘കാത്തിരിപ്പ്’ രോഗികളുടെ കണക്കുകേട്ടാല്‍ അയര്‍ലണ്ടിനെ ആരും വിളിച്ചുപോകും യൂറോപ്പിന്റെ രോഗി’യെന്ന് .. കാരണം കഴിഞ്ഞ ദിവസം പുറത്തിറക്കിയ അയര്‍ലണ്ടിലെ രോഗികളുടെ കണക്കുകള്‍ അത്രയ്ക്ക് ഭീകരാവസ്ഥയിലായിരുന്നു. പ്രായഭേദമില്ലാതെ ആശുപത്രി സ്‌പെഷലിസ്റ്റുകളുടെ ഡേറ്റിനായി കാത്തിരിക്കുന്ന രോഗികള്‍ പതിനായിരക്കണക്കിനാണ്.

കുട്ടികളുടെ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സമയത്തിനായി ഒരു വര്‍ഷത്തിലധികമായി അപ്പോയിന്റ്‌മെന്റ് എടുത്തു കാത്തിരിക്കുന്നത് 8,000ത്തില്‍പ്പരം കുട്ടികളാണ്. ഹൃദയത്തിനും തലച്ചോറിനും വൃക്കകള്‍ക്കും ഒക്കെ അസുഖം ബാധിച്ചവരും ഇക്കൂട്ടത്തില്‍ സ്‌പെഷലിസ്റ്റുകളുടെ സമയത്തിനായി കാത്തിരിക്കുന്നുണ്ടെന്നുള്ളതാണ് വസ്തുത.

ക്രംലിനിലെയും ടെംപിള്‍ സ്ട്രീറ്റിലെയും ആശുപത്രികളില്‍ മാത്രം ഏകദേശം 30,000ത്തില്‍പ്പരം കുട്ടികളാണ് ചികിത്സ തേടിയിരിക്കുന്നതായാണ് ആശുപത്രി രേഖകള്‍ സൂചിപ്പിക്കുന്നതെന്ന് എച്ച്എസ്ഇ പ്രസിദ്ധീകരിച്ച കണക്കുകളില്‍ വ്യക്തമാക്കുന്നു.

15,762 രോഗികളാണ് ഔര്‍ ലേഡീസ് ആശുപത്രിയില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്.. ഇതില്‍ 3,351പേരും പീഡിയാട്രിക് അപ്പോയിന്റ്‌മെന്റിനായി കാത്തിരിക്കുന്നവരാണ്. 1,150ഓളം പേര്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവരും ആണ്. ഇവരെല്ലാം തന്നെ ഒരു വര്‍ഷത്തോളമായി ചികിത്സയ്ക്കായി കാത്തിരിക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്
.
ഐറിഷ് ആരോഗ്യമേഖലയുടെ താറുമാറായ അവസ്ഥയെയാണ് വെളിച്ചത്തു കൊണ്ടുവരുന്നതെന്ന് ഫിന്‍ഫാളിന്റെ കുട്ടികളുടെ വക്താവ് റോബര്‍ട്ട് ട്രോയ് പറഞ്ഞു.

ഇത്തരത്തില്‍ കുട്ടികളെ പോലും ചികിത്സയ്ക്കായി കാത്തിരുത്തുന്നത് വളരെ അപമാനകരമായ കാര്യമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി നല്‍കിയിരിക്കുന്ന പല വാഗ്ദാനങ്ങള്‍ക്കും എതിരായാണ് ഇവയെന്നും എന്നും റോബര്‍ട്ട് ട്രോയ് പറഞ്ഞു. മന്ത്രി റൈലി കൊണ്ടു വരുന്ന മാറ്റങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ആരോഗ്യ വ്യവസ്ഥയെ കുത്തഴിഞ്ഞ രീതിയിലെത്തിക്കുകയായിരുന്നുവെന്നും റോബര്‍ട്ട് ട്രോയ് ആരോപിച്ചു.
ആരോഗ്യമേഖലയില്‍ കൊണ്ടു വന്ന മാറ്റങ്ങളില്‍ വന്ന അപാകത എന്താണ് എന്നതിനെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ആരോഗ്യ വകുപ്പ് മന്ത്രി റൈലി ഇത്തരത്തില്‍ കുട്ടികള്‍ക്ക് ചികിത്സ ലഭിക്കാനെടുക്കുന്ന കാലതാമസത്തെ സംബന്ധിച്ച് വ്യക്തമായ മറുപടി പറയാനുണ്ടാവില്ലെന്നും റോബര്‍ട്ട് ട്രോയ് കൂട്ടിച്ചേര്‍ത്തു.

ഒരു ഇ എന്‍ ടി സ്‌പെഷലിസ്റ്റിനെ കാണിക്കുന്നതിനായി 977ഓളം രോഗികള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി കാത്തിരിക്കുകയാണ്. ഓര്‍ത്തോപാഡിക് സര്‍ജന്റെ ചികിത്സ ലഭിക്കുന്നതിനായി 668ഓളം കുട്ടികളാണ് വര്‍ഷങ്ങളായി കാത്തിരിക്കുന്നത്.

ഐറിഷ്‌ഹെല്‍ത്ത് ഡോട്ട് കോമാണ് എച്ച്എസ്ഇയുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. ടെംപിള്‍ സ്ട്രീറ്റ് ആശുപത്രിയില്‍ മാത്രം 112 രോഗികള്‍ ഹൃദയ സംബന്ധിയായ അസുഖങ്ങളുടെ ചികിത്സയ്ക്കായി കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി കാത്തിരിക്കുകയാണ്. നോര്‍ത്ത് ഡബ്ലിന്‍ ആശുപത്രിയില്‍ 73രോഗികളാണ് വര്‍ഷങ്ങളായി കിഡ്‌നി സ്‌പെഷലിസ്റ്റിന്റെ പരിശോധനയ്ക്കുവേണ്ടി വര്‍ഷങ്ങളായി കാത്തിരിക്കുന്നത്.
.
ഇത്തരം കുത്തഴിഞ്ഞ അവസ്ഥയിലും ആശുപത്രിയിലെ സിഇഒമാര്‍ക്കും ഉയര്‍ന്ന പോസ്റ്റിലിരിക്കുന്നവര്‍ക്കും ശമ്പളം കൂടാതെ അലവന്‍സും ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ഈയിടെ വളരെയധികം പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരുന്നു.

ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എച്ച്എസ്ഇ സര്‍വ്വീസ് പ്ലാനില്‍ നിന്നും 1ബില്ല്യന്‍ യൂറോയോളം സംഭരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു ബന്ധപ്പെട്ട കരടു രേഖ അടുത്ത ആഴ്ച്ചയിലെ കാബിനറ്റ് മീറ്റിംഗില്‍ ആരോഗ്യ വകുപ്പ് മന്ത്രി ജെയിംസ് റൈലി അവതരിപ്പിക്കും. മുന്‍നിര സ്റ്റാഫുകള്‍ക്ക് വീണ്ടും പിരിച്ചുവിടലുകള്‍ നേരിടേണ്ടിവരുമെന്നു തന്നെയാണ് സൂചന.എന്തായാലും ഉള്ള സൌകര്യങ്ങള്‍ വെട്ടിക്കുറച്ച് ആരോഗ്യ വകുപ്പ് വീണ്ടും ദുരിത പര്‍വ്വത്തിലേയ്ക്ക് പോകുന്നു എന്നാണ് സൂചനകള്‍

Scroll To Top