Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ നേഴ്‌സുമാര്‍ ഉള്‍പ്പെടെ ഒരുലക്ഷത്തോളം  ജീവനക്കാരുടെ ശമ്പളവും മുന്‍ ജീവനക്കാരുടെ പെന്‍ഷനും മുടങ്ങി 

അയര്‍ലണ്ടില്‍ നേഴ്‌സുമാര്‍ ഉള്‍പ്പെടെ ഒരുലക്ഷത്തോളം  ജീവനക്കാരുടെ ശമ്പളവും മുന്‍ ജീവനക്കാരുടെ പെന്‍ഷനും മുടങ്ങി 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഒരു ലക്ഷത്തോളം പൊതുമേഖല ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഗാര്‍ഡ, നഴ്‌സ്മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയത്. അധ്യാപകരുടെയുംപൊതുമേഖലയിലെ മറ്റ് ജീവനക്കാരുടെയും ശമ്പളം മുടങ്ങി. ബാങ്ക് ഓഫ് അയര്‍ലണ്ടിലെ സാങ്കേതിക തകരാറ് മൂലമാണ് ശമ്പളം മുടങ്ങിയത് എന്നാണു പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം തുടങ്ങി. എന്താണ് തകരാറ് സംഭവിച്ചതെന്നു പരിശോധിച്ച് വരികയാണെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് വക്താവ് പറഞ്ഞു. ഫിനാന്‍ഷ്യല്‍ ഷെയേര്‍ഡ് സര്‍വീസ് മുഖേനയാണ് പൊതുമേഖല ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നത്. 

ഷെയേര്‍ഡ് സര്‍വീസ്, ബാങ്ക് ഓഫ് അയര്‍ലണ്ട് മുഖേന ശമ്പളം ജീവനക്കാരില്‍ എത്തിക്കും. സാങ്കേതിക തകരാറ് പരിഹരിച്ച് ഇന്ന് രാവിലെയോടെ ബാങ്ക് അക്കൌണ്ടുകളില്‍ പണം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് വക്താവ് പറഞ്ഞു. ജീവനക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ബാങ്ക് ഓഫ് അയര്‍ലണ്ട് വ്യക്തമാക്കി. ഇന്നലെയായിരുന്നു പൊതുമേഖല ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യേണ്ടിയിരുന്നത് . ശമ്പളം മുടങ്ങിയതോടെ ആര്‍ടിഇ റേഡിയോയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ആയിരക്കണക്കിന് ജീവനക്കാരാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. 

അതിനിടെ ഇന്നലെ വിതരണം ചെയ്യേണ്ടിയിരുന്ന പെന്‍ഷന്‍ മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. 30,515 മുന്‍ ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് അയര്‍ലണ്ടിലെ തകരാറ് തന്നെയാണ് പെന്‍ഷണര്‍മാര്‍ക്കും തിരിച്ചടിയായത്. പെന്‍ഷന്‍ വിതരണത്തിലെ സാങ്കേതിക തടസം നീക്കി. ഇന്ന് വൈകുന്നേരത്തോടെ പെന്‍ഷണര്‍മാരുടെ ബാങ്ക് അക്കൌണ്ടുകളില്‍ പണം എത്തി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top