Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ മിനിമം വേതനം കുറയ്ക്കണമെന്ന് ഭരണകക്ഷിയുടെ യുവജന വിഭാഗം

അയര്‍ലണ്ടില്‍ മിനിമം വേതനം കുറയ്ക്കണമെന്ന് ഭരണകക്ഷിയുടെ യുവജന വിഭാഗം

ഡബ്ലിന്‍: സാധാരണ എല്ലായിടത്തും മിനിമം വേതനം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. എന്നാല്‍ അയര്‍ലണ്ടില്‍ മിനിമം വേതനം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ ഫിനഗേല്‍ പാര്‍ട്ടിയുടെ യുവജന വിഭാഗം രംഗത്ത്. മണിക്കൂര്‍ വേതനത്തില്‍ 2 യൂറോ കുറയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. 

നിലവില്‍ 8.65 യൂറോയാണ് അയര്‍ലണ്ടില്‍ മിനിമം വേതനം. പാര്‍ട്ടിയുടെ യുവജനവിഭാഗമായ യൂത്ത് ഫിനഗേല്‍ (വൈഎഫ്ജി)യുടെ യൂത്ത് എംപ്ലോയ്‌മെന്റ് പോളിസിയിലാണ് മിനിമം വേതനം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മിനിമം വേതനം കുറയ്ക്കുമ്പോള്‍ തന്നെ ജീവനക്കാര്‍ക്ക് ടാക്‌സ് ക്രെഡിറ്റ് നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ട. ഇപ്രകാരം ചെയ്താല്‍ മിനിമം വേതനത്തിലെ കുറവ് തൊഴിലാളികളെ ബാധിക്കില്ലെന്ന് സംഘടന പറയുന്നു. 

ഇപ്പോള്‍ പരിചയസമ്പന്നരായ ജീവനക്കാര്‍ക്ക് മണിക്കൂറിന് 8.65 യൂറോയാണ് മിനിമം കൂലി. എക്‌സ്പീരിയന്‍സ് കുറഞ്ഞവര്‍ക്കും ആദ്യമായി ജോലി ചെയ്യുന്നവര്‍ക്കും 7.79 യൂറോയാണ് മണിക്കൂര്‍ പ്രതിഫലം. പതിനെട്ട് വയസ് പൂര്‍ത്തിയാക്കിയവരും ആദ്യമായി ജോലി ചെയുന്നവരുമായ ചെറുപ്പക്കാര്‍ക്ക് 6.92 യൂറോ പ്രതിഫലം ലഭിക്കും. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് 6.06 യൂറോയാണ് മിനിമം കൂലി . 

എല്ലാ വിഭാഗം ജീവനക്കാരുടെയും പ്രതിഫലം വെട്ടിച്ചുരുക്കണമെന്നാണ് സംഘടനയുടെ ആവശ്യം. യൂറോപ്യന്‍ രാജ്യങ്ങളില്‍ സാമാന്യം ഉയര്‍ന്ന മിനിമം വേതനമാണ് അയര്‍ലണ്ടില്‍ ലഭിക്കുന്നത്. ഇത് തൊഴിലില്ലായ്മക്ക് കാരണമാകുമെന്ന് സംഘടന വക്താക്കള്‍ പറഞ്ഞു. ഉയര്‍ന്ന മിനിമം വേതനം കാരണമാണ് കൂടുതല്‍ വ്യവസായ സംരംഭകര്‍ അയര്‍ലണ്ടില്‍ സ്ഥാപനങ്ങള്‍ തുടങ്ങാത്തതെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു. 

ഈ വര്‍ഷം അയര്‍ലണ്ടിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 26 ശതമാനമാണ്. മൊത്തം തൊഴിലില്ലായ്മ നിരക്ക് 12 ശതമാനവുമാണ്. മിനിമം വേതനം ഇന്നത്തെ നിരക്കില്‍ നിന്ന് ഇനിയും വര്‍ദ്ധിച്ചാല്‍ അത് വന്‍ തോതില്‍ തൊഴില്‍ നഷ്ടം സൃഷ്ടിക്കുമെന്ന് ഫിനാഗേല്‍ പാര്‍ട്ടിയുടെ യുവജന നേതൃത്വം ആശങ്കപ്പെടുന്നു.

അതെ സമയം ഭരണ കക്ഷിയിലെ സഖ്യകക്ഷിയായ ലേബര്‍ പാര്‍ട്ടി മിനിമം വേജ് വര്‍ദ്ധിപ്പിക്കുമെന്ന് അവരുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയവരാണ്.മിനിമം കൂലിയ്ക്ക് പകരം ലീവിംഗ് വേജാണ് ഉത്തമം എന്ന അഭിപ്രായമാണ് ലേബര്‍ പാര്‍ട്ടിയുടെ പ്രസിഡണ്ട് ആയേക്കും എന്ന് കരുതപ്പെടുന്ന സാമൂഹ്യ ക്ഷേമമന്ത്രി കൂടിയായ ജോണ്‍ ബര്‍ട്ടനുള്ളത്.

Scroll To Top