Saturday December 10, 2016
Latest Updates

അയര്‍ലണ്ട് ബിസിനസ്സിന് ലോകത്തില്‍ ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട്

അയര്‍ലണ്ട് ബിസിനസ്സിന് ലോകത്തില്‍ ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട്

ഡബ്ലിന്‍ :ബിസിനസ്സ് ചെയ്ത് ലാഭം കൊയ്യണമെന്നുള്ള മോഹം മനസില്‍ കൊണ്ടു നടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ അയര്‍ലണ്ടിലേക്ക് വിട്ടോളു എന്നാണ് ‘ഫോബ്‌സ്’ലോകത്തിലെ നവ സംരഭകര്‍ക്ക് നല്‍കുന്ന സന്ദേശം. ലോക രാജ്യങ്ങളെ ഉള്‍പ്പെടുത്തി യുഎസ് ‘ഫിനാന്‍ഷ്യല്‍ ബൈബിള്‍’ എന്നറിയപ്പെടുന്ന ഫോബ്‌സ് നടത്തിയ പഠനത്തില്‍ അയര്‍ലണ്ടാണ് ബിസിനസിന് ഏറ്റവും അനുയോജ്യമായ സ്ഥലം എന്നാണ് തെളിഞ്ഞിരിക്കുന്നത്.
2006മുതലാണ് ഫോബ്‌സ് ബിസിനസുമായി ബന്ധപ്പെട്ട് ഇത്തരമൊരു സര്‍വ്വേ നടത്തിത്തുടങ്ങിയത്. ഇത്തവണ 145 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേയില്‍ മറ്റു വ്യവസായ പ്രമുഖ രാജ്യങ്ങളെയെല്ലാം പിന്തള്ളിക്കൊണ്ട് ഏറ്റവും അധികം വോട്ട് നേടിയത് അയര്‍ലണ്ടുമാണ്. ആദ്യമായാണ് ഫോബ്‌സിന്റെ കണക്കെടുപ്പില്‍ അയര്‍ലണ്ട് ഒന്നാം സ്ഥാനത്തേക്ക് വരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ സര്‍വ്വേയില്‍ 6ാംസ്ഥാനത്തെത്തിച്ചേരാന്‍ മാത്രമാണ് അയര്‍ലണ്ടിന് കഴിഞ്ഞത്. എന്നാല്‍ രാജ്യത്തിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങളും മറ്റും ഇത്തവണ രാജ്യത്തെ ഒന്നാം സ്ഥാനത്തിനു തന്നെ അര്‍ഹമാക്കുകയായിരുന്നു.ഐറിഷ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിച്ച 44ശതമാനവും കഴിഞ്ഞ 12മാസമായുള്ള ഓവര്‍ഓള്‍ ഇന്‍ഡെക്‌സും എല്ലാം സര്‍വ്വേയില്‍ അയര്‍ലണ്ടിന്റെ സ്ഥാനം ഉയര്‍ത്തുന്നതില്‍ സഹായിച്ചു.
ന്യൂസിലാന്‍ഡിന്റെ ഒന്നാം സ്ഥാനമാണ് ഇത്തവണ അയര്‍ലണ്ട് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ 2.5 ശതമാനം ജിഡിപി കണക്കാണ് ന്യൂസിലാന്‍ഡിന് കഴിഞ്ഞ തവണ ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ഇത്തവണ ന്യൂസിലാന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.
സാമ്പത്തിക വളര്‍ച്ച കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഹോംഗ്‌കോങ്ങ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഡെന്‍മാര്‍ക്കും സ്വീഡനും നാലും അഞ്ചും സ്ഥാനത്ത് നിലനിന്നു.
പ്രോപര്‍ട്ടി റൈറ്റ്‌സിന്റെയും വളര്‍ച്ചയുടെയും ടാക്‌സുകളുടെയും ടെക്‌നോളജിയുടെയും അഴിമതിയുടെയും വ്യാപാര സ്വാതന്ത്ര്യത്തിന്റെയും സ്‌റ്റോക് മാര്‍ക്ക്റ്റ് പെര്‍ഫോര്‍മെന്‍സിന്റെയും അടിസ്ഥാനത്തിലാണ് ഫോബ്‌സ് 145 രാജ്യങ്ങളില്‍ നിന്നും മികച്ച ബിസിനസ് രാജ്യങ്ങളെ തിരഞ്ഞെടുത്തത്.
ഫ്രീഡം ഹൗസും ഹെറിറ്റേജ് ഫൗണ്ടേഷനും പ്രോപര്‍ട്ടി റൈറ്റ്‌സ് അലയന്‍സും ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലും വേള്‍ഡ് ബാങ്കും വേള്‍ഡ് എകണോമിക് ഫോറവും പഠനം നടത്തി പ്രസിദ്ധീകരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫോബ്‌സ് പുതിയ പഠന വിവരം പുറത്തിറക്കിയത്.

Scroll To Top