Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് ലഭിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് ലഭിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ലോണിന് അപേക്ഷിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് ലഭിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസത്തെ കണക്കുകളാണ് പുറത്ത് വന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 4,500 മോര്‍ട്ട്‌ഗേജ് അപേക്ഷകര്‍ക്ക് തുക അനുവദിച്ചു കിട്ടി. 2013 ലെ ആദ്യ പാദത്തിലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 51 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. ഐറിഷ് ബാങ്കിംഗ് ഫെഡറേഷന്‍ (ഐബിഎഫ്) ആണ് ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. 

മാര്‍ച്ചില്‍ മാത്രം 1,564 മോര്‍ട്ട്‌ഗേജ് അപേക്ഷകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ചു 530 അപേക്ഷകള്‍ കൂടുതലാണിത്. അതേസമയം മോര്‍ട്ട്‌ഗേജ് അപേക്ഷകളില്‍ അംഗീകാരം ലഭിച്ച എല്ലാവരും തുക കൈപ്പറ്റണമെന്നില്ലെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. ഒരു വിഭാഗം അപേക്ഷകര്‍ തുക മതിയാകാതെ വരുന്നതിനാല്‍ ലഭിച്ച മോര്‍ട്ട്‌ഗേജ് വാങ്ങാതിരിക്കുകയോ മറ്റൊരു വിഭാഗം മോര്‍ട്ട്‌ഗേജ് മൊത്തത്തില്‍ വേണ്ടാന്ന് വയ്ക്കുകയോ ചെയ്‌തേക്കാം. 

ഈ വര്‍ഷം ഇതുവരെ അനുവദിച്ച് മോര്‍ട്ട്‌ഗേജ് തുക 166,880 യൂറോ അഥവാ 3.4 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ 261 മില്യന്‍ യൂറോ മോര്‍ട്ട്‌ഗേജ് അനുവദിച്ചു. ഇതില്‍ 95 ശതമാനവും വീട് വാങ്ങുന്നതിനുള്ള അപേക്ഷയാണ്. വീടുകള്‍ക്ക് വേണ്ടിയുള്ള ബാങ്ക് ലോണുകള്‍ അനുവദിക്കുന്നതിന്റെ നിരക്ക് കുറഞ്ഞതായി ഈ ആഴ്ച ആദ്യം റേറ്റിംഗ് ഏജന്‍സി ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മോര്‍ട്ട്‌ഗേജ് അനുമതികള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. മോര്‍ട്ട്‌ഗേജ് വിപണി സജീവമാകുന്നതിന്റെ സൂചനയാണ് മോര്‍ട്ട്‌ഗേജ് അപേക്ഷകളിലെ വര്‍ദ്ധനയും കൂടിയ അംഗീകാര നിരക്കുമെന്ന് ഐബിഎഫ് പ്രതിനിധി നോയേല്‍ ബ്രെറ്റ് പറഞ്ഞു. 

ഇതിനിടെ അയര്‍ലണ്ടിലെ പ്രോപ്പര്‍ട്ടി വില മാര്‍ച്ചില്‍ വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില കുറയുന്നത്. 0.7 ശതമാനമാണ് വില കുറഞ്ഞത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് വിലയുമായി താരതമ്യം ചെയ്താല്‍ ഇത് 7.8 ശതമാനം വിലക്കൂടുതലാണ്. ഡബ്ലിനില്‍ വില മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തലസ്ഥാന നഗരിയില്‍ 14.3 ശതമാനം വിലക്കൂടുതലാണ്.

Scroll To Top