Saturday December 10, 2016
Latest Updates

അയര്‍ലണ്ട് ടൂറിസം മേഖലയില്‍ നിക്ഷേപകരെ തേടുന്നു

അയര്‍ലണ്ട് ടൂറിസം മേഖലയില്‍ നിക്ഷേപകരെ തേടുന്നു

ഡബ്ലിന്‍: അയര്‍ലണ്ട് ടൂറിസം മേഖലയില്‍ നിക്ഷേപകരെ തേടുന്നു. ഐറിഷ് സട്രാറ്റജിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ഐ എസ് ഐ എഫ്) മുഖേനയാണ് അയര്‍ലണ്ട് നിക്ഷേപകരെ തേടുന്നത്. ഫണ്ട് ഡയറക്ടര്‍ മൈക്കല്‍ ലീ അറിയിച്ചതാണ് ഇക്കാര്യം. അഞ്ചാമത് വാര്‍ഷിക ടൂറിസം പോളിസി വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം നിരവധി നിക്ഷേപ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപത്തിനായി സമീപിക്കുന്ന പ്രോജക്ടുകള്‍ വാണിജ്യ സാധ്യതയുള്ളവയായിരിക്കണമെന്നാണ് നിബന്ധന. 

ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഹോട്ടല്‍, ഹോളിഡേ ഹോം, റിസര്‍വേഷന്‍, ട്രാവല്‍ ബുക്കിംഗ് സംവിധാനം ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യാ മേഖലയിലെ പദ്ധതികള്‍ എന്നീ മേഖലകളിലാണ് നിക്ഷേപം തേടുന്നത്. അതേസമയം ഡിസ്‌നിലാന്‍ഡ് പോലെയുള്ള പദ്ധതികളെ പിന്തുണയ്ക്കുന്നില്ലെന്ന് മൈക്കല്‍ ലീ അറിയിച്ചു. ഡിസ്‌നിലാന്‍ഡ് പോലെയുള്ള പദ്ധതികള്‍ പണത്തിന്റെ ദുര്‍വ്യയമാകുമെന്നു അദ്ദേഹം പറഞ്ഞു. പഴയ നാഷണല്‍ പെന്‍ഷന്‍ റിസര്‍വ് ഫണ്ടില്‍ നിന്ന് 7 ബില്യന്‍ യൂറോ സമാഹരിച്ച് അത് വാണിജ്യാടിസ്ഥാനത്തില്‍ നിക്ഷേപിക്കുന്നതിന് ലക്ഷ്യമിട്ട് ഈ വര്‍ഷം ആദ്യം ആരംഭിച്ച സ്ഥാപനമാണ് ഐ എസ് ഐ എഫ്. 

ഏവിയേഷന്‍ മേഖലയ്ക്ക് ടൂറിസം വികസനത്തില്‍ നിര്ന്നായ പങ്കു വഹിക്കാനാകുമെന്ന് ഇതേ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ഫെയ്ല്‍റ്റ് അയര്‍ലണ്ട് ചെയര്‍മാന്‍ മൈക്കല്‍ കൊവ്‌ലെ പറഞ്ഞു. അയര്‍ലണ്ടില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ 93 ശതമാനം പേരും വിമാനമാര്‍ഗം എത്തുന്നവരാണ്. രനൈര്‍ മുന്‍ ഡെപ്പ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവും ഇപ്പോള്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് മൈക്കല്‍ കൊവ്‌ലെ.

Scroll To Top