Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ 300 തൊഴിലവസരങ്ങളുമായി ഡെല്‍ കമ്പനി :നിയമനം ചെറിവുഡിലേയ്ക്ക്

അയര്‍ലണ്ടില്‍ 300 തൊഴിലവസരങ്ങളുമായി ഡെല്‍ കമ്പനി :നിയമനം ചെറിവുഡിലേയ്ക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഐ ടി ഫീല്‍ഡിലുള്ള നൂറുകണക്കിന് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ഡെല്‍ രംഗത്ത്. 300 പുതിയ മുഴുവന്‍ സമയ തൊഴിലവസരങ്ങളാണ് ഇവിടെ ഡെല്‍ വാഗ്ദാനം ചെയ്യുന്നത്.

പ്രമുഖ കമ്പ്യൂട്ടര്‍ കമ്പനിയായ ഡെല്‍ അയര്‍ലണ്ടില്‍ പുതിയ ഫിനാന്‍ഷ്യല്‍ ബ്രാഞ്ചിലേക്കായാണ് 300 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചത് . പുതിയ നിയമനങ്ങള്‍ കമ്പനിയുടെ ചെറിവുഡ് ഫേമിലേക്കായിരിക്കും.

കമ്പനി ഇതിനകം തന്നെ 100 പേരെ റിക്രൂട്ട് ചെയ്തു കഴിഞ്ഞു. തുടര്‍ന്നുള്ള 100 പൊസിഷനുകളിലേക്ക് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഇവ കൂടാതെ അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 തൊഴില്‍ സാധ്യത കൂടി കമ്പനി വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ജൂണിലോടെ തന്നെ ഡെല്ലിന്റെ ഫിനാന്‍ഷ്യല്‍ സര്‍വ്വീസിനു ബാങ്കിംഗ് ലൈസന്‍സും ലഭിക്കും. അയര്‍ലണ്ട്, യുകെ, ജര്‍മനി, ആസ്ട്രിയ, സ്വിറ്റ്‌സര്‍ലണ്ട്, ബെല്‍ജിയം, നെതര്‍ലണ്ട്, ലക്‌സംബര്‍ഗ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെ യൂറോപ്പിലുള്ള ഡെല്ലിന്റെ കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് ധനസഹായങ്ങള്‍ നല്‍കാനും ഡെല്‍ ബാങ്ക് ഇന്റര്‍നാഷണല്‍ തീരുമാനിച്ചിട്ടുണ്ട്.

ഡബ്ലിനിലും ലിമറികിലും കോര്‍ക്കിലുമായും 2500നടുത്ത് ആളുകളാണ് ഡെല്‍ കമ്പനിയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. യൂറോപ്പില്‍ കമ്പനിയുടെ ഫിനാന്‍ഷ്യല്‍ സര്‍വ്വീസു കൂടി ഉറപ്പുവരുത്തുന്നതിനായി 400 മില്ല്യണ്‍ യൂറോ നിക്ഷേപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ ബാങ്കിലേക്കായി അറിയിച്ചിരിക്കുന്ന തൊഴില്‍ അറിയിപ്പുകള്‍ ഫുള്‍ടൈം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്.

കോര്‍ക്കിലും ലിമറികിലും ഡബ്ലിനിലും കമ്പനിയുടെ പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിനായി പുതിയ നിക്ഷേപങ്ങള്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നാണ് ഡെല്‍ ഇഎംഇഎ പ്രസിഡന്റ് ആന്‍ഗസ് ഹെഗാര്‍ടി പറഞ്ഞത്.

ഇവിടെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഫിനാന്‍ഷ്യല്‍ സര്‍വ്വീസുകള്‍ക്ക് സര്‍ക്കാരിന്റെയും സെന്‍ട്രല്‍ ബാങ്കിന്റെയും ഭാഗത്തുനിന്നും പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ഇത്തരത്തില്‍ ഒരു സംരംഭത്തിന് ഡെല്‍ തുടക്കം കുറിക്കുന്നത് അയര്‍ലണ്ടിനെ കരുത്തുറ്റ ഒരു വാണിജ്യ മേഖലയാക്കി മാറ്റാന്‍ സാധിക്കുമെന്നും ഇവിടത്തെ മികച്ച സ്റ്റാഫിനെ കൊണ്ട് ഡെല്ലിന്റെ സാമ്പത്തിക വ്യാപാരവും ശക്തിപ്പെടുത്താമെന്ന വിശ്വാസവും കമ്പനിക്ക് ഉണ്ടെന്നും ഐഡിഎ അയര്‍ലണ്ട് ചീഫ് എക്‌സിക്യുട്ടിവ് ബാരി ഒ’ലിറി പറയുന്നു.

മറ്റൊരു കമ്പനിയായ ലൈറ്റ് ഗ്രൂപ്പും ഡബ്ലിന്‍, ലൗത്ത്, കോര്‍ക്ക്, ക്ലെയര്‍ എന്നിവിടങ്ങളിലായി 40 മുഴുവന്‍ സമയ തൊഴില്‍ ഒഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഡബ്ലിനിലെ ആനിമേഷന്‍ കമ്പനിയായ ബ്രൗണ്‍ ബാഗ് ഫിലിംസ് ഡിസ്‌നി ഫിലിംസുമായി ഉണ്ടാക്കിയ കരാര്‍ വിജയം കണ്ടതിന്റെ ഭാഗമായി അവരുടെ ജോലിക്കാരുടെ എണ്ണം 30 കൂടിക്കൂട്ടി 150 തികയ്ക്കാനും തീരുമാനിച്ചുകഴിഞ്ഞു.

Scroll To Top