Wednesday December 07, 2016
Latest Updates

‘അയര്‍ലണ്ട് എങ്ങനെ ചിന്തിച്ചിരുന്നുവെന്ന് പറയാന്‍ ഐറിഷ് എഴുത്തുകാര്‍ക്ക് കഴിഞ്ഞിരുന്നു’വെന്ന് എം ഡി വാസുദേവന്‍ നായര്‍

‘അയര്‍ലണ്ട് എങ്ങനെ ചിന്തിച്ചിരുന്നുവെന്ന് പറയാന്‍ ഐറിഷ് എഴുത്തുകാര്‍ക്ക് കഴിഞ്ഞിരുന്നു’വെന്ന് എം ഡി വാസുദേവന്‍ നായര്‍

തിരൂര്‍:’അയര്‍ലണ്ട് എങ്ങനെ ചിന്തിക്കുന്നുവെന്ന് പറയാന്‍ എന്റെ ഹൃദയത്തിലേക്ക് നോക്കിയാല്‍ മതിയെന്ന് ഐറീഷ് എഴുത്തുകാരന് പറയാന്‍ കഴിഞ്ഞിരുന്നു. കേരളം എങ്ങനെ ചിന്തിക്കുന്നുവെന്ന് പറയാന്‍ ഇപ്പോള്‍ പക്ഷെ കേരളത്തിലെ സാഹിത്യകാരന്മാര്‍ക്ക് ആവുന്നില്ല.. വീട് എങ്ങനെ ചിന്തിക്കുന്നുവെന്ന് പറയാന്‍ പോലും കഴിയുന്നില്ല’.പറയുന്നത് എം ഡി വാസുദേവന്‍ നായര്‍.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വാക്കാട് ‘അക്ഷരം’ കാമ്പസില്‍ ആദ്യമായി നടത്തിയ അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം ‘സാഹിതി2014’ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു എം.ടി.യുടെ അയര്‍ലണ്ടിനെകുറിച്ചുള്ള പരാമര്‍ശം.

അയര്‍ലണ്ടിലെ സാഹിത്യകാരെക്കുറിച്ചും ,അവരുടെ കൃതികളെ കുറിച്ചും ഗഹനമായ ഉള്‍കാഴ്ചയുള്ള എം.ഡി ഏതാനം വര്‍ഷം മുന്‍പ് അയര്‍ലണ്ട് സന്ദര്‍ശിച്ചിരുന്നു.

എഴുത്തില്‍ പ്രമേയം തിരഞ്ഞെടുക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. പ്രമേയം സ്വീകരിച്ച് പുതിയ രൂപം എങ്ങനെ കൊടുക്കാമെന്നതും പ്രശ്‌നമാണ്. പ്രമേയത്തിന്റെ സ്വീകാര്യത കഴിഞ്ഞാലാണ് അവതരണം. എവിടെയോ ഉള്ള മനസ്സുകളിലാണ് അത് എത്തേണ്ടത്. രൂപഘടന, ഭാഷ എന്നിവ സ്വീകരിക്കുന്നതിലും വലിയ വെല്ലുവിളികളുണ്ട് എം.ടി പറഞ്ഞു.

മരുഭൂമിയ്ക്കപ്പുറത്തെ പച്ചപ്പ് അന്വേഷിച്ചുള്ള യാത്രയാണ് എഴുത്തുകാരന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു.
പൂര്‍ണമായും ഇതില്‍ വിജയിക്കണമെന്നില്ല. പച്ചപ്പ് മറഞ്ഞുകിടപ്പുണ്ട് എന്നതിനാല്‍ അന്വേഷിച്ചുപോകലാണ് എഴുത്തുകാരന്റെ കടമ. ഇന്നല്ലെങ്കില്‍ നാളെ പച്ചപ്പിലേക്ക് എത്തിച്ചേരാനാവും അദ്ദേഹം പറഞ്ഞു.

കഥ, കവിത എന്നിവ എഴുതേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാനാവില്ല. ‘സാഹിതി’ പോലുള്ള കൂടിച്ചേരലുകളും സൗഹൃദവും ഇക്കാര്യത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്. ഗൗരവമുള്ള പ്രവൃത്തിയാണ് എഴുത്ത് എന്ന് സ്വയം ബോധ്യമാവേണ്ടതാണ്. ഏറ്റവും വലിയ കാര്യമായിത്തന്നെ അതിനെ കാണണം. നമ്മുടെ കാലഘട്ടത്തിനോടും ചുറ്റുപാടുകളോടും പ്രകൃതിയോടും നിശ്ശബ്ദമായി പറയാനുള്ള വേദിയാണത്.

മലയാള സാഹിത്യത്തിന്റെ മഹത്വം മറ്റുള്ളവര്‍ കൂടി അറിയുന്നതിന് ഇവിടെ ആരംഭിച്ച സാഹിതി കലോത്സവം ദേശീയഅന്തര്‍ദേശീയ തലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ സ്വാഗതപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കേരളത്തിനകത്തുള്ള പതിമൂന്ന് സര്‍വകലാശാലകളാണ് സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശമംഗലം രാമകൃഷ്ണന്‍ നന്ദി പറഞ്ഞു.

Scroll To Top