Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ വിദേശ സന്ദര്‍ശകരില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചു,77 ലക്ഷം ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ടൂറിസം അയര്‍ലണ്ട് 

അയര്‍ലണ്ടില്‍ വിദേശ സന്ദര്‍ശകരില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചു,77 ലക്ഷം ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ടൂറിസം അയര്‍ലണ്ട് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ ചെലവഴിക്കുന്ന പണത്തിന്റെ നിരക്കില്‍ വന്‍ വര്‍ധനവ് . ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അയര്‍ലണ്ടില്‍ എത്തിയ വിദേശ സഞ്ചാരികള്‍ ചെലവഴിക്കുന്ന തുകയില്‍ 9.3 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് ഈ കണക്ക് പുറത്തുവിട്ടത്. ഈ വര്‍ഷം 9 മാസത്തിനിടെ അയര്‍ലണ്ട് സന്ദര്‍ശിച്ച സഞ്ചാരികള്‍ ചെലവഴിച്ച തുകയില്‍ 241 മില്യന്റെ വര്‍ധന ഉണ്ടായി.

ഈ 9 മാസ കാലയളവില്‍ വിദേശ സഞ്ചാരികള്‍ ആകെ 2.8 ബില്യന്‍ യൂറോ ചെലവഴിച്ചു.അയര്‍ലണ്ടിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുകയും അവര്‍ ചെലവഴിക്കുന്ന തുക വര്‍ധിക്കുകയും ചെയ്തതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നു അധികൃതര്‍ പറഞ്ഞു. യുഎസില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം 9 മാസത്തിനിടെ ഒരു മില്യന്‍ കവിഞ്ഞു. ടൂറിസം അയര്‍ലണ്ട് അടുത്ത വര്‍ഷത്തേക്കുള്ള മാര്‍ക്കറ്റിംഗ് പ്ലാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ കണക്കുകള്‍ പുറത്ത് വരുന്നത്.

അടുത്ത വര്‍ഷം ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കണമെന്നതാണ് ടൂറിസം അയര്‍ലണ്ടിന്റെ മാര്‍ക്കറ്റിംഗ് പ്ലാന്‍. 7.74 മില്യന്‍ സന്ദര്‍ശകരെയാണ് ടൂറിസം അയര്‍ലണ്ട് ലക്ഷ്യമിടുന്നത്.അയര്‍ലണ്ടിന്റെ ആകെ ജനസംഖ്യയുടെ ഒന്നര ഇരട്ടിയോളം പേര്‍ ഇവിടെ ടൂറിസ്റ്റുകളായി എത്തുമെന്ന് ചുരുക്കം 

പുതിയ കണക്കുകള്‍ പ്രകാരം ബ്രിട്ടീഷ് സന്ദര്‍ശകരില്‍ നിന്നുള്ള വരുമാനം 3.5 ശതമാനം വര്‍ധിച്ചു. നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശകരില്‍ നിന്നുള്ള വരുമാനം 14.1 ശതമാനവും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരില്‍ നിന്നുള്ള വരുമാനം 22.8 ശതമാനവും വര്‍ധിച്ചു.

Scroll To Top