Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ ജോലിയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നത് 2600 ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍,ഐറിഷ് മെഡിക്കല്‍ കൌണ്‍സിലിന് ഇന്ത്യയോട് ചിറ്റമ്മ നയമെന്ന് വിമര്‍ശനം

അയര്‍ലണ്ടില്‍ ജോലിയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നത് 2600 ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍,ഐറിഷ് മെഡിക്കല്‍ കൌണ്‍സിലിന് ഇന്ത്യയോട് ചിറ്റമ്മ നയമെന്ന് വിമര്‍ശനം

ഡബ്ലിന്‍: ഐറിഷ് മെഡിക്കല്‍ കൌണ്‍സിലിന് ഇന്ത്യന്‍ ഡോക്ടര്‍മാരോട് ചിറ്റമ്മ നയമെന്ന് വിമര്‍ശനം. ഇന്ത്യയില്‍ ഇന്റെന്‍ഷിപ്പ് ചെയ്ത ഡോക്ടര്‍മാരെ അയര്‍ലണ്ടില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് വിമര്‍ശനം. ഐറിഷ് മെഡിക്കല്‍ കൌണ്‍സില്‍ ചട്ടങ്ങള്‍ ഈയിടെ പരിഷ്‌ക്കരിച്ചിരുന്നു. പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം ഇന്ത്യയിലെ ഇന്റെന്‍ഷിപ്പ് അംഗീകരിക്കാനാകില്ലെന്നാണ് ഐറിഷ് മെഡിക്കല്‍ കൌണ്‍സിലിന്റെ നിലപാട്. നിലവില്‍ ഒഴിവുകളുള്ള പോസ്റ്റുകളിലേയ്ക്ക് എച്ച് എസ് ഇ അപേക്ഷ ക്ഷണിച്ചപ്പോള്‍ കഴിഞ്ഞ മാസം മാത്രം ഇന്ത്യയില്‍ നിന്നും ,പാക്കിസ്ഥാനില്‍ നിന്നുമായി 3400 ഡോക്റ്റര്‍മാരാണ് അപേക്ഷിച്ചിട്ടുള്ളത്.ഇവരില്‍ 80% പേരും ഇന്ത്യയില്‍ നിന്നാണ്.ഇവര്‍ക്കായി തിരുവനന്തപുരം ഉള്‍പ്പെടയുള്ള കേന്ദ്രങ്ങളില്‍ കൂടി സ്‌കൈപ് വഴി ഇന്റര്‍വ്യൂ നടത്താനുള്ള ഒരുക്കങ്ങള്‍ എച്ച് എസ് ഇ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ,മെഡിക്കല്‍ കൌണ്‍സിലിന്റെ നിലപാട് ഡോക്റ്റര്‍മാരെ നിരുത്സഹപ്പെടുത്തുമെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്.

അതുകൊണ്ട് ആരോഗ്യ വകുപ്പ് നേരിട്ട് തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഡോക്റ്റര്‍ മാരെ പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചാല്‍ വന്‍ തോതില്‍ ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ അയര്‍ലണ്ടിലേയ്ക്ക് പ്രവഹിക്കും എന്നാണു മെഡിക്കല്‍ കൌണ്‍സിലിന്റെ നിലപാട്  എന്നാല്‍ സുഡാനില്‍ നിന്ന് ഇന്റെന്‍ഷിപ്പ് കഴിഞ്ഞു വരുന്ന ഡോക്ടര്‍മാരെ പോലും അയര്‍ലണ്ടില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുന്നുമുണ്ട്. സുഡാനിലെ അതെ നിലവാരത്തിലുള്ള പരിശീലനമാണ് ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. എന്നിട്ടും ഇന്ത്യയില്‍ നിന്ന് ഇന്റെന്‍ഷിപ്പ് കഴിഞ്ഞു വരുന്നവരോട് മാത്രം അവഗണന മനോഭാവമാണ് ഐറിഷ് മെഡിക്കല്‍ കൌണ്‍സില്‍ സ്വീകരിക്കുന്നത്. നേരത്തെ സുഡാനില്‍ നിന്ന് പരിശീലനം കഴിഞ്ഞു വരുന്ന ഡോക്ടര്‍മാരെയും ഐഎംസി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം സുഡാനികള്‍ക്ക് അയര്‍ലണ്ടില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കിയപ്പോഴും ഇന്ത്യക്കാരെ അവഗണിച്ചു.

എന്നാല്‍ ഇന്ത്യന്‍ ഇന്റെന്‍ഷിപ്പ് അംഗീകരിക്കാത്തതിനു ഐറിഷ് മെഡിക്കല്‍ കൌണ്‍സില്‍ പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. ഐറിഷ് മെഡിക്കല്‍ കൌണ്‍സിലിന്റെ ഈ നിലപാട് മൂലം അയര്‍ലണ്ടിലെ ബിരുദാനന്തര ബിരുദ യോഗ്യത ഉണ്ടായിട്ടും പല ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കും ഉന്നത പഠനത്തിനോ അയര്‍ലണ്ടില്‍ പ്രാക്ടീസ് ചെയ്യാനോ കഴിയുന്നില്ല. ഐറിഷ് മെഡിക്കല്‍ കൌണ്‍സിലിനു സമാനമായ ബ്രിട്ടനിലെയും അമേരിക്കയിലെയും സമിതികള്‍ ഇന്ത്യന്‍ ഇന്റെന്‍ഷിപ്പിന് അംഗീകാരം നല്‍കുന്നുണ്ട്. എന്നാല്‍ അമേരിക്കയും ബ്രിട്ടനും പോലും അംഗീകരിച്ച ഇന്ത്യന്‍ ഇന്റെന്‍ഷിപ്പ് തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന നിലപാടിലാണ് അയര്‍ലണ്ട്.

ഐറിഷ് മെഡിക്കല്‍ കൌണ്‍സില്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ അയര്‍ലണ്ടിലേക്ക് വരാന്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ വിമുഖത കാട്ടുമെന്ന് നിലവില്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി

Scroll To Top