Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ മണ്ണുമഴ; വാഹനങ്ങള്‍ തുടച്ചു മിനുക്കാന്‍ നോക്കേണ്ട, ഏതാനും ദിനങ്ങള്‍ കൂടി ഇത് തുടരും

അയര്‍ലണ്ടില്‍ മണ്ണുമഴ; വാഹനങ്ങള്‍ തുടച്ചു മിനുക്കാന്‍ നോക്കേണ്ട, ഏതാനും ദിനങ്ങള്‍ കൂടി ഇത് തുടരും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആകമാനം കൗതുകം സൃഷ്ടിച്ചുകൊണ്ട് കഴിഞ്ഞ രാത്രിയില്‍ മഴയ്‌ക്കൊപ്പം മണ്ണുവീഴ്ചയും. ചെറിയ കാറ്റും മഴയും അനുഭവപ്പെട്ട ഞായറാഴ്ച്ച പുലര്‍ന്നപ്പോള്‍ ചിലയിടങ്ങളില്‍ ഷെഡ്ഡില്‍ കിടന്നതും വഴിയില്‍ പാര്‍ക്ക് ചെയ്തതുമായ വാഹനങ്ങളില്‍ ബ്രൌണ്‍ നിറത്തില്‍ മണ്ണ് പൊടി കൊണ്ട് പൊതിഞ്ഞ പ്രതീതിയായിരുന്നു. തവിട്ട് നിറം കലര്‍ന്ന സഹാറാ മരുഭൂമിയില്‍ കാണപ്പെടുന്ന ഒരു തരം മണ്ണ് ബോണറ്റിലും വിന്‍ഡ് സ്‌ക്രീനിലുമെല്ലാം പരന്നു കിടക്കുന്ന നിലയിലാണ് പുലര്‍ച്ചെ പല വാഹന ഉടമകള്‍ക്കും ജീവന്‍ പോലെ കരുതുന്ന സ്വന്തം കാറുകള്‍ കാണാനായത്.മഴ കൂടി പെയ്തതോടെ മണ്ണ് കുഴഞ്ഞ അവസ്ഥയിലായി.തികച്ചും അപ്രതീക്ഷിത അനുഭവമായിരുന്നു ഇതെന്ന് മെറ്റ് എയ്‌റാന്‍ പറഞ്ഞു. എന്നാല്‍ ഇതു പെട്ടെന്ന് തുടച്ചു മാറ്റിയേക്കാം എന്ന് കരുതേണ്ടതില്ലെന്നും ഏതാനും ദിവസത്തേക്ക് കൂടി തുടരുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സഹാറാ മരുഭൂമിയില്‍ കാണപ്പെടുന്ന തരത്തിലുള്ള മണ്ണ് തന്നെയായിരുന്നു ഇതെന്ന് ഉറപ്പാക്കിയിട്ടുണ്ട്. വടക്കന്‍ ആഫ്രിക്കയിലുണ്ടായ അതിശക്തമായ കാറ്റായിരിക്കാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കൊടുങ്കാറ്റ് അയര്‍ലണ്ടിന്റെ വടക്കു കിഴക്ക് തീരങ്ങള്‍ ഉള്‍പ്പെടെയുള്ള യൂറോപ്പിന്റെ പല ഭാഗത്തേക്കും മരുഭൂമിയില്‍ നിന്നുള്ള മണ്ണിനെ കൂട്ടിക്കൊണ്ടു വന്നതാകാമെന്നാണ് വിലയിരുത്തല്‍. സാധാരണയല്ലാത്ത ഈ പ്രതിഭാസത്തിന് പുറമേ കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ വ്യാപകമായി ഉണ്ടായ മഴകൂടിയായപ്പോള്‍ അത് ചെളിയായി മാറി. അതേസമയം വരും ദിനങ്ങളില്‍ കാറിന് മുകളിലേക്ക് കൂടുതല്‍ മണ്ണ് ഇങ്ങനെ വീഴാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വരുന്ന ആഴ്ചകളില്‍ അയര്‍ലണ്ടിലെ കിഴക്കന്‍, വടക്കന്‍ ഭാഗങ്ങളില്‍ മഞ്ഞ്വീഴ്ച്ച അനുഭവപ്പെടുമെന്നും ആകാശം മേഘാവൃതമായിരിക്കുമെന്നും മെറ്റ് എയ്‌റാന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇടവിട്ടുള്ള ദിവസങ്ങളില്‍ മഞ്ഞും മഴയും സംഭവിച്ചേക്കാം. ഇടവിട്ട് മഴ പെയ്യുന്ന സ്ഥിതി ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കും. താപനില കൂടുതല്‍ താഴ്ന്ന നിലയിലായിരിക്കും. പ്രതീക്ഷിക്കപ്പെടുന്ന ഏറ്റവും കൂടിയ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ഇടയ്ക്ക് മേഘം തെളിഞ്ഞാലും കൂടുതലും മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

Scroll To Top