Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ ടാക്‌സി നിരക്ക് കൂടും; 15% വരെ വര്‍ദ്ധന ആവശ്യപ്പെട്ട് യൂണിയനുകള്‍

അയര്‍ലണ്ടില്‍ ടാക്‌സി നിരക്ക് കൂടും; 15% വരെ വര്‍ദ്ധന ആവശ്യപ്പെട്ട് യൂണിയനുകള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ടാക്‌സി നിരക്ക് കൂടും. ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയനാണ് നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചത്. 10 മുതല്‍ 15 ശതമാനം വരെ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. ഡ്രൈവര്‍മാരുടെ ആവശ്യം പരിഗണിച്ച് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിരക്ക് വര്‍ദ്ധന പരിഗണിച്ച് വരികയാണ്. അടുത്ത മാസം പുറത്തിറങ്ങുന്ന കണ്‍സള്‍ട്ടേഷന് ശേഷമേ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരൂ. കണ്‍സള്‍ട്ടേഷനിലൂടെ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടും. 

ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ദ്ധന താങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് നാഷണല്‍ പ്രൈവറ്റ് ഹയര്‍ ആന്‍ഡ് ടാക്‌സി അസോസിയേഷന്‍ വക്താവ് ക്രിസ്റ്റി പറഞ്ഞു. 10 ശതമാനം വര്‍ദ്ധനയാണ് നിലവില്‍ വരുന്നതെങ്കില്‍ ടാക്‌സി മിനിമം ചാര്‍ജ് 4.10 യൂറോയില്‍ നിന്ന് 4.51 യൂറോയാകും. മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 1.13 യൂറോ അധിക നിരക്ക് നല്‍കണം. നിലവില്‍ ഇത് 1.03 യൂറോയാണ്. 10 മുതല്‍ 15 ശതമാനം വരെയാണ് ടാക്‌സി ഡ്രൈവര്‍മാര്‍ നിരക്ക് വര്‍ദ്ധന ആവശ്യപ്പെടുന്നത്. ഏറ്റവും അവസാനമായി 2008 ലാണ് ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. അന്ന് 8.3 ശതമാനമാണ് നിരക്ക് കൂട്ടിയത്. 

ഇതിനിടയില്‍ നിരവധി തവണ ഇന്ധന നിരക്കും മറ്റ് ചെലവുകളും വര്‍ദ്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ നിരക്ക് വര്‍ദ്ധന ആവശ്യപ്പെടുന്നത്. 2008 ന് ശേഷം ബസ് നിരക്കും ട്രെയിന്‍ നിരക്കും വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ടാക്‌സി നിരക്കില്‍ വര്‍ദ്ധന ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് ഡ്രൈവര്‍മാരുടെ യൂണിയന്‍ നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടത്. യൂണിയന്റെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 50 മുതല്‍ 60 യൂറോ വരെ ആഴ്ചയില്‍ അധിക വരുമാനം ലഭിക്കും. 

Scroll To Top