Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ വീടില്ലാതെ 35,000 പേരെങ്കിലും തെരുവില്‍ ഇറങ്ങേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ വീടില്ലാതെ 35,000 പേരെങ്കിലും തെരുവില്‍ ഇറങ്ങേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീടുകളുടെ എണ്ണം കുറയുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ആവശ്യത്തിന് ആനുപാതികമായി വീടുകളുടെ എണ്ണം വര്‍ദ്ധിക്കാത്തത് സുനാമി ദുരന്തം പോലെ അയര്‍ലണ്ടിനെ ബാധിക്കുമെന്ന് സോഷ്യല്‍ ജസ്റ്റിസ് ക്യാമ്പെയ്‌നര്‍ ഫാ. പീറ്റര്‍ മക്വെരി. സ്ഥലപരിമിതി മൂലം പീറ്റര്‍ മക്വെരി ട്രസ്റ്റില്‍ അഭയം തേടി വരുന്നവരെപ്പോലും തിരികെ അയയ്‌ക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ടിഇടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിദിനം ആറ് പേര്‍ വീതം ഭവനരഹിതരായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആവശ്യത്തിന് വീടുകള്‍ ലഭ്യമല്ലാത്തതിനാല്‍ 35,000 കുടുംബങ്ങളെങ്കിലും സമീപ ഭാവിയില്‍ തെരുവില്‍ ഇറങ്ങേണ്ടി വരുമെന്നും ഫാ. മക്വെരി മുന്നറിയിപ്പ് നല്കി. 40,000 കുടുംബങ്ങളെങ്കിലും മോര്‍ട്ട്‌ഗേജിനായി കാത്തിരിക്കുന്നുണ്ട്. അനുദിനം പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റിനെപ്പോലും താഴെയിറക്കാന്‍ പ്രാപ്തമായ വിധമാണ് അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി വളര്‍ന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

അയര്‍ലണ്ടിലെ ഭവന പ്രതിസന്ധിക്ക് പരിഹാരമായി ഗവണ്‍മെന്റ് തന്നെ  1500 അപ്പാര്‍ട്ടുമെന്റുകള്‍ എങ്കിലും വാങ്ങുകയോ അപ്പാര്‍ട്ട്‌മെന്റ് വാങ്ങാന്‍ സന്നദ്ധ സംഘടനകളെ സഹായിക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭവനരഹിതരായ പത്ത് ആളുകള്‍ക്ക് വേണ്ടിയുള്ള ഒരു ഹോസ്റ്റല്‍ നടത്തിപ്പിന് പ്രതിവര്‍ഷം 300,000 യൂറോ ചെലവ് വരും. എന്നാല്‍ പത്ത് അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പ്രതിവര്‍ഷം 45,000 യൂറോ മാത്രമേ ചെലവ് വരൂ എന്ന് ഫാ. മക്വെരി പറഞ്ഞു.

അതേസമയം ഈ വര്‍ഷം എത്ര പേര്‍ ഭവനരഹിതരാകുമെന്ന് കൃത്യമായ കണക്ക് ഗവണ്‍മെന്റിന്റെ കൈവശവും ഇല്ലെന്നാണ് സൂചന. ഈ വര്‍ഷം എത്ര പേര്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന് പറയാനാകില്ലെന്ന് മന്ത്രി ജാന്‍ ഒ സുള്ളിവന്‍ പറഞ്ഞു. ഭവനരഹിതരുടെ എണ്ണം പ്രവചിക്കാന്‍ തനിക്ക് അതീന്ദ്രിയജ്ഞാനമൊന്നുമില്ലെന്ന് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഭവനരഹിതനാകാന്‍ പോകുന്നവരുടെ എണ്ണം ഇപ്പോള്‍ പ്രവചിക്കപ്പെടുന്നതിലും കുറവായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിവര്‍ഷം 25,000 യൂണിറ്റ് വീടുകള്‍ വേണ്ടി വരുമെന്നും മന്ത്രി സൂചിപ്പിച്ചു.

Scroll To Top