Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ പുതുക്കിയ ജല നിരക്ക് പ്രഖ്യാപിച്ചു,ആളെണ്ണം കൂടുന്നതിനനുസരിച്ച് ചാര്‍ജ് വര്‍ദ്ധിക്കും 

അയര്‍ലണ്ടില്‍ പുതുക്കിയ ജല നിരക്ക് പ്രഖ്യാപിച്ചു,ആളെണ്ണം കൂടുന്നതിനനുസരിച്ച് ചാര്‍ജ് വര്‍ദ്ധിക്കും 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതുക്കിയ ജല നിരക്ക് പ്രഖ്യാപിച്ചു. എനര്‍ജി റെഗുലേഷന്‍ കമ്മീഷനാണ് പുതിയ നിരക്കുകകളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ച കണ്‍സള്‍ട്ടേഷന്‍ ഡോക്യുമെന്റിലാണ് പുതുക്കിയ നിരക്കുകളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ ജല ഉപയോഗത്തിന് മാത്രമേ പണം ഈടാക്കൂ. കുട്ടികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഒരു മുതിര്‍ന്ന അംഗമുള്ള വീടിനു ശരാശരി 176 യൂറോ ചാര്‍ജാകും. ഈ ഒരംഗത്തെ കഴിഞ്ഞുള്ള 18 തികഞ്ഞ ഓരോ അംഗത്തിനും 102 യൂറോ അധിക ലെവി ഈടാക്കും. സിംഗിള്‍ സര്‍വീസ് മാത്രം ആവശ്യമുള്ള ഉപഭോക്താക്കളുടെ വാട്ടര്‍ ബില്‍ പകുതിയായി കുറയും. 

ഇത്ര പ്രകാരം  രണ്ടു കുട്ടികളും രണ്ടു മുതിര്‍ന്നവരും മാത്രമുള്ള വീട്ടില്‍ അടയ്‌ക്കേണ്ട വാര്‍ഷിക ജലനിരക്ക് 278 യൂറോ ആയിരിക്കും 

പ്രായപൂര്‍ത്തിയായ ഒരു ഉപഭോക്താവ് മാത്രമുള്ള വീട്ടില്‍ സിംഗിള്‍ സര്‍വീസിന് 88 യൂറോ ചാര്‍ജ് ഈടാക്കും. പ്രായപര്‍ത്തി ആയ ഒരു ഉപഭോക്താവിന് പൂര്‍ണ്ണ സേവനം ലഭിക്കാന്‍ 176 യൂറോ നിരക്ക് നല്‍കണം. പ്രായപൂര്‍ത്തിയായ രണ്ട് ഉപഭോക്താക്കളുള്ള വീട്ടില്‍ സിംഗിള്‍ സര്‍വീസിന് 139 യൂറോയും പൂര്‍ണ്ണ സേവനത്തിനു 278 യൂറോയും നല്‍കണം. മുതിര്‍ന്ന അഞ്ച് അംഗങ്ങളുള്ള ഒരു വീട്ടില്‍ സിംഗിള്‍ സര്‍വീസിന് 292 യൂറോയും പൂര്‍ണ്ണസേവനത്തിനു 584 യൂറോയും ചാര്‍ജ് നല്‍കണം. അടുത്ത വര്‍ഷം മാര്‍ച്ച് വരെ മേല്‍പ്പറഞ്ഞ നിരക്കില്‍ ചാര്‍ജ് ഈടാക്കും. അത് കഴിഞ്ഞാല്‍ വാട്ടര്‍ മീറ്ററിലെ റീഡിംഗ് അടിസ്ഥാനമാക്കി നിരക്ക് നിശ്ചയിക്കും. 

വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ ഒരു സിംഗിള്‍ സര്‍വീസ് ഉപഭോക്താവിന് 1000 ലിറ്ററിന് 2.44 യൂറോയും പൂര്‍ണ്ണ സേവനം ഉപയോഗിക്കുന്നവര്‍ക്ക് 1000 ലിറ്ററിന് 4.88 യൂറോ നിരക്കിലും ചാര്‍ജ് ഈടാക്കും. നിലവില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ച ഉപഭോക്താക്കള്‍ക്ക് ആറ് മാസത്തേക്ക് മേല്‍പ്പറഞ്ഞ നിരക്കില്‍ തന്നെയാകും ചാര്‍ജ് ഈടാക്കുക. ജലവിതരണം തടസപ്പെടുന്ന ദിവസങ്ങള്‍ക്ക് ബില്ലില്‍ 50 ശതമാനം ഇളവ് ചെയ്യും. മൂന്ന് മാസത്തേക്ക് ജലവിതരണം തടസപ്പെട്ടാല്‍ നിരക്ക് ഈടാക്കില്ല. ഹോളിഡേ ഹോം ഉടമകള്‍ക്ക് മിനിമം ചാര്‍ജ് ഉണ്ടാകും. എന്നാല്‍ അത് എത്രയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Scroll To Top