Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ സമ്പന്നരേക്കാള്‍ നികുതി നല്‍കുന്നത് പാവപ്പെട്ടവരെന്ന് സര്‍വേ റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ സമ്പന്നരേക്കാള്‍ നികുതി നല്‍കുന്നത് പാവപ്പെട്ടവരെന്ന് സര്‍വേ റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സമ്പന്നരേക്കാള്‍ നികുതി നല്‍കുന്നത് പാവപ്പെട്ടവരെന്ന് സര്‍വേ റിപ്പോര്‍ട്ട്. 10,000 യൂറോ വാര്‍ഷിക വരുമാനം നേടുന്നവരുടെ വരുമാനത്തില്‍ സിംഹഭാഗവും നികുതിയായി പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു വിഭാഗം ജീവനക്കാരുടെ വരുമാനത്തില്‍ 25 ശതമാനവും നികുതിയായി ഖജനാവിലേക്ക് പോകുന്നു. കൂടുതല്‍ വരുമാനം നേടുന്നവര്‍ കൂടുതല്‍ നികുതി അടയ്ക്കണമെന്നാണ് ഐറിഷ് നിയമം. ഏറ്റവുമധികം വരുമാനം നേടുന്നവര്‍ ആകെ വരുമാനത്തിന്റെ 23 ശതമാനവും ഏറ്റവും കുറഞ്ഞ വരുമാനാക്കാര്‍ 0.3 ശതമാനം വരെയും നികുതി നല്‍കണമെന്നാണ് നിയമം.

എന്നാല്‍ മേല്‍പ്പറഞ്ഞ പ്രത്യക്ഷ നികുതികള്‍ക്ക് പുറമേ 23 ശതമാനം വാറ്റ് നികുതി പോലെയുള്ള പരോക്ഷ നികുതികള്‍ കൂടി ചേരുമ്പോള്‍ പാവപ്പെട്ടവന്റെ പോക്കറ്റില്‍ നിന്ന് നല്ലൊരു ശതമാനവും സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നു. ഇതിന് പുറമേ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അടയ്‌ക്കേണ്ട എക്‌സൈസ് തീരുവയും സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്നു. നെവിന്‍ എക്കണോമിക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഏറ്റവും പാവപ്പെട്ടവരായ 10 ശതമാനം പേരുടെയും വരുമാനത്തിന്റെ 30 ശതമാനവും നികുതിയായി ഖജനാവിലേക്ക് പോകുന്നതായി പഠനത്തില്‍ കണ്ടെത്തി. 

പ്രധാനമായും സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന പരോക്ഷ നികുതിയാണ് സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്നത്. വാര്‍ഷിക വരുമാനം 100,000 യൂറോ വരെയുള്ള സമ്പന്നര്‍ വരുമാനത്തിന്റെ 30 ശതമാനം നികുതിയായി നല്‍കുന്നു. ഈ വിഭാഗം ജനങ്ങള്‍ നല്‍കുന്ന നികുതിയില്‍ നല്ലൊരു ശതമാനവും ആദായ നികുതി പോലെയുള്ള പ്രത്യക്ഷ നികുതിയാണ്. സമ്പന്നരും പാവപ്പെട്ടവരും നല്‍കുന്ന നികുതി താരതമ്യം ചെയ്താല്‍ കൂടുതല്‍ പണം ഖജനാവിലേക്ക് നല്‍കുന്നത് പാവപ്പെട്ടവരാണെന്ന് കാണാനാകുമെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഐറിഷ് നികുതി ഘടനയിലെ പ്രശ്‌നങ്ങളാണ് നികുതി ദായകര്‍ക്കിടയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കാന്‍ ഗവണ്‍മെന്റ് ഇടപെടണമെന്ന് ഐറിഷ് ടാക്‌സേഷന്‍ കമ്മീഷന്‍ മുന്‍ അംഗം കൂടിയായ ഡോ. കോളിന്‍സ് ആവശ്യപ്പെട്ടു.

Scroll To Top