Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ മിനിമം ചാര്‍ജ് കുറച്ച് ,ടാക്‌സി നിരക്ക് ഉയര്‍ത്തുന്നു,

അയര്‍ലണ്ടില്‍ മിനിമം ചാര്‍ജ് കുറച്ച് ,ടാക്‌സി നിരക്ക് ഉയര്‍ത്തുന്നു,

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ടാക്‌സി നിരക്ക് ഉയര്‍ത്തുന്നു. 4 ശതമാനം നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. 2008 ന് ശേഷം ഇത് ആദ്യമായാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. പ്രമുഖ യൂണിയനുകളെല്ലാം നിരക്ക് വര്‍ധനയ്ക്ക് അനുകൂലമാണ്.ഇത് സംബന്ധിച്ച് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ഡിസംബറില്‍ അവസാനിക്കും. അതിന് ശേഷം നിരക്ക് വര്‍ധന ഉണ്ടാകും. മിനിമം ചാര്‍ജ് 4.10 യൂറോയില്‍ നിന്ന് 3.60 യൂറോയായി കുറഞ്ഞേക്കും. എന്നാല്‍ കിലോമീറ്റര്‍ ചാര്‍ജ് 1.03 യൂറോയില്‍ നിന്ന് 1.10 യൂറോയായി കൂടും. 

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് പുതിയ നിരക്ക് വര്‍ധന. രാത്രി 8 മണി മുതല്‍ രാവിലെ 8 വരെയും ആനുപാതികമായ വര്‍ധന ഉണ്ടാകും. അടുത്ത വര്‍ഷമാകും പുതിയ നിരക്ക് നിലവില്‍ വരിക. നിരക്ക് വര്‍ധന സംബന്ധിച്ച് കൂടിയാലോചനകള്‍ നടക്കുന്നതായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സ്ഥിരീകരിച്ചു. കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയായാല്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ബോര്‍ഡ് യോഗം ചേര്‍ന്ന് നിരക്ക് വര്‍ധന തീരുമാനിക്കുമെന്ന് എന്‍ടിഎ വക്താവ് അറിയിച്ചു.

നിലവിലെ ഘടനയിലുള്ള നിരക്ക് 2006 ലാണ് നിലവില്‍ വന്നത്. അതിന് ശേഷം രണ്ടു വര്‍ഷം കൂടുമ്പോള്‍ നിരക്ക് പുനര്‍ നിര്‍ണ്ണയിച്ച് വരുന്നു. പുതിയ ഘടന നിലവില്‍ വന്നതിന് ശേഷം 2008 ല്‍ നിരക്ക് പുനര്‍ നിര്‍ണ്ണയിച്ചു. 2010 ലും 2012 ലും നിരക്ക് ഉയര്‍ത്താനുള്ള നീക്കം ടാക്‌സി ഡ്രൈവര്‍മാരുടെ യൂണിയന്‍ തള്ളിക്കളഞ്ഞു. ഇപ്പോള്‍ സമ്പദ്ഘടന മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധന ഏര്‍പ്പെടുത്തുന്നത് അനുയോജ്യമായിരിക്കുമെന്ന് നാഷണല്‍ ഐറിഷ് ടാക്‌സി അസോസിയേഷന്‍ വക്താവ് ജെറി ബ്രെണ്ണന്‍ പ്രതികരിച്ചു. 

Scroll To Top